നിഷ്‌കളങ്കമായ ഒരു തമാശയുടെ പേരില്‍ ശ്രീരാമന്റെ പേര് മമ്മൂക്ക വെട്ടി: സിദ്ദിഖ്
Film News
നിഷ്‌കളങ്കമായ ഒരു തമാശയുടെ പേരില്‍ ശ്രീരാമന്റെ പേര് മമ്മൂക്ക വെട്ടി: സിദ്ദിഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th September 2022, 7:04 pm

നടന്‍ മമ്മൂക്കയുമായി ബന്ധപ്പെട്ടുള്ള കഥകള്‍ ധാരളമായി സിനിമാ ലോകത്ത് ചര്‍ച്ചയാവാറുണ്ട്. മമ്മൂക്ക കാരണം നടന്‍ ശ്രീരാമന് ഗള്‍ഫില്‍ ഒരു ഷോയില്‍ പങ്കെടുക്കാനുള്ള അവസരം നഷ്ടമായ കഥ പറയുകയാണ് സഫാരി ചാനലില്‍ നടന്ന ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംവിധായകന്‍ സിദ്ദിഖ്.

‘ഹിറ്റ്‌ലര്‍ സിനിമയുടെ ഷൂട്ടിന്റെ സമയത്താണ് മമ്മൂട്ടിയുമൊത്ത് ഗള്‍ഫില്‍ ഒരു ഷോ ഫൈനലൈസ് ചെയ്യുന്നത്. ഹിറ്റ്‌ലറില്‍ നടന്‍ ശ്രീരാമനും അഭിനയിക്കുന്നുണ്ട്. അന്ന് മമ്മൂട്ടിയും ശ്രീരാമനും ഭയങ്കര സുഹൃത്തുക്കളാണ്. ഷോയ്ക്ക് പോകുന്ന ആര്‍ട്ടിസ്റ്റുകളുടെ ലിസ്റ്റിട്ട സമയത്ത് മമ്മൂക്ക പറഞ്ഞു ശ്രീരാമനും വരുന്നുണ്ടെന്ന്. മമ്മൂക്ക പറഞ്ഞാല്‍ പിന്നെ അതിന്റെ അപ്പുറമില്ലല്ലോ..

അങ്ങനെ ഈസ്റ്റ് കോസ്റ്റ് വിജയന്‍ വേഗം ശ്രീരാമന്റെ പേരും ഷോയുടെ ലിസ്റ്റില്‍ ചേര്‍ത്തു. ശ്രീരാമന് ഭയങ്കര സന്തോഷമായി. ഇതുവരെ ഷോയ്ക്ക് പോയിട്ടില്ലായിരുന്നു പുള്ളി. ഷോയില്‍ എന്ത് ചെയ്യണമെന്ന് അറിയില്ല എന്നാലും, ഷോയ്ക്ക് പോകുന്നത് ഇഷ്ടമാണെന്ന് ശ്രീരാമന്‍ ഞങ്ങളോട് പറഞ്ഞു. അങ്ങനെ ശ്രീരാമന്‍ ഷോയ്ക്ക് ഫിക്‌സായി.

മുകേഷും, വാണി വിശ്വനാഥും, ഇന്നസെന്റും, ലളിത ചേച്ചിയും എല്ലാം ആ ഷോയ്ക്ക് ഉണ്ടായിരുന്നു. ഹിറ്റ്‌ലര്‍ സിനിമയിലുള്ള മിക്കവാറും താരങ്ങള്‍ ഷോയ്ക്കുണ്ടായിരുന്നു. അങ്ങനെ പല കാര്യങ്ങളും ഡിസ്‌കസ് ചെയ്യുന്നതിനിടക്ക് ഷോയ്‌ക്കൊരു ട്രൈലര്‍ ഉണ്ടാക്കാമെന്ന് മമ്മൂക്ക പറഞ്ഞു. അതിനൊരു മ്യൂസിക് ചെയ്യിക്കാമെന്ന് മമ്മൂക്ക പറഞ്ഞു. എന്നിട്ട് മ്യൂസിക് ചെയ്യാനായി വിദ്യാസാഗറിനെ ഏല്‍പ്പിച്ചു.

വിദ്യാസാഗര്‍ മ്യൂസിക് ചെയ്ത് തന്നതാകട്ടെ ഒരു വെസ്‌റ്റേണ്‍ സ്‌റ്റൈല്‍ മ്യൂസിക്കായിരുന്നു. നമ്മുടെ ഷോ ആണെങ്കില്‍ ഒരു നാടന്‍ ഷോയും. അപ്പോള്‍ ഞങ്ങള്‍ മമ്മൂക്കയോട് പറഞ്ഞു ഈ മ്യൂസിക്കും നമ്മുടെ വിഷ്യലും മാച്ചാവില്ല, നമുക്കൊരു നാടന്‍ മ്യൂസിക്കാണ് നല്ലതെന്ന്. മ്യൂസിക് വേണ്ട എന്ന് പറഞ്ഞതില്‍ മമ്മൂക്കക്ക് ലേശം നീരസവുമുണ്ട്.

അപ്പോഴാണ് ഇതൊന്നുമറിയാതെ ശ്രീരാമന്‍ എത്തിയത്. മമ്മൂക്ക ശ്രീരാമനെ മ്യൂസിക് കേള്‍പ്പിച്ചു. എന്നിട്ട് എങ്ങനെയുണ്ടെന്ന് ചോദിച്ചു. ശ്രീരാമന്‍ അപ്പോള്‍ വെറ്റില മുറുക്കിക്കൊണ്ടാണ് ഇരിക്കുന്നത്. മ്യൂസിക് കേട്ടുകഴിഞ്ഞ് മുറുക്കി തുപ്പിക്കൊണ്ട് ശ്രീരാമന്‍ പറഞ്ഞു ‘നല്ല മലയാളത്തനിമയെന്ന്’. അത് കേട്ട് കഴിഞ്ഞപ്പോള്‍ എല്ലാവരും കൂടെ ഉറക്കെ ചിരിച്ചു.

കുറച്ച് കഴിഞ്ഞപ്പോള്‍ ശ്രീരാമന്‍ ഞങ്ങളോട് വന്ന് പറഞ്ഞു, എന്തിനാണിഷ്ടാ ചിരിച്ചത്.. എന്റെ ഷോ തെറിച്ചില്ലേന്ന്… അപ്പോള്‍ ഞങ്ങള്‍ ചേദിച്ചു എന്തുപറ്റിയെന്ന്, എന്നെ ഷോയില്‍ നിന്ന് വെട്ടിയെന്ന് ശ്രീരാമന്‍ പറഞ്ഞു. ഞാന്‍ ആ മ്യൂസികിനെ കളിയാക്കിയെന്ന് പറഞ്ഞ് മമ്മൂക്ക എന്നെ ഷോയില്‍ നിന്ന് പുറത്താക്കിയെന്ന് ശ്രീരാമന്‍ ഞങ്ങളോട് പറഞ്ഞു.

നിഷ്‌കളങ്കമായ ഒരു തമാശ പറഞ്ഞതിനാണ് ഗള്‍ഫില്‍ ഒരു ഷോ ചെയ്യാനുള്ള അവസരം ശ്രീരാമന് നഷ്ടമായത്,’ സിദ്ദിഖ് പറയുന്നു.

Content Highlight: Director Siddique Narrating an experience with Mammootty and actor Sreeraman