എ.കെ.ജി സെന്ററിന് പോലും സുരക്ഷ നല്‍കാനാവാത്ത ആഭ്യന്തര വകുപ്പിന്റെ പരാജയം സി.പി.ഐ.എം പ്രവര്‍ത്തകര്‍ വിലയിരുത്തണം; ഇത് കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ജയരാജന്റെ 'പൊട്ട ബുദ്ധി' കേരളം ചവറ്റുകൊട്ടയിലെറിയും: ഷാഫി പറമ്പില്‍
Kerala News
എ.കെ.ജി സെന്ററിന് പോലും സുരക്ഷ നല്‍കാനാവാത്ത ആഭ്യന്തര വകുപ്പിന്റെ പരാജയം സി.പി.ഐ.എം പ്രവര്‍ത്തകര്‍ വിലയിരുത്തണം; ഇത് കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ജയരാജന്റെ 'പൊട്ട ബുദ്ധി' കേരളം ചവറ്റുകൊട്ടയിലെറിയും: ഷാഫി പറമ്പില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st July 2022, 12:57 pm

തിരുവനന്തപുരം: കഴിഞ്ഞ ദിവസം എ.കെ.ജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്പില്‍.

എ.കെ.ജി സെന്ററിന് പോലും സുരക്ഷ നല്‍കുവാന്‍ കഴിയാത്ത, പാര്‍ട്ടി സെക്രട്ടറിക്കെതിരെ ബോംബെറിഞ്ഞ പ്രതിയെ പിടിക്കാന്‍ കഴിയാത്ത, പാര്‍ട്ടിയുടെ സ്വന്തം സ്വാമിയുടെ ആശ്രമത്തിന് തീയിട്ടവരെ പിടിക്കാന്‍ കഴിയാത്ത ആഭ്യന്തര വകുപ്പിന്റെ പരാജയം സി.പി.ഐ.എം പ്രവര്‍ത്തകരും വിലയിരുത്തണമെന്നായിരുന്നു ഷാഫി പറമ്പില്‍ പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

ബോംബെറിഞ്ഞവനെ എത്രയും പെട്ടെന്ന് പൊലീസ് പിടികൂടണമെന്ന് പറഞ്ഞ ഷാഫി പറമ്പില്‍ കോടിയേരിയുടെ സ്റ്റേജിന് നേരേ ബോംബെറിഞ്ഞ കേസ് പോലെ ആകരുത് ഈ കേസന്വേഷണമെന്നും പറഞ്ഞു.

എ.കെ.ജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ പ്രതികരണത്തിനും ഷാഫി പറമ്പില്‍ തന്റെ പോസ്റ്റിലൂടെ മറുപടി നല്‍കുന്നുണ്ട്. ”ഇത് കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ജയരാജന്റെ ‘പൊട്ട ബുദ്ധി’ എന്തായാലും കേരളം ചവറ്റുകൊട്ടയിലെറിയും,” എന്നാണ് ഷാഫി പറമ്പില്‍ പറഞ്ഞത്.

വ്യാഴാഴ്ച രാത്രി 11:30ഓടെയായിരുന്നു എ.കെ.ജി സെന്ററിലെ ഹാളിലേക്കുള്ള ഗേറ്റിലേക്ക് ബോംബെറിഞ്ഞത്. ബൈക്കിലെത്തിയ ആളാണ് ബോംബെറിഞ്ഞത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇതിന് പിന്നാലെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍, മന്ത്രി ആന്റണി രാജു, പി.കെ. ശ്രീമതി, എ.എ. റഹീം എം.പി. അടക്കമുള്ളവരായിരുന്നു സ്ഥലത്തെത്തിയത്.

കന്റോണ്‍മെന്റ് പൊലീസ് സംഭവ സ്ഥലത്ത് പരിശോധന നടത്തി വരികയാണ്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരും ഇന്നലെ രാത്രി തന്നെ സ്ഥലത്തെത്തിയിരുന്നു.

എ.കെ.ജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചിരുന്നു. ആക്രമണത്തെ അപലപിക്കുന്നുവെന്നും കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകര്‍ക്കാനുമുള്ള ശ്രമമാണിതെന്നും കുറ്റം ചെയ്തവരെയും അവര്‍ക്ക് പിന്നിലുള്ളവരെയും കണ്ടെത്തുമെന്നും പറഞ്ഞ മുഖ്യമന്ത്രി പ്രകോപനങ്ങള്‍ക്ക് അടിപ്പെടാതെ സമാധാനം സംരക്ഷിക്കാന്‍ ഉയര്‍ന്ന ബോധത്തോടെ മുന്നില്‍ നില്‍ക്കണമെന്ന് തന്റെ പോസ്റ്റിലൂടെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ഇന്ന് രാവിലെ അദ്ദേഹം എ.കെ.ജി സെന്റര്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

എ.കെ.ജി സെന്ററിന് നേരെ നടന്ന ബോംബാക്രമണത്തില്‍ സമാധാനപരമായ പ്രതിഷേധം ബഹുജനങ്ങളെ അണിനിരത്തി സംഘടിപ്പിക്കണമെന്നും സംസ്ഥാനത്തെ കലാപഭൂമിയാക്കി ക്രമസമാധാന നില തകര്‍ന്നു എന്ന മുറവിളി സൃഷ്ടിക്കാന്‍ സംസ്ഥാനത്ത് നടക്കുന്ന ബോധപൂര്‍വമായ പരിശ്രമങ്ങളുടെ തുടര്‍ച്ചയാണ് എ.കെ.ജി സെന്ററിന് നേരെയുണ്ടായ അക്രമണമെന്നുമായിരുന്നു കോടിയേരി പറഞ്ഞത്.

ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ബോംബെറിഞ്ഞവനെ എത്രയും പെട്ടെന്ന് പൊലീസ് പിടികൂടണം. ഈ കേസന്വേഷണം കോടിയേരിയുടെ സ്റ്റേജിന് നേരേ ബോംബെറിഞ്ഞ കേസ് പോലെ ആകരുത്.

തിരുവനന്തപുരം സിറ്റിക്കകത്ത് പൊലീസിന്റെയും കണ്ണുതുറന്ന് ഇരിക്കുന്ന സി.സി.ടി.വിയുടെയും മുന്നില്‍ ഇത് ചെയ്തയാളെ പിടിക്കാന്‍ കഴിയുന്നില്ലെങ്കില്‍, എ.കെ.ജി സെന്ററിന് പോലും സുരക്ഷ നല്‍കുവാന്‍ കഴിയാത്ത, പാര്‍ട്ടി സെക്രട്ടറിക്കെതിരെ ബോംബെറിഞ്ഞ പ്രതിയെ പിടിക്കാന്‍ കഴിയാത്ത, പാര്‍ട്ടിയുടെ സ്വന്തം സ്വാമിയുടെ ആശ്രമത്തിന് തീയിട്ടവരെ പിടിക്കാന്‍ കഴിയാത്ത ആഭ്യന്തര വകുപ്പിന്റെ പരാജയം സി.പി.ഐ.എം പ്രവര്‍ത്തകരും വിലയിരുത്തണം.

ഇത് കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ജയരാജന്റെ ‘പൊട്ട ബുദ്ധി’ എന്തായാലും കേരളം ചവറ്റുകൊട്ടയിലെറിയും.

Content Highlight: Congress MLA Shafi Parambil’s response on the bomb attack against AKG center in Thiruvananthapuram