അന്നം മുട്ടുന്നു; വലിയതുറ, അഞ്ചുതെങ്ങ്, ശംഖുമുഖം തുടങ്ങിയ തീരങ്ങളില്‍ നിന്നും കടലില്‍ പോകാന്‍ സാധിക്കുന്നില്ലെന്ന് മല്‍സ്യത്തൊഴിലാളികള്‍
life of coastline
അന്നം മുട്ടുന്നു; വലിയതുറ, അഞ്ചുതെങ്ങ്, ശംഖുമുഖം തുടങ്ങിയ തീരങ്ങളില്‍ നിന്നും കടലില്‍ പോകാന്‍ സാധിക്കുന്നില്ലെന്ന് മല്‍സ്യത്തൊഴിലാളികള്‍
ജംഷീന മുല്ലപ്പാട്ട്
Saturday, 11th May 2019, 4:15 pm

തിരുവനന്തപുരം: കേരളത്തിലെ മല്‍സ്യത്തൊഴിലാളികള്‍ എപ്പോഴും പറയുന്ന ഒരു വാചകമുണ്ട്-മത്സ്യത്തൊഴിലാളികളുടെ അറിവിനെ ആരും ഉപയോഗപ്പെടുത്തിയിട്ടില്ല എന്ന്. ഇത് കേവലം ഒരു അവകാശവാദം മാത്രമല്ലെന്ന് കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ മത്സ്യത്തൊഴിലാളികള്‍ തെളിയിച്ചതുമാണ്.

കടലിനേയും കാറ്റിനേയും വെള്ളത്തേയും അറിയുന്ന മല്‍സ്യത്തൊഴിലാളികള്‍ അക്ഷരാര്‍ത്ഥത്തില്‍ കേരളത്തെ മഹാ പ്രളയത്തില്‍ നിന്നും കോരിയെടുക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ മല്‍സ്യത്തൊഴിലാളികളെ കേരളത്തിന്റെ സൈന്യമെന്നു വിളിച്ചു വാഴ്ത്തി.

എന്നാല്‍ പ്രളയത്തിനു മുമ്പും ശേഷവും അധികാരികളും പൊതുജനവും മത്സ്യത്തൊഴിലാളികളെ അംഗീകരിച്ചിട്ടില്ല. അംഗീകരിച്ചിരുന്നെങ്കില്‍ വിഴിഞ്ഞം തുറമുഖം കേരളത്തില്‍ ഉണ്ടാകുമായിരുന്നില്ല. കേരളാ മോഡല്‍ വികസനത്തിന്റെ പ്രധാന നാഴികക്കല്ലായി ചൂണ്ടിക്കാണിക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിനും ജീവാനോപാധികള്‍ക്കും നേരെ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചെറുതൊന്നുമല്ല.

കഴിഞ്ഞ കുറേ ദിവസങ്ങളായി വലിയതുറ, ശംഖുമുഖം, അഞ്ചുതെങ്ങ് പ്രദേശങ്ങളില്‍ വ്യാപകമായി കടല്‍ ക്ഷോഭവും കടലേറ്റവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വലിയതുറയില്‍ മുന്‍വര്‍ഷം ഭാഗികമായി തകര്‍ന്നു വീണ കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രത്തിന്റെ ബാക്കിയും കൂടി കടലെടുത്തു പോയി. വലിയതുറ കടല്‍പ്പാലം പൂര്‍ണ്ണമായും കടലിലെയ്ക്ക് പതിച്ചു. തുടര്‍ന്ന് വലിയതുറയിലെ മത്സ്യത്തൊഴിലാളികള്‍ ഇറിഗേഷന്‍ എഞ്ചിനീയറുടെ ഓഫീസിനു മുമ്പില്‍ സമരം നടത്തുകയും ചെയ്തിരുന്നു.

