സി.പി.ഐ.എം ആര്‍.എസ്.എസുമായി ഒരു രാഷ്ട്രീയ കൂട്ടുകെട്ടുമുണ്ടാക്കിയിട്ടില്ല: എം.വി ഗോവിന്ദന്‍
Kerala News
സി.പി.ഐ.എം ആര്‍.എസ്.എസുമായി ഒരു രാഷ്ട്രീയ കൂട്ടുകെട്ടുമുണ്ടാക്കിയിട്ടില്ല: എം.വി ഗോവിന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th June 2025, 11:24 am

തിരുവനന്തപുരം: ആര്‍.എസ്.എസ് പരാമര്‍ശത്തെ വളച്ചൊടിച്ചുവെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ചരിത്രത്തെ ചരിത്രമായി കാണാന്‍ പഠിക്കണമെന്നും യു.ഡി.എഫ് പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിമോചന സമരത്തിന്റെ ഘട്ടത്തില്‍ ആര്‍.എസ്.എസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസാണെന്നും 1980ല്‍ ജനതാപാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയത് കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസിന്റെ വോട്ട് വേണ്ടെന്ന് ഇ.എം.എസ് തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വര്‍ഗീയതയ്‌ക്കെതിരായ കാര്യം പറയുമ്പോള്‍ കള്ളപ്രചാരണ വേലയാണ് യു.ഡി.എഫ് സ്വീകരിക്കുന്നതെന്നും താന്‍ വര്‍ഗീയ ശക്തിയെ കൂട്ടുപിടിച്ചെന്നായിരുന്നു പ്രചരണമെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തരാവസ്ഥയെന്നത് അര്‍ധഫാസിസത്തിന്റെ ഭാഗമായിരുന്നുവെന്നും ‘നാവടക്കൂ പണിയെടുക്കൂ’ എന്നായിരുന്നുവെന്നും ജനാധിപത്യത്തിനെതിരായ അവസ്ഥയില്‍  പ്രതികരിക്കാനുള്ള അവകാശങ്ങളൊന്നുമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തരാവസ്ഥ സമയത്ത് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ അമിതാധികാര വാഴ്ചയ്‌ക്കെതിരായി രാജ്യം അതിശക്തിയായ പ്രതിഷേധം രേഖപ്പെടുത്തിയാണെന്നും അദ്ദേഹം പറഞ്ഞു. അന്ന് അടിയന്തരാവസ്ഥ അറബിക്കടലില്‍ എന്നാണ് ഉയര്‍ത്തിയ മുദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞു.

അതിനെതിരായ രാഷ്ട്രീയ മുന്നേറ്റമാണുണ്ടായതെന്നും അതിന്റെ ഭാഗമായി വിവിധ പാര്‍ട്ടികള്‍ ചേര്‍ന്ന് ജനതാപാര്‍ട്ടി രൂപീകരിച്ചുവെന്നും എന്നാല്‍ അത് ജനസംഘത്തിന്റെ തുടര്‍ച്ചയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതില്‍ വ്യത്യസ്ത ധാരയുണ്ടായിരുന്നുവെന്നും അതിലാണ് ജനസംഘം ഉണ്ടായിരുന്നതെന്നും അങ്ങനെ രാജ്യവ്യാപകമായി മുന്നോട്ട് പോയ സാഹചര്യത്തെയാണ് താന്‍ സൂചിപ്പിച്ചതെന്നും അല്ലാതെ ആര്‍.എസ്.എസുമായി ഒരു സഖ്യവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെയും ഇന്നും ഇനി നാളെയും അതുണ്ടാവില്ലെന്നും അടിയന്താരവസ്ഥയെ അഭിമുഖീകരിക്കാന്‍ രൂപീകരിക്കപ്പെട്ടതാണ് ജനതാപാര്‍ട്ടിയെന്നും പിന്നാലെ വി.പി സിങ്ങിന്റെ സര്‍ക്കാരിനെ താഴെയിറക്കിയതും അത്തരത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ വിമോചന സമരത്തിന്റെ ഘട്ടത്തില്‍ കോണ്‍ഗ്രസ് ആര്‍.എസ്.എസിനൊപ്പം ചേര്‍ന്നിട്ടുണ്ടെന്നും അല്ലാതെ സി.പി.ഐ.ഐം ഇതുവരെ ഒരു കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസിന്റെ വോട്ട് വേണ്ടെന്ന് ഇ.എം.എസ് മുമ്പ് അസന്നിഗ്ദമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വടകരയും ബേപ്പൂരും കോലിബി സഖ്യമുണ്ടാക്കിയിട്ടുണ്ടെന്നും അതിനെ പരാജയപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതൊക്കെ മറച്ച് വെച്ചാണ് തന്റെ പരാമര്‍ശത്തെ വളച്ചൊടിച്ചതെന്നും ചരിത്രത്തെ കൃത്യമായി പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമാഅത്തെ ഇസ്‌ലാമിയെ വെള്ളപൂശി അവര്‍ പഴയ മുദ്രാവാക്യങ്ങളെല്ലാം ഉപേക്ഷിച്ചിരിക്കുന്നുവെന്നും അത് കൊണ്ട് അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നുമാണ് യു.ഡി.എഫ് വ്യക്തമാക്കിയിരിക്കുന്നതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ലോകം മുഴുവന്‍ ഇസ്‌ലാമിക് രാഷ്ട്രമാവണമെന്ന് ആഗ്രഹിക്കുന്ന തീവ്രവാദ സംഘടനയായൊരു പാര്‍ട്ടിയെ ആദ്യമായി അസോസിയേറ്റായി ചേര്‍ത്ത് മുന്നണിയുടെ ഭാഗമാക്കുന്നത് കേരളത്തിലെ ലീഗും കോണ്‍ഗ്രസുമാണെന്നും അദ്ദേഹം പറഞ്ഞു.

ഇത് ദൂരവ്യാപകമായ ഫലമുണ്ടാക്കുന്ന കാര്യമായിരിക്കുമെന്നും ആര്‍.എസ്.എസും ബി.ജെ.പിയുമൊക്കെ ചേര്‍ന്ന് നടപ്പാക്കുന്ന വര്‍ഗീയതയ്ക്ക് കൗണ്ടര്‍ പാര്‍ട്ടായി നില്‍ക്കുന്ന സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമിയെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

അതുകൊണ്ട് തന്നെ രണ്ട് ശക്തികളുടെയും വോട്ട് വേണ്ടെന്ന രാഷ്ട്രീയം, പാര്‍ട്ടിയും മുഖ്യമന്ത്രി പിണറായി വിജയനും ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യത്തിന് പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉത്തരം പറയാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയതയെ ശക്തമായി എതിര്‍ത്താണ് ഉപതെരഞ്ഞെടുപ്പില്‍ മുന്നോട്ട് പോയതെന്നും കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തുക എന്നതായിരുന്നു മറ്റൊരു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ യു.ഡി.എഫിന് അതിന് സാധിച്ചിട്ടില്ലെന്നും അവര്‍ക്ക് ഇടതുപക്ഷത്തിനെതിരായ രാഷ്ട്രീയ ആയുധം ഉണ്ടായിരുന്നില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

ക്ഷേമപെന്‍ഷന്‍ കൈകൂലിയാണെന്ന് പറഞ്ഞ കോണ്‍ഗ്രസിന്റേത് രാഷ്ട്രീയ പാപരത്വമാണെന്നും അതിനെതിരെ ജനങ്ങള്‍ കൃത്യമായി പ്രതികരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: CPI(M) has not formed any political alliance with RSS: M.V. Govindan