സിദാന് പോലും സാധ്യമാവാത്തത് ജൂഡിന് കഴിഞ്ഞു; തുറന്ന് പറഞ്ഞ് മുന്‍ റയല്‍ താരം
Football
സിദാന് പോലും സാധ്യമാവാത്തത് ജൂഡിന് കഴിഞ്ഞു; തുറന്ന് പറഞ്ഞ് മുന്‍ റയല്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 19th November 2023, 8:53 am

റയല്‍ മാഡ്രിഡിനായി ഇംഗ്ലണ്ട് സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാം മിന്നും ഫോമിലാണ് കളിക്കുന്നത്. ഈ സാഹചര്യത്തില്‍ ജൂഡിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ റയല്‍ മാഡ്രിഡ് താരമായ എയ്റ്റര്‍ കരങ്ക.

ദി മിററിന്റെ ജോണ്‍ ക്രോസുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിദാനോ ഫിഗോയോ ജൂഡ് ബെല്ലിങ്ഹാമിനെ പോലെ ഇത്ര വേഗത്തില്‍ സ്പാനിഷ് ഫുട്‌ബോളുമായി പൊരുത്തപ്പെട്ടിട്ടില്ലെന്നാണ് എയ്റ്റര്‍ കരങ്ക പറഞ്ഞത്.

‘എനിക്ക് ജൂഡ് ബെല്ലിങ്ഹാമിന്റെ കഴിവിനെകുറിച്ച് ഒരു അത്ഭുതവും ഉണ്ടായിരുന്നില്ല. എന്നാല്‍ അവന്‍ എത്ര പെട്ടെന്നാണ് സ്പാനിഷ് ഫുട്‌ബോളുമായി പൊരുത്തപ്പെട്ടത് എന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്. ഞാന്‍ സിദാനൊപ്പവും ഫിഗോയോടൊപ്പവും കളിച്ചിട്ടുണ്ട്. അവര്‍ക്ക് പോലും സ്പാനിഷ് ലീഗുമായി പരിചിതമാവാന്‍ സമയമെടുത്തു. സിദാന്‍ ഇവിടെ എത്തിയപ്പോള്‍ ആദ്യ ഒന്ന് രണ്ട് മാസം അവന്‍ യുവന്റസില്‍ കളിച്ചിരുന്ന പോലെ മികച്ച പ്രകടനം പുറത്തെടുത്തിരുന്നില്ല. എന്നാല്‍ ജൂഡിന്റെ കളി കാണുമ്പോള്‍ അവന്‍ ഇവിടെ പത്ത് വര്‍ഷമായി കളിക്കുന്ന പോലെ തോന്നുന്നു,’ എയ്റ്റര്‍ കരങ്ക പറഞ്ഞു.

ജൂഡ് ഇംഗ്ലീഷ് പ്രീമിയര്‍ മറ്റ് ക്ലബ്ബുകളിലേക്ക് പോകാതെ റയല്‍ മാഡ്രിനെ തന്നെ തെഞ്ഞെടുത്തതിനെ കരങ്ക അഭിനന്ദിക്കുകയും ചെയ്തു.

ജൂഡ് ബെല്ലിങ്ഹാമിന് മറ്റു പ്രീമിയര്‍ ലീഗിലെ ക്ലബ്ബുകളിലേക്ക് പോകാമായിരുന്നു. എന്നാല്‍ അദ്ദേഹം റയല്‍ മാഡ്രിഡ് തെരഞ്ഞെടുത്തു. ബൊറൂസിയ ഡോര്‍ട്മുണ്ട് ജൂഡിന് ഏറ്റവും മികച്ച അവസരങ്ങള്‍ നല്‍കിയ ടീമായിരുന്നു. അതുപോലെയാവും റയല്‍ മാഡ്രിഡ് നിന്നും അദ്ദേഹം കരുതുന്നു,’ ഏയ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

ഈ സീസണില്‍ ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നാണ് ജൂഡ് ബെല്ലിങ്ഹാം സാന്റിയാഗോ ബെര്‍ണബ്യുവില്‍ എത്തുന്നത്. ഈ സീസണില്‍ റയല്‍ മാഡ്രിഡിനായി 14 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ ജൂഡ് 13 ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തം പേരില്‍ ആക്കിയിട്ടുണ്ട്.

അടുത്തിടെ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോഡ് നേട്ടവും ഈ ഇംഗ്ലണ്ടുകാരന്‍ മറികടന്നിരുന്നു. റയല്‍ മാഡ്രിനായി ആദ്യ പത്ത് മത്സരങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം എന്ന റൊണാള്‍ഡോയുടെ നേട്ടമായിരുന്നു ജൂഡ് മറികടന്നത്.

Content Highlight: Aitor Karanka praises Jude Bellingham performance in Real Madrid.