ആണവ കരാര്‍ പുനരുജ്ജീവിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ല; ദോഹ ചര്‍ച്ചയില്‍ 'ശുഭപ്രതീക്ഷ' പങ്കുവെച്ച് ഇറാന്‍
World News
ആണവ കരാര്‍ പുനരുജ്ജീവിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ല; ദോഹ ചര്‍ച്ചയില്‍ 'ശുഭപ്രതീക്ഷ' പങ്കുവെച്ച് ഇറാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st July 2022, 9:35 am

ടെഹ്റാന്‍: 2015ലെ ആണവ കരാര്‍ പുനരുജ്ജീവിപ്പിക്കാനുള്ള സാധ്യത ഇപ്പോഴുമുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി. ഖത്തറിലെ ദോഹയില്‍ വെച്ച് ഇറാനും അമേരിക്കയും തമ്മില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടുവെങ്കിലും കരാര്‍ പുതുക്കാമെന്ന പ്രതീക്ഷയാണ് ഇറാന്‍ വിദേശകാര്യ മന്ത്രി ഹൊസൈന്‍ അമിറബ്ദൊല്ലഹ്യാന്‍ പങ്കുവെച്ചത്.

”ഈയടുത്ത് ദോഹയില്‍ വെച്ച് നടന്ന ചര്‍ച്ചയെ പോസിറ്റീവായാണ് ഞങ്ങള്‍ വിലയിരുത്തുന്നത്,” അമിറബ്ദൊല്ലഹ്യാന്‍ പറഞ്ഞു. ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍- താനിയുമായി വ്യാഴാഴ്ച നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലായിരുന്നു പ്രതികരണം.

നേരത്തെ ആണവകരാര്‍ വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രതീക്ഷ വെക്കാവുന്നതായി ഒന്നും സംഭവിച്ചില്ല എന്ന് ഇറാന്റെയും യു.എസിന്റെയും പ്രസ്താവനകളില്‍ നിന്നുള്ള മാറ്റമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഇറാനിലെ തസ്‌നിം വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

യു.എസിലെ ബൈഡന്‍ ഭരണകൂടത്തിന്റെ കഴിവില്ലായ്മയും ഒരു അന്തിമ തീരുമാനമെടുക്കാന്‍ പറ്റാതിരിക്കുന്നതുമാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമായതെന്നും ഇറാനിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന് യാതൊരു തരത്തിലുള്ള സാമ്പത്തിക നേട്ടവും ഉറപ്പ് നല്‍കാത്ത ഡ്രാഫ്റ്റാണ് യു.എസ് തയാറാക്കിയതെന്നും അവര്‍ അതില്‍ ഉറച്ച് നിന്നതുകൊണ്ടാണ് മധ്യസ്ഥ ചര്‍ച്ചകള്‍ ഫലപ്രാപ്തിയിലെത്താതിരുന്നതെന്നും തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ചര്‍ച്ച പരാജയപ്പെട്ടതില്‍ ഇറാനെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു യു.എസിന്റെ പ്രസ്താവന പുറത്തുവന്നത്. ”യൂറോപ്യന്‍ യൂണിയന്റെ ഇനീഷ്യേറ്റീവിനോട് പോസിറ്റീവായി പ്രതികരിക്കുന്നതില്‍ ഇറാന്‍ പരാജയപ്പെട്ടു. അതുകൊണ്ടാണ് ചര്‍ച്ചയില്‍ ഒരു പുരോഗതിയും ഇല്ലാതിരുന്നത്,” എന്നായിരുന്നു യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വക്താവ് പറഞ്ഞത്.

ബുധനാഴ്ചയായിരുന്നു ഇറാന്‍- യു.എസ് ചര്‍ച്ച അവസാനിച്ചത്. എന്നാല്‍ ചര്‍ച്ചയില്‍ ശുഭകരമായ സൂചനയൊന്നും ഉണ്ടായിരുന്നില്ല.

”ഒരു നല്ല, ശക്തിയുള്ള, ശാശ്വതമായ കരാറില്‍ എത്തിച്ചേരാന്‍ ഇറാന്‍ തയാറാണ്,” എന്നായിരുന്നു ചര്‍ച്ചക്ക് പിന്നാലെ ഇറാന്‍ വിദേശകാര്യ മന്ത്രി വിഷയത്തില്‍ ട്വീറ്റ് ചെയ്തത്.

2015ലെ ആണവകരാര്‍ പുനരുജ്ജീവിപ്പിക്കുന്നതിന് വേണ്ടി 2021 ഏപ്രില്‍ മുതല്‍ ഇറാനും യു.എസും തമ്മില്‍ ചര്‍ച്ചകള്‍ നടത്തുകയാണ്.

കരാറില്ലാത്ത ഒരു സാഹചര്യം തങ്ങള്‍ മുന്നില്‍ കാണുന്നുണ്ട് എന്നുള്ള തരത്തില്‍ യു.എസ് ഉദ്യോഗസ്ഥരില്‍ നിന്നും പ്രതികരണങ്ങള്‍ വന്നതോടെയാണ് ദോഹയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തിയത്.

2018ല്‍ അന്നത്തെ ട്രംപ് ഭരണകൂടത്തിന്റെ സമയത്തായിരുന്നു ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് യു.എസ് പിന്മാറിയത്. പിന്നാലെ ഇറാന് മേല്‍ നിരവധി ഉപരോധങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.

ഇറാനുമായി നേരിട്ട് സന്ധിപ്പെടുന്നതിനെ ഇറാന്‍ നിരാകരിച്ചിട്ടുണ്ട്. കരാറിന്റെ ഭാഗമായ മറ്റ് രാജ്യങ്ങള്‍ക്ക് ഇക്കാര്യം ഇറാന്‍ വിട്ടുനല്‍കിയിരിക്കുകയാണ്.

യൂറോപ്യന്‍ യൂണിയന്റെ മധ്യസ്ഥതയിലാണ് നിലവില്‍ ചര്‍ച്ചകള്‍ നടക്കുന്നത്.

Content Highlight: Iran foreign minister says the revival of the 2015 nuclear deal is still possible, after Iran- US talks held in Doha failed