'മാതുലനൊട്ട് വന്നതുമില്ല ഉള്ള മാനവും പോയി'; വള്ളംകളിക്ക് അമിത് ഷാ വരാത്തതില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് ചെന്നിത്തല
Kerala News
'മാതുലനൊട്ട് വന്നതുമില്ല ഉള്ള മാനവും പോയി'; വള്ളംകളിക്ക് അമിത് ഷാ വരാത്തതില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st September 2022, 3:34 pm

തിരുവനന്തപുരം: നെഹ്റു ട്രോഫി വള്ളംകളി കാണാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം നിരസിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തീരുമാനത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ‘മാതുലനൊട്ട് വന്നതുമില്ല ഉള്ള മാനവും പോയി’ എന്നായിരുന്നു വിമര്‍ശനം. ഫേസ്ബുക്കിലൂടെയായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം.

ഘടകകക്ഷി ബന്ധം കൂടുതല്‍ ഗാഢമാക്കുവാന്‍ മനക്കോട്ട കെട്ടിയാണ് തനിക്കും ഗവണ്‍മെന്റിനും രക്ഷാകവചം തീര്‍ക്കുന്ന അമിത് ഷായെ ഒന്ന് സുഖിപ്പിക്കാന്‍ വേണ്ടി നെഹ്‌റു ട്രോഫി വള്ളംകളിക്ക് ക്ഷണിച്ചത്.

കോണ്‍ഗ്രസ് മുക്ത ഭാരതം സ്വപ്നം കാണുന്ന അമിത് ഷായും മോദിയും കേരളത്തില്‍ ബി.ജെ.പിക്ക് ബദലായി മാത്രമേ സി.പി.ഐ.എമ്മിനെ കാണുന്നു എന്നുള്ള യാഥാര്‍ത്ഥ്യം ഇപ്പോഴും മുഖ്യമന്ത്രി മനസ്സിലാക്കിയിട്ടില്ലന്നും ചെന്നിത്തല പറഞ്ഞു.

ഇതേപോലുള്ള പല പൊറോട്ട് നാടകങ്ങളും ഇനിയും നമ്മള്‍ കാണാന്‍ ഇരിക്കുന്നതേയുള്ളൂ എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

നെഹ്റു ട്രോഫി വള്ളംകളിയുടെ മുഖ്യാതിഥിയായി വരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം ആഭ്യന്തരമന്ത്രി അമിത് ഷാ നിരസിച്ചിരുന്നു. ഔദ്യോഗിക തിരക്കുകള്‍ കാരണമാണ് പങ്കെടുക്കാത്തതെന്നാണ് വിശദീകരണം.

സെപ്റ്റംബര്‍ 2ന് തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം 3ന് നടക്കുന്ന 30ാമത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത് അന്ന് തന്നെ ദല്‍ഹിയിലേക്ക് തിരിച്ച് പോകും. സെപ്റ്റംബര്‍ നാലിനാണ് പുന്നമടക്കായലില്‍ നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ അമിത് ഷായെ മുഖ്യാതിഥിയായി ക്ഷണിച്ചത് വിവാദമായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ നടപടിക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. എന്നാല്‍ സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തുന്ന ആഭ്യന്തരമന്ത്രിയേയും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും നെഹ്റു ട്രോഫി വള്ളംകളി കാണാന്‍ ക്ഷണിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പ്:

മാതുലനൊട്ട് വന്നതുമില്ല ഉള്ള മാനവും പോയി
നെഹ്‌റു ട്രോഫി വള്ളംകളി കാണാനുള്ള ക്ഷണം നിരസിച്ച അമിത് ഷാ മുഖ്യമന്ത്രിക്ക് നല്‍കിയത് നിരാശ.
ഘടകകക്ഷി ബന്ധം കൂടുതല്‍ ഗാഢമാക്കുവാന്‍ മനക്കോട്ട കെട്ടിയാണ് തനിക്കും ഗവണ്‍മെന്റിനും രക്ഷാകവചം തീര്‍ക്കുന്ന അമിത് ഷായെ ഒന്ന് സുഖിപ്പിക്കുവാന്‍ വേണ്ടി നെഹ്‌റു ട്രോഫി വള്ളംകളി കാണുവാന്‍ ക്ഷണിച്ചത്.

കോണ്‍ഗ്രസ് മുക്ത ഭാരതം സ്വപ്നം കാണുന്ന അമിത് ഷായും മോദിയും കേരളത്തില്‍ ഇപ്പോഴും വേരുറയ്ക്കാത്ത ബി.ജെ.പിക്ക് ബദലായി മാത്രമേ സി.പി.ഐ.എമ്മിനെ കാണുന്നു എന്നുള്ള യാഥാര്‍ത്ഥ്യം ഇപ്പോഴും മുഖ്യമന്ത്രി മനസ്സിലാക്കിയിട്ടില്ല.

ഇതേപോലുള്ള പല പൊറോട്ട് നാടകങ്ങളും ഇനിയും നമ്മള്‍ കാണാന്‍ ഇരിക്കുന്നതേയുള്ളൂ

Content Highlight: Congress leader Ramesh Chennithala mocks Chief minister Pinarayi Vijayan