ന്യൂദല്‍ഹി: അസമിലെ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് ആരെയും ഒഴിവാക്കരുതെന്ന് സി.പി.ഐ.എം. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവന ഭീതി ജനിപ്പിക്കുന്നതാണെന്നും സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ നിരീക്ഷിച്ചു.

“കരട് പട്ടികയില്‍ ഉള്‍പ്പെടാത്ത 40 ലക്ഷംപേര്‍ “”അനധികൃത കുടിയേറ്റക്കാരാണെന്ന്” ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ അവകാശപ്പെട്ടത് വ്യാപകമായ ഭയാശങ്ക സൃഷ്ടിച്ചിട്ടുണ്ട്.”

അസമിലെ അനധികൃത കുടിയേറ്റപ്രശ്‌നം പരിഹരിക്കാന്‍ 1971 അടിസ്ഥാനവര്‍ഷമായി നിശ്ചയിച്ച് ഒപ്പിട്ട അസം കരാറിന്റെ ഭാഗമായിരുന്നു ദേശീയ പൗരത്വപട്ടിക (എന്‍.ആര്‍.സി). ഈ പട്ടിക തയ്യാറാക്കാനുള്ള നടപടി സുപ്രീംകോടതി ഇടപെടുന്നതുവരെ ആരംഭിച്ചിരുന്നില്ല. സുപ്രീംകോടതി നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലും മേല്‍നോട്ടത്തിലുമാണ് പട്ടിക തയ്യാറാക്കുന്നത്.

ALSO READ: അസം പൗരത്വ നിര്‍ണയം; കുടിയേറ്റക്കാരായ അദ്വാനിയേയും ബിപ്ലബിനേയും നാടുകടത്തുമോ?; ബി.ജെ.പി നേതാക്കളോട് സോഷ്യല്‍മീഡിയ

കരട് പട്ടിക തയ്യാറാക്കിയതില്‍ ഒട്ടേറെ ക്രമക്കേടുകളുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പഞ്ചായത്ത് സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരിക രേഖയായി പരിഗണിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ടെങ്കിലും സ്ത്രീകള്‍ വന്‍തോതില്‍ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടുവെന്നും സി.പി.ഐ.എം ചൂണ്ടിക്കാട്ടി.

കൃത്യമല്ലാത്ത പരിശോധനയുടെ അടിസ്ഥാനത്തില്‍ ഒഴിവാക്കപ്പെട്ടെന്ന് മറ്റ് ഒട്ടേറെപ്പേര്‍ പരാതിപ്പെടുന്നു. റേഷന്‍കാര്‍ഡുപോലുള്ള രേഖകളും നിരാകരിക്കപ്പെട്ടു. ഒരേ കുടുംബത്തിലെ ചിലര്‍ പട്ടികയില്‍ ഉള്‍പ്പെട്ടപ്പോള്‍ ബാക്കിയുള്ളവര്‍ പുറത്തായി.

പുറത്തായവര്‍ നല്‍കുന്ന എല്ലാ അപേക്ഷകളും ശരിയായ രീതിയില്‍ പരിശോധിച്ച് തെറ്റ് തിരുത്തണം. അപേക്ഷ നല്‍കാന്‍ മതിയായ സമയം അനുവദിക്കണം. അതിനുശേഷമേ അന്തിമ പട്ടിക പ്രസിദ്ധീകരിക്കാവൂവെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു.

ALSO READ: കാറടുക്കയില്‍ തകര്‍ന്നത് ബി.ജെ.പിയുടെ 18 വര്‍ഷത്തെ കുത്തക; എന്‍മകജെയിലും അവിശ്വാസത്തിന് നോട്ടീസ്

കഴിഞ്ഞ മാസം 30 നാണ് എന്‍.ആര്‍.സി പട്ടിക പ്രസിദ്ധീകരിച്ചത്. 3.29 കോടി അപേക്ഷകരില്‍ 2.89 കോടിയാണ് ഇന്ത്യന്‍ പൗരന്മാരായി തെളിയിക്കപ്പെട്ടത്. കഴിഞ്ഞ ഡിസംബറില്‍ പുറത്തിറക്കിയ ആദ്യ കരടില്‍ 1.9 കോടി ആളുകളാണ് ഉള്‍പ്പെട്ടത്.

അസമിലുള്ള ഇന്ത്യക്കാരെയും കുടിയേറ്റക്കാരെയും വേര്‍തിരിക്കുന്നതിന് വേണ്ടിയാണ് പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നത്. ഇത് പ്രകാരം 1971 മാര്‍ച്ച് 24ന് മുമ്പ് ഇന്ത്യയിലെത്തിയവരാണെന്ന് തെളിയിക്കാത്തവര്‍ വിദേശികളാണെന്ന് പ്രഖ്യാപിക്കപ്പെടും.

1951ലാണ് ആദ്യമായി എന്‍.ആര്‍.സി തയ്യാറാക്കിയത്. പൗരന്മാരാണെന്ന് തെളിയിക്കുന്നതിനായി അസമിലുള്ളവര്‍ക്ക് തങ്ങളോ പൂര്‍വ്വികരോ 1951ലെ ലിസ്റ്റിലോ അതല്ലെങ്കില്‍ കട്ട് ഓഫ് ഡേറ്റിന് ഇടയിലുള്ള ഏതെങ്കിലും വോട്ടര്‍ലിസ്റ്റിലോ പേരുള്ളതായി തെളിയിക്കേണ്ടതുണ്ട്.

WATCH THIS VIDEO: