ഇസ്രഈലിന്റെ ആണവ നിലയങ്ങള്‍ ശുദ്ധീകരിക്കേണ്ട സമയമായി: തുര്‍ക്കി
World News
ഇസ്രഈലിന്റെ ആണവ നിലയങ്ങള്‍ ശുദ്ധീകരിക്കേണ്ട സമയമായി: തുര്‍ക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th November 2023, 9:22 am

അങ്കാറ: ഇസ്രഈലിന്റെ കൈവശം അണുവായുധങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ അന്താരാഷ്ട്ര ഇന്‍സ്‌പെക്ടര്‍മാരോട് ആവശ്യപ്പെട്ട് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍. 1968 ലെ ആണവായുധ നിര്‍വ്യാപന കരാറില്‍ കക്ഷിയല്ലാത്ത ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇസ്രഈല്‍ എന്നും അദ്ദേഹം പറഞ്ഞു.

ജൂത രാഷ്ട്രത്തിന് ആണവായുധമുണ്ടോ എന്ന് അന്വേഷിക്കാന്‍ തുര്‍ക്കി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയോട് ആവശ്യപ്പെടുമെന്ന് എര്‍ദോഗന്‍ പറഞ്ഞു.

‘മേഖലയിലെ തന്ത്രപരമായ താല്പര്യങ്ങള്‍ സന്തുലിതമാക്കുന്നതിനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകേണ്ടത് പ്രധാനമാണ്. ഇസ്രഈലിനും മുകളിലുള്ള സമ്മര്‍ദം ഞങ്ങള്‍ തുടരും . അധികം വൈകുന്നതിന് മുമ്പ് ഇസ്രഈലിന്റെ ആണവായുധങ്ങള്‍ പരിശോധിക്കേണ്ടത് അനിവാര്യമാണ്. ഇസ്രഈലിനെ ഈ നിലയില്‍ തുടരാന്‍ അനുവദിക്കരുതെന്ന് ഞങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്നു,’ എര്‍ദോഗന്‍ പറഞ്ഞു.

ഇസ്രഈല്‍ ഒരു രഹസ്യ ആണവായുധ പദ്ധതി നിലനിര്‍ത്തുന്നുണ്ടെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നുണ്ട്. എന്നാല്‍ ഇസ്രഈല്‍ ഇത് അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ല. ഈ മാസം ഇസ്രഈല്‍ പൈതൃക മന്ത്രി അമിഹായ് എലിയാഹു ഗസ മുനമ്പില്‍ അണുബോംബ് വര്‍ഷിക്കാനുള്ള ആശയങ്ങള്‍ അവതരിപ്പിച്ചതിനെതിരെ ലോകമെമ്പാടും പ്രതിഷേധങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രി ഞ്ചഞ്ചമിന്‍ നെതന്യാഹു അദ്ദേഹത്തെ മന്ത്രിസഭാ യോഗങ്ങളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

ഇസ്രഈലിനെ ഭീകര രാഷ്ട്രം എന്ന് വിശേഷിപ്പിച്ച എര്‍ദോഗന്‍, ഇസ്രഈല്‍ സൈന്യം ഫലസ്തീനികള്‍ക്കെതിരെ യുദ്ധക്കുറ്റങ്ങള്‍ ചെയ്തതായി കുറ്റപ്പെടുത്തി. എന്നാല്‍ ഹമാസിന്റെ ഭീകരതയെ തുര്‍ക്കി പ്രസിഡന്റ് പിന്തുണയ്ക്കുന്നു എന്നാണ് നെതന്യാഹു ഇതിനോട് പ്രതികരിച്ചത്.

ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രഈല്‍ ഹമാസ് സംഘര്‍ഷത്തില്‍ ഇതുവരെ 12,000ലധികം ഫലസ്തീനികളും 1200 ഓളം ഇസ്രഈലികളും കൊല്ലപ്പെട്ടു. സംഘത്തിന്റെ ഭാഗമായി ഇസ്രഈല്‍ സൈന്യം ഗസ ഉപരോധിക്കുകയും കര, വ്യോമ ആക്രമണം ആരംഭിക്കുകയും ചെയ്തിരുന്നു.

Content highlight : Time to come clean on Israel’s nuclear status – Turkey