കടലിലും തീരത്തും ഈ പ്രതിഭാസമെല്ലാം നടക്കുന്നത് വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം നടക്കുന്നത് കൊണ്ടാണെന്ന് തീരദേശ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ജോസഫ് വിജയന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

‘വിഴിഞ്ഞത്തിന് വടക്കും തെക്കും അടിക്കടി ശക്തമായ തിരമാലകളും കടല്‍ക്ഷോഭവും ഉണ്ടാവുന്നുണ്ട്. ഇത് രണ്ട് വ്യത്യസ്ത രീതികളിലാണ് പ്രകടമാകുന്നത്. വിഴിഞ്ഞത്തിന് വടക്ക് കടപ്പുറങ്ങള്‍ (മണല്‍ത്തീരങ്ങള്‍) ഇല്ലാതായെങ്കില്‍ അഥവാ തീരശോഷണം (erosion) സംഭവിച്ചെങ്കില്‍ വിഴിഞ്ഞത്തിന് തെക്ക് തീരത്തേക്ക് മണല്‍ കൂടുതലായി അടിച്ചു കയറി മണല്‍ത്തിട്ടകള്‍ പൊക്കത്തില്‍ രൂപപ്പെട്ടതിനാല്‍ അഥവാ തീരംവയ്പ് (accretion) സംഭവിച്ചതിനാല്‍ മീന്‍പിടുത്ത വള്ളങ്ങള്‍ കടലിലേക്ക് ഇറക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. രണ്ടിടത്തും കടല്‍ക്ഷോഭം ഉണ്ടായെങ്കിലും വിഴിഞ്ഞത്തിന് വടക്കുള്ള തീരങ്ങളില്‍ നിന്നും മണ്ണ് ക്രമാതീതമായി തീരത്തുനിന്നും കടലൊഴുക്കില്‍ തെക്കോട്ട് പോകുന്നെങ്കില്‍, വിഴിഞ്ഞത്തിന് തെക്കുള്ള തീരങ്ങളില്‍ ആ മണല്‍ കടല്‍ത്തീരത്ത് അടിഞ്ഞ് പൊക്കമുള്ള തിട്ടകളായി മാറുകയാണ്.

വിഴിഞ്ഞത്ത് 1970ല്‍ ഫിഷിംഗ് ഹാര്‍ബറിന്റെ പുലിമുട്ടുകള്‍ നിര്‍മ്മിച്ച ശേഷമാണ് മേല്‍പ്പറഞ്ഞ തീരശോഷണം-തീരംവയ്പ് പ്രതിഭാസങ്ങള്‍ കണ്ടുതുടങ്ങിയത്. പിന്നീട് കടലേറ്റം തടയാനെന്ന പേരില്‍ കടല്‍ഭിത്തികളും ചെറിയ ഗ്രോയിനുകളും പനത്തുറ, പൂന്തുറ, ബീമാപള്ളി എന്നീ തീരങ്ങളില്‍ നിര്‍മ്മിച്ചതോടെ അതിന് വടക്കുള്ള തീരങ്ങളിലും തീരശോഷണത്തിന്റെ തോത് വര്‍ദ്ധിച്ചു. ഇപ്പോള്‍ വിഴിഞ്ഞത്ത് അദാനി വാണിജ്യ തുറമുഖത്തിനായുള്ള പുലിമുട്ട് നിര്‍മാണവും ഒപ്പം ഡ്രഡ്ജിംഗും നടത്തിയതോടെ ഈ പ്രത്യാഘാതങ്ങളും ഇരട്ടിച്ചിരിക്കുന്നു’- ജോസഫ് വിജയന്‍ പറഞ്ഞു.

കടലേറ്റം രൂക്ഷമായ വലിയതുറയില്‍ പുതിയ കടല്‍ഭിത്തി നിര്‍മ്മിക്കുന്നുണ്ട്. പനത്തുറ മോഡല്‍ കടല്‍ഭിത്തിയാണ് ഇപ്പോള്‍ നിര്‍മിക്കാന്‍ പോകുന്നത്. തീരശോഷണം താല്‍ക്കാലികമായി തടയാന്‍ ഇത് ഉപകരിച്ചേക്കാമെങ്കിലും തല്‍ഫലമായി ഇതിന് വടക്കുള്ള തീരങ്ങളില്‍ കടലേറ്റം രൂക്ഷമാകും. പനത്തുറ മോഡല്‍ കടല്‍ഭിത്തി (ഭിത്തിയും ഗ്രോയിനുകളും) കെട്ടിയാല്‍ വള്ളങ്ങള്‍ക്കും അതില്‍ പണിയെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും കടലിലേക്ക് പോകാന്‍ കഴിയില്ല.

