യൂറോ യോഗ്യത അവസാന അങ്കം; റോണോ കളത്തിലിറങ്ങുമോ?
Football
യൂറോ യോഗ്യത അവസാന അങ്കം; റോണോ കളത്തിലിറങ്ങുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 19th November 2023, 10:45 am

2026 യൂറോ യോഗ്യത മത്സരത്തില്‍ നവംബര്‍ 19ന് പോര്‍ച്ചുഗല്‍ ഐസ്ലാന്‍ഡിനെ നേരിടും. മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറങ്ങുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

കഴിഞ്ഞ മത്സരത്തില്‍ 2-0ത്തിന്റെ തകര്‍പ്പന്‍ ജയം പോര്‍ച്ചുഗല്‍ സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ റൊണാള്‍ഡോ ഒരു ഗോള്‍ നേടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

യൂറോ യോഗ്യത മത്സരങ്ങളില്‍ മിന്നും ഫോമിലാണ് റൊണാള്‍ഡോ കളിക്കുന്നത്. യോഗ്യത മത്സരങ്ങളില്‍ എട്ട് കളികളില്‍ നിന്നും പത്ത് ഗോളുകള്‍ നേടിക്കൊണ്ട് മിന്നും ഫോമിലാണ് ഈ 38കാരന്‍ കളിക്കുന്നത്. യൂറോ യോഗ്യത മത്സരങ്ങളുടെ ഗോള്‍ വേട്ടക്കാരില്‍ മുന്നിലാണ് റൊണാള്‍ഡോ.

ഈ കലണ്ടര്‍ വര്‍ഷത്തില്‍ 50 മത്സരങ്ങളില്‍ നിന്നും 46 ഗോളുകളും 12 അസിസ്റ്റുകളുമാണ് റൊണാള്‍ഡോയുടെ പേരിലുള്ളത്. പോര്‍ച്ചുഗലിനായി തുടര്‍ച്ചയായ ആറാം വര്‍ഷവും 10+ ഗോള്‍ നേടിയെന്ന നേട്ടത്തില്‍ എത്താനും റൊണാള്‍ഡോക്ക് സാധിച്ചിരുന്നു.

നേരത്തെ തന്നെ 2024ല്‍ ജര്‍മനിയില്‍ വെച്ച് നടക്കുന്ന യൂറോ കപ്പിന് പോര്‍ച്ചുഗല്‍ യോഗ്യത നേടിയിരുന്നു. അതുകൊണ്ടുതന്നെ ബാക്കിയുള്ള മത്സരങ്ങള്‍ വിജയിച്ചുകൊണ്ട് സമ്പൂര്‍ണ്ണ ആധിപത്യവുമായി യൂറോപ്പിലേക്ക് വരവറിയിക്കാനായിരിക്കും റോണോയും കൂട്ടരും ശ്രമിക്കുക.

റോബര്‍ട്ടോ മാര്‍ട്ടിനസിന് റൊണാള്‍ഡോക്ക് പുറമെ ഒരുപാട് യുവതാരങ്ങള്‍ മുന്നേറ്റനിരയില്‍ ഉണ്ട്. റിക്കാര്‍ഡോ ഹോര്‍ട്ട, ഡിഗോ ജോട്ട എന്നീ താരങ്ങളും മികച്ച ഫോമിലാണ്.

ഐസ്ലാന്‍ഡിനെതിരെ അവസാനമായി പോര്‍ച്ചുഗല്‍ കളിച്ചപ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു പോര്‍ച്ചുഗല്‍ വിജയിച്ചത്. മത്സരത്തില്‍ റൊണാള്‍ഡോയായിരുന്നു വിജയഗോള്‍ നേടിയത്. സൂപ്പര്‍താരത്തിന്റെയും മിന്നും ഫോം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

യൂറോ യോഗ്യത മത്സരങ്ങളില്‍ ഗ്രൂപ്പ് ജെയില്‍ ഒമ്പത് വിജയവുമായി 27 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് പോര്‍ച്ചുഗല്‍. അതേസമയം ഒമ്പത് മത്സരങ്ങളില്‍ നിന്നും പത്ത് പോയിന്റുമായി നാലാം സ്ഥാനത്താണ് ഐസ്ലാന്‍ഡ്.

Content Highlight: Cristaino ronaldo will play against iceland euro qualifiers.