300ന്റെ നിറവില്‍ എംബാപ്പെ; ഫ്രഞ്ച് പടക്ക് ചരിത്രവിജയം
Football
300ന്റെ നിറവില്‍ എംബാപ്പെ; ഫ്രഞ്ച് പടക്ക് ചരിത്രവിജയം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 19th November 2023, 10:22 am

ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ഫുട്‌ബോള്‍ കരിയറില്‍ 300 ഗോളുകള്‍ എന്ന പുതിയ നേട്ടത്തിലെത്തി. 2024 യൂറോ യോഗ്യത മത്സരത്തില്‍ ജിബ്രാള്‍ട്ടറിനെതിരായ മത്സരത്തില്‍ നേടിയ തകര്‍പ്പന്‍ ഹാട്രികിന് പിന്നാലെയായിരുന്നു എംബാപ്പെ പുതിയ നേട്ടത്തിലേക്ക് കാലെടുത്തുവെച്ചത്.

ഫ്രാന്‍സ് ദേശീയ ടീമിനായി 46 ഗോളുകളാണ് എംബാപ്പെ സ്വന്തമാക്കിയത്. ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്താനും എംബാപ്പെക്ക് സാധിച്ചു.

മത്സരത്തില്‍ മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റുകളും എംബാപ്പെ നേടിയത്. 30′, 74′, 82′ എന്നീ മിനിട്ടുകളിലായിരുന്നു എംബാപ്പെയുടെ ഗോളുകള്‍ പിറന്നത്.

മത്സരത്തില്‍ 14-0ത്തിനായിരുന്നു ജിബ്രാള്‍ട്ടറിനെ ഫ്രാന്‍സ് തകര്‍ത്ത് വിട്ടത്. ഫുട്‌ബോള്‍ ചരിത്രത്തില ഏറ്റവും വലിയ വിജയം കൂടിയായിരുന്നു ഇത്. 2006ല്‍ സാന്‍മറിയോക്കെതിരെ ജര്‍മനി നേടിയ 13-0ത്തിന്റെ വിജയത്തിന്റെ റെക്കോര്‍ഡാണ് ഫ്രഞ്ച് പട മറികടന്നത്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ വിജയമെന്ന ചരിത്രപരമായ നേട്ടത്തിലേക്കാണ് എംബാപ്പെയും കൂട്ടരും നടന്നുകയറിയത്.

ഫ്രാന്‍സിന്റെ ഹോം ഗ്രൗണ്ടായ അലിയന്‍സ് റിവീരയില്‍ നടന്ന മത്സരത്തില്‍ മൂന്നാം മിനിട്ടില്‍ ജിബ്രാള്‍ട്ടര്‍ താരം ഏതാന്‍ സാന്റോസിന്റെ ഓണ്‍ ഗോളിലൂടെയാണ് ഫ്രാന്‍സിന്റെ ഗോളടി മേളം തുടങ്ങുന്നത്.

മത്സരത്തിന്റെ 18ാം മിനിട്ടില്‍ ജിബ്രാള്‍ട്ടര്‍ താരം ഏതാന്‍ സാന്റോസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ബാക്കിയുള്ള നിമിഷങ്ങളില്‍ എല്ലാം പത്തുപേരുമായാണ് സന്ദര്‍ശകര്‍ കളിച്ചത്. ഇത് കൃത്യമായി മുതലെടുക്കാന്‍ ഫ്രാന്‍സിന് സാധിച്ചു.

മാര്‍ക്കസ് തുറാം (4′), വാരണ്‍ സെയിറേ എമറി (16′), കിലിയന്‍ എംബാപ്പെ (30′, 74′, 82), ജോനാഥാന്‍ ക്ലോസ് (34′), കിങ്സ്ലി കോമാന്‍ (36, 65), യുസഫ് ഫോഫാന (37′), അഡ്രിയന്‍ റാബിയോട്ട് (63′), ഉസ്മാനെ ഡെമ്പലെ(73′), ഒലിവര്‍ ജിറൂഡ് (90+1′) എന്നിവരാണ് ഫ്രാന്‍സിന്റെ മറ്റ് ഗോള്‍ സ്‌കോറര്‍മാര്‍.

കളിയുടെ സര്‍വ്വാധിപത്യം മുഴുവനും ഫ്രാന്‍സിനായിരുന്നു. 39 ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് ഫ്രഞ്ച് പട അടിച്ചുകൂട്ടിയത്. എന്നാല്‍ മറുഭാഗത്ത് ജിബ്രാള്‍ട്ടറിന് ഒരു ഷോട്ട് പോലും ഫ്രാന്‍സ് പോസ്റ്റിലേക്ക് പായിക്കാന്‍ സാധിച്ചില്ല.

ജയത്തോടെ ഗ്രൂപ്പ് ബിയില്‍ ഏഴ് മത്സരവും ജയിച്ച് 21 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഫ്രാന്‍സ്.

നവംബര്‍ 22ന് ഗ്രീസിനെതിരെയാണ് ഫ്രാന്‍സിന്റെ അടുത്ത മത്സരം.

Content Highlight: Kylian Mbappe score a hatric and france won against Gibraltar.