പത്തനംതിട്ട: എസ്.ഡി.പി.ഐയിൽ ചേർന്നാലും ബി.ജെ.പിയിൽചേരില്ലെന്ന് സി.പി.ഐ.എം നേതാവ് എ. പത്മകുമാർ. ആറന്മുളയിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ ബി.ജെ.പി നേതാക്കൾ എത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
അതേസമയം എ. പത്മകുമാറിനെതിരായ നടപടി ചർച്ച ചെയ്യാൻ നാളെ സി.പി.ഐ.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും. സംസ്ഥാന നേതൃത്വത്തെ പോലും വെട്ടിലാക്കിയ അദ്ദേഹത്തിന്റെ പരസ്യ പ്രതിഷേധത്തിൽ ശക്തമായ നടപടി വന്നേക്കും. പത്മകുമാറിനെ കാണാൻ ആറന്മുളയിലെ വീട്ടിൽ ഇന്നലെ രാത്രി ബി.ജെ.പി നേതാക്കൾ എത്തിയതിൽ സി.പി.ഐ.എം നേതൃത്വത്തിന് കടുത്ത അതൃപ്തി ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
തന്നെ പരിഗണിക്കാതെ മന്ത്രി വീണ ജോർജിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയതിൽ എ. പത്മകുമാർ തന്റെ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. കൊല്ലം സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ എ. പത്മകുമാര്‍ അച്ചടക്ക നടപടിയെ ഭയക്കുന്നില്ലെന്നും തുറന്നടിച്ചിരുന്നു.
ബി.ജെ.പി പ്രസിഡന്റും മറ്റൊരാളും താനില്ലാത്ത സമയത്താണ് വീട്ടിലേക്ക് വന്നതെന്നും ബി.ജെ.പിയില്‍ ചേരില്ലെന്നും എ. പത്മകുമാര്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരമാണ് ബി.ജെ.പി പത്തനംതിട്ട ജില്ലാ പ്രസിഡന്റും ജോയന്‍റ് സെക്രട്ടറിയും അദ്ദേഹത്തിന്റെ ആറന്മുളയിലെ വീട്ടിലെത്തിയത്.
‘ബി.ജെ.പി. ജില്ലാ പ്രസിഡന്റും മറ്റൊരാളും ഇവിടെ വന്നുവെന്ന് പറയുന്നത് കേട്ടു. ഞാന്‍ എസ്.ഡി.പി.ഐയില്‍ ചേര്‍ന്നാലും ബി.ജെ.പിയില്‍ ചേരുന്ന പ്രശ്‌നമില്ല. അത് പത്തനംതിട്ട ജില്ലാ പ്രസിഡന്റിനെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്,’ എ പത്മകുമാർ പറഞ്ഞു.
ബി.ജെ.പി സംസ്ഥാന നേതൃത്വത്തിൻ്റെ നിർദേശപ്രകാരമാണ് ബി.ജെ.പി നേതാക്കൾ പത്മകുമാറിൻ്റെ ആറന്മുളയിലെ വീട്ടിലെത്തിയത്. ബി.ജെ.പി പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് വി. എ. സൂരജ് , ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ എന്നിവരാണ് പത്മകുമാറിൻ്റെ വീട്ടിലെത്തിയത്. വൈകിട്ട് ഏഴ് മണിയോടെയാണ് നേതാക്കൾ ആറന്മുളയിലെ വീട്ടിലെത്തിയത്. 15 മിനിറ്റിന് ശേഷം ഇവിടെ നിന്ന് മടങ്ങി.
അതേസമയം, സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ദൽഹിയിൽ തുടങ്ങും. പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സംഘടന റിപ്പോർട്ട്, കരട് രാഷ്ട്രീയ പ്രമേയത്തിന് പാർട്ടി ഘടകങ്ങൾ നിർദേശിച്ച ഭേദഗതികൾ എന്നിവയാകും പി.ബി ചർച്ച ചെയ്യുക. സംസ്ഥാന സമ്മേളനങ്ങളുടെ വിലയിരുത്തലും യോഗത്തിലുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.