കോഴിക്കോട്: ഫറോക്കില്‍ കൊലവിളി പ്രസംഗവുമായി സി.പി.ഐ.എം നേതാവ് സമീഷ്. ലീഗ് നേതാക്കള്‍ വീട്ടില്‍ കിടന്നുറങ്ങില്ലെന്നും അരിവാളുകൊണ്ട് ചില പ്രയോഗങ്ങള്‍ അറിയാമെന്നുമാണ് പരാമര്‍ശം. സി.പി.ഐ.എം ബേപ്പൂര്‍ ഏരിയ കമ്മിറ്റി അംഗമാണ് സമീഷ്.
‘ഏതെങ്കിലും രീതിയിലുള്ള പ്രകോപനം സൃഷ്ടിച്ചാല്‍ മുസ്‌ലിം ലീഗ് നാളെയിവിടെ കരിദിനം ആചരിക്കേണ്ടി വരും. ഒരു തര്‍ക്കവും നിങ്ങള്‍ക്ക് വേണ്ട. ഞങ്ങള്‍ പ്രഖ്യാപിക്കുകയാണ്. ഞങ്ങളുടെ ചിഹ്നം അരിവാള്‍ ചുറ്റിക നക്ഷത്രമാണ്. ഞങ്ങള്‍ക്ക് അരിവാളുകൊണ്ട് ചില പ്രയോഗങ്ങള്‍ അറിയാം. അത് ഇവിടുത്തെ മുസ്‌ലിം ലീഗുകാർക്ക് ബോധ്യപ്പെടുത്തി കൊടുക്കാനുള്ള അവസരം മുസ്‌ലിം ലീഗുകാരനായി ഉണ്ടാക്കരുത്. ഞങ്ങളുടെ സഖാവിന്റെ ബൂത്തിനകത്തേക്ക് ബോബെറിഞ്ഞും പടക്കമെറിഞ്ഞും നിങ്ങള്‍ പ്രകോപനം സൃഷ്ടിക്കാന്‍ നോക്കി. അത് ഇനിയും നടക്കില്ല. ഈ നിമിഷം മുതല്‍ മുസ്‌ലിം ലീഗിന്റെ നേതാക്കള്‍ വീടുകള്‍ അന്തിയുറങ്ങില്ലെന്ന് ഞങ്ങള്‍ പ്രഖ്യാപിക്കുകയാണ്,’ സമീഷ് പ്രസംഗിച്ചു.
ഇന്നലെ ഫറോക്കില്‍ നടന്ന പ്രതിഷേധ പരിപാടിയിലാണ് ലീഗ് നേതാക്കളെ ലക്ഷ്യമിട്ട് സമീഷ് സംസാരിച്ചത്. സംഭവത്തിന്റെ വീഡിയോ ഇന്ന് രാവിലെയോടെ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുകയായിരുന്നു.
ഇതിനിടെ മലപ്പുറം വളാഞ്ചേരിയില്‍ യൂത്ത് ലീഗ് പ്രാദേശിക നേതാവും കൊലവിളി പ്രസംഗം നടത്തി. വളാഞ്ചേരി നഗരസഭാ മുന്‍ കൗണ്‍സിലറായ ഷിഹാബുദ്ദീനാണ് കൊലവിളി നടത്തിയത്.
മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ കൈയോങ്ങിയാല്‍ ആ കൈ വെട്ടിമാറ്റുമെന്നും വീട്ടില്‍ കയറി കാല്‍ തല്ലിയൊടിക്കുമെന്നാണ് ഭീഷണി. ഷിഹാബുദ്ദീന്റെ പ്രസംഗത്തെ ലീഗ് പ്രവര്‍ത്തകര്‍ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
Content Highlight: After local body election CPIM-League leaders give murderous speech