കെ.സി. വേണുഗോപാല്‍ സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനുള്ള ബി.ജെ.പി അജണ്ടകള്‍ക്ക് ഒത്താശപാടുന്നു: സി.പി.ഐ.എം
Kerala News
കെ.സി. വേണുഗോപാല്‍ സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനുള്ള ബി.ജെ.പി അജണ്ടകള്‍ക്ക് ഒത്താശപാടുന്നു: സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th September 2022, 8:03 pm

തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പിയുമായി സഹകരിച്ചാണ് സി.പി.ഐ.എം പ്രവര്‍ത്തിക്കുന്നതെന്ന കെ.സി. വേണുഗോപാലിന്റെ പ്രസ്താവന ജനങ്ങള്‍ പുച്ഛിച്ച് തള്ളുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ്.

കേരളത്തില്‍ ബി.ജെ.പിക്കും സംഘപരിവാറിന്റെ നീക്കങ്ങള്‍ക്കും എതിരായി ഏറ്റവും ശക്തമായ നിലപാട് സ്വീകരിക്കുന്നത് സി.പി.ഐ.എം ആണെന്നത് ഏവര്‍ക്കും അറിയാവുന്നതാണെന്ന് സി.പി.ഐ.എം പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ ആറ് വര്‍ഷ കാലയളവിനുള്ളില്‍ 17 സഖാക്കളാണ് കേരളത്തില്‍ ആര്‍.എസ്.എസിന്റെ കൊലക്കത്തിക്ക് ഇരയായി രക്തസാക്ഷിത്വം വരിച്ചത്. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ കോര്‍പ്പറേറ്റ് വല്‍ക്കരണത്തിന്റെ അമിതാധികാരവാഴ്ചയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത് സി.പി.ഐ.എമ്മും ഇടതുപക്ഷ പ്രസ്ഥാനങ്ങളുമാണ്. സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനുള്ള ബി.ജെ.പി അജണ്ടകള്‍ക്ക് എല്ലാ ഒത്താശകളും നല്‍കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്നും പ്രസ്താവനയില്‍ പറഞ്ഞു.

‘കേന്ദ്ര ഏജന്‍സികള്‍ തെറ്റായ വഴികളിലൂടെ എല്‍.ഡി.എഫ് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയപ്പോള്‍ അതിന് ഓശാന പാടുകയാണ് കോണ്‍ഗ്രസ് ചെയ്തത്.

ബി.ജെ.പിയുമായി യു.ഡി.എഫ് ഉണ്ടാക്കിയ കോ-ലി-ബി സംഖ്യം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളില്‍ ഒന്നാണ്. നിയമസഭയില്‍ പോലും ശക്തമായ നിലപാട് ബി.ജെ.പിക്കെതിരെ സ്വീകരിക്കാന്‍ ഒരിക്കലും കോണ്‍ഗ്രസ് തയ്യാറായിട്ടില്ല.

ആര്‍.എസ്.എസിന്റെ വര്‍ഗീയ അജണ്ടകളെ തുറന്ന് എതിര്‍ക്കുന്നതിനും കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. കേരളത്തില്‍ ബി.ജെ.പിക്ക് നേരത്തെ അക്കൗണ്ട് തുറക്കാനായത് കോണ്‍ഗ്രസ് പിന്‍ബലത്തോടെയാണെന്നത് കേരള രാഷ്ട്രീയം മനസിലാക്കുന്ന ആര്‍ക്കും വ്യക്തമാകുന്നതാണ്.

സംഘപരിവാര്‍ രാഷ്ട്രീയത്തെ പിന്തുണക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ് നിലപാടിനെ തിരുത്തിക്കുന്നതിന് ഇടപെടല്‍ നടത്തുകയാണ് അടിയന്തിരമായി വേണ്ടത്. വസ്തുത ഇതായിരിക്കെ കെ.സി. വേണുഗോപാല്‍ ഇപ്പോള്‍ നടത്തുന്ന പ്രസ്താവന ബി.ജെ.പിയുമായുള്ള കോണ്‍ഗ്രസിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ബന്ധത്തെ മറിച്ചുവെക്കാനാണ്,’ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.