അര്‍ജുനെ പോലെ ഭാര്യ ചെയ്യുന്ന ജോലിയോട് ബഹുമാനമുള്ള എത്ര പേരുണ്ട്, കമന്റുകള്‍ എഴുതുന്നവര്‍ സ്വന്തം വീട്ടുകാരെ സ്മരിക്കുക; ദുര്‍ഗക്ക് പിന്തുണയുമായി കൃഷ്ണ ശങ്കര്‍
Film News
അര്‍ജുനെ പോലെ ഭാര്യ ചെയ്യുന്ന ജോലിയോട് ബഹുമാനമുള്ള എത്ര പേരുണ്ട്, കമന്റുകള്‍ എഴുതുന്നവര്‍ സ്വന്തം വീട്ടുകാരെ സ്മരിക്കുക; ദുര്‍ഗക്ക് പിന്തുണയുമായി കൃഷ്ണ ശങ്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 9th July 2022, 7:57 am

ദുര്‍ഗ കൃഷ്ണക്കെതിരായ അധിക്ഷേപങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നടന്‍ കൃഷ്ണ ശങ്കര്‍. ഇരുവരും പ്രധാനകഥാപാത്രങ്ങളായെത്തുന്ന ഉടുക്ക് 2025 എന്ന ചിത്രത്തിലെ മാരന്‍ എന്ന പാട്ട് പുറത്ത് വന്നതിന് പിന്നാലെ ദുര്‍ഗക്കെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ദുര്‍ഗക്കെതിരെ വീണ്ടും അധിക്ഷേപങ്ങള്‍ നടക്കുന്നുവെന്ന് പറഞ്ഞ് കൃഷ്ണ ശങ്കര്‍ രംഗത്ത് വന്നത്.

കൂട്ടുപ്രതിയായ താന്‍ സുഖമായി ഉറങ്ങാന്‍ പോകുമ്പോള്‍ ഇപ്പോഴും ആളുകള്‍ ദുര്‍ഗയെയും അവരുടെ ഹസ്ബന്‍ഡ് ആയ അര്‍ജുനെയും വീട്ടുകാരെയും പറ്റി മോശമായി സംസാരിക്കുന്നുവെന്ന് കൃഷ്ണ ശങ്കര്‍ പറഞ്ഞു.

നട്ടെല്ലില്ലാത്തവന്‍ എന്നവരുടെ ഭര്‍ത്താവിനെ പറയുന്നവരില്‍ എത്ര പേര്‍ അയാളെ പോലെ ഭാര്യയോട് സ്‌നേഹവും വിശ്വാസവും അവര്‍ ചെയ്യുന്ന ജോലിയോടുള്ള ബഹുമാനവും കാണിക്കുന്നുണ്ടെന്നും ഇത്തരത്തിലുള്ള കമന്റുകള്‍ എഴുതുമ്പോള്‍ ഒരു നിമിഷം സ്വന്തം വീട്ടുകാരെ സ്മരിക്കണമെന്നും ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ കൃഷ്ണ ശങ്കര്‍ പറഞ്ഞു.

 

‘ഇന്ന് കുറച്ചു നേരം മുമ്പ് ദുര്‍ഗ കൃഷ്ണയുടെ ഒരു കോള്‍ വന്നു. ഞങ്ങള്‍ ഒരുമിച്ചഭിനയിച്ച ഒരു സിനിമയിലെ ഗാന രംഗത്തിലെ സീന്‍ കാരണം ഇപ്പോഴും ഇന്ന് ഈ രാത്രിയിലും ദുര്‍ഗയെയും അവരുടെ ഹസ്ബന്‍ഡ് ആയ അര്‍ജുനെയും വീട്ടുകാരെയും കുറിച്ച് ആളുകള്‍ മോശമായി സംസാരിക്കുന്നു. ഇതില്‍ കൂട്ടുപ്രതിയായ ഞാന്‍ എന്റെ വീട്ടില്‍ കുട്ടികളെയും കളിപ്പിച്ച് ഭാര്യയായി സുഖമായി ഉറങ്ങാന്‍ പോകുന്നു. രണ്ടു പേരും ചെയ്തത് അവരവരുടെ ജോലിയാണ്.

പക്ഷെ വിമര്‍ശനം മുഴുവന്‍ സ്ത്രീയായ ദുര്‍ഗ കൃഷ്ണയ്ക്കാണ്. ഇതിനു മുമ്പ് ഞാന്‍ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞത് പോലെ ഒരു നല്ല കഥയുണ്ട്, പക്ഷെ അതില്‍ അഞ്ച് ലിപ് ലോക്കുമുണ്ട് എന്ന് പറഞ്ഞാല്‍ ലിപ്‌ലോക്കിന്റെ ആശങ്കകള്‍ മാറ്റിവച്ച് ഒരു സെക്കന്‍ഡ് പോലും ആലോചിക്കാതെ ആ സിനിമ ഞാന്‍ ചെയ്യാം. കാരണം ഒരു നല്ല സിനിമ ചെയ്യുക എന്നതാണ് ഒരു നടന്റെ ലക്ഷ്യം.

May be an image of one or more people, beard and sky

പക്ഷെ അത് തന്നെ ഇവര്‍ക്ക് വരുമ്പോള്‍ കഴിഞ്ഞ പടത്തില്‍ ഇതിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്ന മോശം എക്‌സ്പീരിയന്‍സ് കൊണ്ട് ആ സിനിമ തന്നെ ഇവര്‍ ഉപേക്ഷിക്കേണ്ടി വന്നാല്‍ അത് അവരുടെ ഏറ്റവും വലിയ സ്വപ്നം ഉപേക്ഷിക്കുന്നതിനു തുല്യമാകും. ഇതിനൊരു മാറ്റം നമ്മള്‍ തന്നെ കൊണ്ടുവരണം.

നട്ടെല്ലില്ലാത്തവന്‍ എന്നവരുടെ ഭര്‍ത്താവിനെ പറയുമ്പോള്‍ എത്ര ആളുകള്‍ ഉണ്ട് അയാളെ പോലെ ഭാര്യയോടുള്ള സ്‌നേഹവും വിശ്വാസവും അവര്‍ ചെയ്യുന്ന ജോലിയോടുള്ള ബഹുമാനവും ഉള്ളവര്‍.
അത് കൊണ്ട് ഇത്തരത്തിലുള്ള കമന്റുകള്‍ എഴുതുമ്പോള്‍ ഒരു നിമിഷം മുമ്പ് നിങ്ങള്‍ നിങ്ങളുടെ വീട്ടുകാരെ ഒന്ന് സ്മരിക്കുക,’ അര്‍ജുന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Content Highlight: Actor Krishna Shankar criticized the insults against Durga Krishna