കടല്‍പ്പാലം കാണാനെത്തിയ ദമ്പതികളെ സദാചാര പൊലീസ് ചമഞ്ഞ് തലശ്ശേരി പൊലീസ് മര്‍ദിച്ച് അറസ്റ്റ് ചെയ്തതായി പരാതി
Kerala News
കടല്‍പ്പാലം കാണാനെത്തിയ ദമ്പതികളെ സദാചാര പൊലീസ് ചമഞ്ഞ് തലശ്ശേരി പൊലീസ് മര്‍ദിച്ച് അറസ്റ്റ് ചെയ്തതായി പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th July 2022, 10:35 am

തലശ്ശേരി: സദാചാര പൊലീസ് ചമഞ്ഞ് ദമ്പതികളെ തലശ്ശേരി പൊലീസ് മര്‍ദിച്ച് അറസ്റ്റ് ചെയ്തതായി പരാതി. ഈ മാസം അഞ്ചാം തിയതി രാത്രി ദമ്പതികള്‍ കടല്‍ പാലം കാണാന്‍ പോയപ്പോഴായിരുന്നു സംഭവം.

തലശേരി പാലയാട് ചിറക്കുനി പാവനത്തില്‍ പ്രത്യുഷ് (31), ഭാര്യ പിണറായി എരുവട്ടിയിലെ മേഘ(27) എന്നിവര്‍ക്കാണ് ദുരനുഭവം നേരിട്ടത്. കുടുംബം മുഖ്യമന്ത്രിക്കും എസ്.പിക്കും പരാതി നല്‍കിയിട്ടുണ്ട്.

പൊലീസിനോട് തിരികെ ചോദ്യം ചോദിച്ചപ്പോള്‍ സ്‌റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ഭര്‍ത്താവിനെ മര്‍ദിച്ചെന്ന് ആക്രമത്തിന് ഇരയായ മേഘ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അവരുടെ പ്രതികരണം.

‘അഞ്ചാ തിയതിയാണ് കടല്‍ പാലം കാണാന്‍ പോയിരുന്നത്. നല്ല മഴ കാരണം ഒരു ഷെഡിലേക്ക് കയറിയിരുന്നിരുന്നു. അപ്പോഴാണ് പൊലീസ് അവിടെ വരുന്നത്. പൊലീസ് ഭര്‍ത്താവിനോട് എന്താണിവിടെ എന്ന് ചോദിച്ചപ്പോള്‍ വെറുതെ വന്നതാണ് എന്നാണ് മറുപടി നല്‍കിയത്.

അപ്പോള്‍ ഇവിടെ സേഫല്ല, ഇവിടെ നിന്ന് പോകണം എന്ന് പൊലീസ് പറഞ്ഞു. അതിന് എന്തെങ്കിലും ഓര്‍ഡര്‍ ഉണ്ടോ എന്ന് ഭര്‍ത്താവ് ചോദിച്ചു. മാന്യമായി ആയിരുന്നു അദ്ദേഹം അത് ചോദിച്ചത്.

പക്ഷേ അത് ചോദിച്ചത് പൊലീസിന് ഇഷ്ടമായില്ല. അതിന് ശേഷം ഞങ്ങളുടെ ലൈസന്‍സ്, വണ്ടിയുടെ ബുക്കും പേപ്പറും ചോദിച്ചെങ്കിലും ആ സമയത്ത് കയ്യിലുണ്ടായിരുന്നില്ല.

അത് ഹാജരാക്കാം എന്ന് പറഞ്ഞു. പക്ഷേ പൊലീസ് ഞങ്ങളുടെ വാഹനം കൊണ്ടുപോകും എന്നാണ് പറഞ്ഞത്. അതിന് ശേഷം ബലം പ്രയോഗിച്ചാണ് ഞങ്ങളെ സ്റ്റേഷനിലെത്തിച്ചത്. എന്നെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോള്‍ ഒരു വനിത പൊലീസ് ഉണ്ടായിരുന്നില്ല,’ മേഘ പറഞ്ഞു.

സ്റ്റേഷനില്‍ എത്തിയ ശേഷം പൊലീസ് ഭര്‍ത്താവിനെ മര്‍ദിച്ചെന്നും മദ്യപിച്ചെത്തിയ ഒരു സി.ഐ തന്നോട് മോശമായി സംസാരിച്ചെന്നും മേഘ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് പ്രത്യുഷിനെ കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു. തലശ്ശേരി എസ്.ഐ ആര്‍. മനുവിന്റെ കോളറിനുപിടിച്ച് കൈയേറ്റത്തിന് മുതിര്‍ന്നതായി പൊലീസ് പറഞ്ഞു.എസ്.ഐയെ കയ്യേറ്റം ചെയ്‌തെന്നാണ് കേസ്.