20-30 വര്‍ഷം മുമ്പ് പനത്തുറയില്‍ ഗ്രോയിനുകള്‍ ഉള്‍പ്പെടെയുള്ള കടല്‍ഭിത്തി നിര്‍മ്മിച്ച ശേഷം ഇപ്പോള്‍ അവിടെ കടല്‍ത്തീരമില്ല. കടല്‍ഭിത്തി താഴ്ന്നതിനാല്‍ പത്തോളം പ്രാവശ്യം പുതുക്കിയിട്ടുമുണ്ട്. പനത്തുറയില്‍ കടലിലെ മീന്‍പിടുത്തം അവസാനിക്കുകയും ചെയ്തു. ഇതുതന്നെയാണ് വലിയ തുറയിലും സംഭവിക്കാന്‍ പോകുന്നത്. വീടുകളെ രക്ഷിക്കാനായി കടലിനെ താല്‍ക്കാലികമായി പ്രതിരോധിക്കാന്‍ കടല്‍ഭിത്തികള്‍ക്ക് കഴിഞ്ഞേക്കും. പക്ഷേ വലിയതുറക്കാരായ മത്സ്യത്തൊഴിലാളികള്‍ക്ക് കാലക്രമേണെ മത്സ്യബന്ധനത്തിനു പോകാന്‍ സാധിക്കാതെ വരും. അവരുടെ ഉപജീവനമാര്‍ഗം എന്നന്നേക്കുമായി നഷ്ടപ്പെടും. കരയില്ലാതാകുന്നതോടെ കരമടി മത്സ്യബന്ധനം പൂര്‍ണ്ണമായും ഇല്ലാതാകുകയും ചെയ്യും.

വലിയതുറയില്‍ കടല്‍ഭിത്തി കെട്ടുന്നതോടെ സംഭവിക്കാന്‍ പോകുന്നത് അതിന് വടക്കുള്ള തോപ്പ്, ശംഖുമുഖം, കണ്ണാന്തുറ, വെട്ടുകാട് കടലോരങ്ങളില്‍ തീരശോഷണം കൂടും. ഇതിന്റെയൊക്കെ പരിഹാര മാര്‍ഗമായി മത്സ്യത്തൊഴിലാളികള്‍ ഉയര്‍ത്തുന്നത് വിഴിഞ്ഞം തുറമുഖ പദ്ധതി അവസാനിപ്പിക്കുക എന്നുള്ളതാണ്.

വിഴിഞ്ഞത്ത് കടലില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ പലപ്പോഴായി ഉയര്‍ന്ന തിരമാലകള്‍ രൂപപ്പെടാറുണ്ട്. ഇത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണെന്നാണ് അധികൃതര്‍ പറയുന്നത്. തുടര്‍ന്ന് ആ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികളെ കടലിലെ പോകുന്നത് വിലക്കുകയും ചെയ്യും. എന്നാല്‍ ഇത് വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സംഭവിക്കുന്നതാണെന്ന് തീരദേശ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ജോണ്‍സണ്‍ ജാമെന്റ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

‘വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന്റെ വടക്കു ഭാഗങ്ങളായ കോവളം, പനത്തുറ, പൂന്തുറ, ബീമാപള്ളി, ചെറിയതുറ, വലിയതുറ, കൊച്ച്‌തോപ്പ്, ശംഖുമുഖം തുടങ്ങിയ സ്ഥലങ്ങളിലും മുതലപ്പൊഴി ഹാര്‍ബറിലെ വടക്കു ഭാഗങ്ങളായ അഞ്ചുതെങ്ങ് മേഖലയിലും വലിയ തിരമാലകള്‍ ( swell waves )
കാരണമുള്ള കടലേറ്റത്തിന്റെ പ്രത്യാഘാതങ്ങള്‍ അത്യധികമായി ഉണ്ടാകുന്നുണ്ട്. കഴിഞ്ഞതവണത്തെ ഏതാണ്ട് ഇതേസമയത്തുണ്ടായ വലിയ തിരമാലകള്‍ കാരണം നഷ്ടപ്പെട്ട തീരം ശംഖുമുഖത്ത് ഇന്നേവരെ തിരിച്ചെത്തിയിട്ടില്ല. ഇവിടങ്ങളില്‍ കൃത്യതയുള്ള സവിശേഷമായ മുന്നറിയിപ്പ് വേണ്ടിയിരിക്കുന്നു. കൂടാതെ ഇവിടെ കടലിലെ അശാസ്ത്രീയമായ മനുഷ്യ ഇടപെടലുകള്‍ തീരത്തെ കൂടുതല്‍ ദുര്‍ബലമാക്കികൊണ്ടിരിക്കുന്നു എന്ന വസ്തുത കൂടി പരിഗണിക്കേണ്ടതുണ്ട്. അല്ലാതെ ഇത് കാലാവസ്ഥ വ്യതിയാനമല്ല’- ജോണ്‍സണ്‍ ജാമെന്റ് പറഞ്ഞു.

