ആര്‍.എസ്.എസ് മാറി, ഭരണഘടനയില്‍ മനുസ്മൃതിയില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയില്ലെന്ന അതൃപ്തി ഇപ്പോഴവര്‍ക്കില്ല: ശശി തരൂര്‍
national news
ആര്‍.എസ്.എസ് മാറി, ഭരണഘടനയില്‍ മനുസ്മൃതിയില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയില്ലെന്ന അതൃപ്തി ഇപ്പോഴവര്‍ക്കില്ല: ശശി തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th June 2025, 11:56 am

അഹമ്മദാബാദ്: മനുസ്മൃതിയില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് പരാതിപ്പെട്ടിരുന്ന, ഭരണഘടനയെ അപമാനിച്ച ആര്‍.എസ്.എസ് നിലപാടില്‍ മാറ്റം വന്നെന്ന വാദവുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ഇന്നലെ (ശനി) അഹമ്മദാബാദില്‍ വെച്ച് നടന്ന ‘ഡിക്ഷന്‍, ഡിപ്ലോമസി, ഡിക്രിഷന്‍’ എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് ‘സോഷ്യലിസ്റ്റ്, മതേതരം’ എന്നീ പദങ്ങള്‍ നീക്കം ചെയ്യണമെന്ന ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുടെ വിവാദ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. പിന്നാലെയാണ് തരൂരിന്റെ ഈ പരാമര്‍ശം.

ഭരണഘടന അംഗീകരിക്കപ്പെട്ട സമയത്ത് ഗോള്‍വാള്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ മനുസ്മൃതി ഇല്ല എന്നതാണ് ഭരണഘടനയുടെ ഏറ്റവും വലിയ പോരായ്മകളില്‍ ഒന്നായി പറഞ്ഞതെന്നും എന്നാല്‍ ആര്‍.എസ്.എസ് ആ ചിന്തകളില്‍ നിന്നും മാറിയിട്ടുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും തരൂര്‍ പറഞ്ഞു. അവര്‍ ഇപ്പോഴും അതേ ചിന്താഗതിയില്‍ തന്നെയാണോ അല്ലയോ എന്നതിന് ഉത്തരം പറയാന്‍ ആര്‍.എസ്.എസിനേ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തരാവസ്ഥയുടെ കാലത്ത് കോണ്‍ഗ്രസാണ് മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകള്‍ കൂട്ടിച്ചേര്‍ത്തതെന്നും അതിനാല്‍ ഇവ ഭരണഘടനയില്‍ നിന്ന് ഒഴിവാക്കണമെന്നും ആര്‍.എസ്.എസ് നേതാവ് ആവശ്യപ്പെടുകയായിരുന്നു.

ഹിന്ദുസ്ഥാന്‍ സമാചാര്‍ ദല്‍ഹിയില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥയുടെ 50 വര്‍ഷങ്ങള്‍ എന്ന ചടങ്ങില്‍ സംസാരിക്കവേയായിരുന്നു ആര്‍.എസ്.എസ് നേതാവിന്റെ വിവാദപരാമര്‍ശം.

പിന്നാലെ ദത്താത്രേയയുടെ പരാമര്‍ശത്തെ ശക്തമായി അപലപിച്ചുകൊണ്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് എത്തി. ബാബാസാഹേബ് അംബേദ്കറുടെ ഭരണഘടന ആര്‍.എസ്.എസ് ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും ഭരണഘടന മനുസ്മൃതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ചതല്ലെന്നും ജയറാം രമേശ് വിമര്‍ശിച്ചു.

ദത്താത്രേയയുടെ പരാമര്‍ശത്തിന് പിന്നാലെ ബി.ജെ.പി മന്ത്രിമാര്‍ അദ്ദേഹത്തിന്റെ ആവശ്യം ആവര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു. മതേതരത്വവും സോഷ്യലിസവും ഇന്ത്യക്ക് ആവശ്യമില്ലെന്നും വസുധൈവ കുടുംബകം എന്നതിലൂടെ നിലപാട് തന്നെ രാജ്യത്തിന്റെ നിലപാട് വ്യക്തമാണെന്നുമാണ് കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞത്.

എന്നാല്‍ ഇതിനിടെ ഭരണഘടന ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന് അധികാരമുണ്ടെന്നും പക്ഷെ അടിസ്ഥാനഘടനയില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് വ്യക്തമാക്കി.

Content Highlight: Congress MP Shashi Tharoor said that the RSS, which once lamented that the instructions from Manusmriti were not in the Constitution and insulted the Constitution, has now changed its stance