ആര്‍.എസ്.എസ് വിഭാവനം ചെയ്യുന്ന വര്‍ഗീയതയില്‍ അധിഷ്ഠിതമായ ദേശീയതയുടെ പ്രചാരണായുധമല്ല ഹര്‍ ഘര്‍ തിരംഗ: ബൃന്ദ കാരാട്ട്
national news
ആര്‍.എസ്.എസ് വിഭാവനം ചെയ്യുന്ന വര്‍ഗീയതയില്‍ അധിഷ്ഠിതമായ ദേശീയതയുടെ പ്രചാരണായുധമല്ല ഹര്‍ ഘര്‍ തിരംഗ: ബൃന്ദ കാരാട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th August 2022, 5:09 pm

ന്യൂദല്‍ഹി: ഹര്‍ ഘര്‍ തിരംഗ ആര്‍.എസ്.എസ് വിഭാവനം ചെയ്യുന്ന വര്‍ഗീയതയില്‍ അധിഷ്ഠിതമായ ദേശീയതയുടെ പ്രചാരണായുധമല്ലെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. സി.പി.ഐ.എം ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പങ്കുവെച്ച ചെറുകുറിപ്പിലായിരുന്നു ബൃന്ദ കാരാട്ടിന്റെ പ്രതികരണം.

‘ജനാധിപത്യം, മതനിരപേക്ഷത, സാമൂഹിക നീതി എന്നിങ്ങനെയുള്ള സ്വാതന്ത്ര്യസമരത്തിന്റെ പൈതൃകത്തെയും മൂല്യങ്ങളെയും സംരക്ഷിക്കാനുള്ള പ്രതിജ്ഞയാണ് ഹര്‍ ഘര്‍ തിരംഗ, അല്ലാതെ ബി.ജെ.പിയും ആര്‍.എസ്.എസും വിഭാവനം ചെയ്യുന്ന വര്‍ഗീയതയില്‍ അധിഷ്ഠിതമായ ദേശീയതയുടെ പ്രചാരണായുധമല്ല,’ ബൃന്ദ കാരാട്ട് കുറിച്ചു.

സ്വാതന്ത്ര്യം കിട്ടിയതിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി എല്ലാ ഇന്ത്യക്കാരോടും ദേശീയ പതാക പ്രൊഫൈല്‍ ചിത്രമായി ഉപയോഗിക്കാന്‍ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ബൃന്ദ കാരാട്ടിന്റെ പ്രതികരണം.

ഓഗസ്റ്റ് രണ്ട് മുതല്‍ 15 വരെയാണ് ദേശീയ പതാക പ്രൊഫൈല്‍ ചിത്രമാക്കാന്‍ മോദി ആഹ്വാനം ചെയ്തത്. ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ വീടുകളില്‍ മൂന്ന് ദിവസം പതാക ഉയര്‍ത്താനും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു.പതാക കോഡില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയതനുസരിച്ച് പൗരന്മാര്‍ക്ക് തങ്ങളുടെ വീടുകളില്‍ രാത്രിയും പകലും ത്രിവര്‍ണ പതാക പ്രദര്‍ശിപ്പിക്കാവുന്നതാണ്.

ഇതോടനുബന്ധിച്ച് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ടോള്‍ പ്ലാസകളിലും ക്യാമ്പയിന്‍ കാലയളവില്‍ ദേശീയ പതാക ഉയര്‍ത്താനും സമൂഹ മാധ്യമങ്ങളിലെ പ്രൊഫൈല്‍ പിക്ചര്‍ ദേശീയ പതാകയാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

CONTENT HIGLIGHTS:  CPIM Polit Bureau Member Brinda Karat says Har Ghar Tiranga is not a propaganda tool of nationalism based on communalism as envisioned by the RSS