നാടോടുമ്പോള്‍ നടുവേ ഓടണം; ജീവിച്ചിരിക്കുന്നുണ്ടെന്ന് കാണിക്കാനാണ് സി.പി.ഐ പി.എം ശ്രീയെ എതിര്‍ക്കുന്നത്: വെള്ളാപ്പള്ളി നടേശന്‍
Kerala
നാടോടുമ്പോള്‍ നടുവേ ഓടണം; ജീവിച്ചിരിക്കുന്നുണ്ടെന്ന് കാണിക്കാനാണ് സി.പി.ഐ പി.എം ശ്രീയെ എതിര്‍ക്കുന്നത്: വെള്ളാപ്പള്ളി നടേശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th October 2025, 3:52 pm

കോട്ടയം: കേന്ദ്രത്തിന്റെ പി.എം ശ്രീ പദ്ധതിക്കെതിരെ എതിര്‍പ്പ് തുടരുന്നതില്‍ സി.പി.ഐയെ പരിഹസിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ജീവിച്ചിരിക്കുന്നുണ്ടെന്ന് കാണിക്കാനാണ് സി.പി.ഐ പി.എം ശ്രീയെ എതിര്‍ക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം.

മുഖ്യമന്ത്രി വന്ന് സംസാരിച്ചാല്‍ സി.പി.ഐയുടെ പ്രശ്‌നമെല്ലാം അവിടെ തീരുമെന്നും പിണറായിയുടെ മുമ്പില്‍ സി.പി.ഐ പത്തി താഴ്ത്തുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. അല്ലാതെ എവിടെ പോകാനാണെന്നും അദ്ദേഹം പരിഹസിച്ചു.

‘അവര്‍ അണ്ണനും തമ്പിയും തമ്മില്‍ യോജിച്ച് പോകും. നിങ്ങള്‍ എല്ലാം വാശിപിടിച്ച് ഇങ്ങനെ മൂപ്പിക്കാന്‍ നോക്കിയാല്‍ അവര്‍ മൂക്കില്ല. നാടോടുമ്പോള്‍ നടുവേ ഓടണം. കേരളത്തിന് അവകാശപ്പെട്ട പണം കേന്ദ്രസര്‍ക്കാരിന്റെ ഔദാര്യമല്ല, നമുക്ക് അവകാശപ്പെട്ടത് തന്നെയാണ്. കുറച്ച് വൈകിയെങ്കിലും പി.എം ശ്രീയില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചത് നല്ല കാര്യമാണ്,’ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ശബരിമലയിലെ സ്വര്‍ണക്കൊള്ളയിലും അദ്ദേഹം പ്രതികരിച്ചു. ദേവസ്വം ബോര്‍ഡുകളെല്ലാം പിരിച്ചുവിടണമെന്നും സര്‍ക്കാരിനെ പഴിച്ചിട്ട് കാര്യമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡിന്റെ മറവില്‍ നടക്കുന്നത് വന്‍ അഴിമതിയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ആദ്യം ഈ സമ്പ്രദായം മാറണമെന്നും ഐ.എ.എസ് ഉദ്യോഗസ്ഥരെ തലപ്പത്ത് ഇരുത്തിക്കൊണ്ട് അവസാനം ആര്‍.ഡി.ഓയെ അടക്കം ഉള്‍പ്പെടുത്തി അഡ്മിനിസ്‌ട്രേഷന്‍ നടത്തണമെന്നും വെള്ളപ്പാള്ളി നടേശന്‍ പറഞ്ഞു.

രാഷ്ട്രീയത്തില്‍ ഇടം കിട്ടാത്തവര്‍ക്കാണ് ദേവസ്വം ബോര്‍ഡില്‍ സ്ഥാനം ലഭിക്കുന്നത്. അവര്‍ കുറച്ച് കാലം ആ സ്ഥാനത്ത് ഇരുന്നുകൊണ്ട് എടുക്കാവുന്നതെല്ലാം എടുത്തശേഷം പോകുകയുമാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

ഈ വിഷയത്തില്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയുമെല്ലാം രാജിവെക്കണമെന്ന് പറഞ്ഞിട്ട് കാര്യമില്ല. രാജിവെക്കണമെന്ന ആവശ്യം രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: CPI is opposing PM Shri to show that he is alive: Vellappally Natesan