മാത്രമല്ല കാലാവസ്ഥാ വ്യതിയാനത്തിലുണ്ടാകുന്ന മാറ്റങ്ങളും വലിയതുറ, അഞ്ചുതെങ്ങ് ഭാഗങ്ങളില്‍ വലിയ തോതിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതായി ജോസഫ് വിജയന്‍ പറയുന്നു.

കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റത്തോടൊപ്പം സംഭവിക്കുന്ന വലിയ തിരമാലകളുടെ ആവിര്‍ഭാവം തീരങ്ങളില്‍ കടലേറ്റത്തിന് ഇടയാക്കുന്നുണ്ടെങ്കിലും കടലേറ്റത്തിന്റേയും നാശനഷ്ടത്തിന്റേയും തോത് എല്ലായിടത്തും ഒരു പോലെയല്ല. എന്തുകൊണ്ട് വലിയതുറ, അഞ്ചുതെങ്ങ് മേഖലകളില്‍ കൂടുതല്‍ നാശത്തിന് ഇടയാക്കുന്നു എന്നത് പ്രത്യേകമായി മനസ്സിലാക്കേണ്ടതുണ്ട്. കടലിലെ നിര്‍മ്മാണ പ്രവൃത്തികളാണ് കൂടുതല്‍ തീരശോഷണത്തിന് ഇടയാക്കുന്നതെന്ന് ശാസ്ത്രീയമായും അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിന് വടക്കുള്ള തീരങ്ങളിലാണ് കടലേറ്റത്തിന്റെ തോതും നാശനഷ്ടവും കൂടുതലായി കാണുന്നത്. വിഴിഞ്ഞം, മുതലപ്പൊഴി എന്നിവടങ്ങളിലാണ് ഇപ്പോള്‍ കടലിലെ നിര്‍മ്മാണ പ്രവൃത്തികളും ഡ്രഡ്ജിംഗ് മുതലായ ഇടപെടലുകളും നടന്നുകൊണ്ടിരിക്കുന്നത്. വലിയതുറ-ശംഖുമുഖം മേഖലയില്‍ തീരം നഷ്ടപ്പെടുമ്പോള്‍, വിഴിഞ്ഞത്ത് അദാനി എത്രമാത്രം കൃത്രിമമായി തീരം നികത്തിയെന്നത് കൂടി നമ്മള്‍ കാണണം. മുതലപ്പൊഴിയിലെ ഒരു പുലിമുട്ട് പൊളിച്ച് അവിടെ പാറകള്‍ കൊണ്ടുപോകുന്നതിനുള്ള ബാര്‍ജുകള്‍ക്കായി ഡ്രഡ്ജിംഗും ബെര്‍ത്ത് നിര്‍മ്മാണവും നടക്കുന്നുണ്ട്. ഇവ കൂടുന്നതനുസരിച്ച് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നഷ്ടങ്ങളുടെ തോതും കൂടുകയാണ്.

സംസ്ഥാനത്തെ 25 ശതമാനത്തോളം മത്സ്യത്തൊഴിലാളികള്‍ താമസിക്കുന്ന വലിയതുറ, അഞ്ചുതെങ്ങ്, വിഴിഞ്ഞം അടക്കമുള്ള തീരങ്ങളില്‍ കടലാക്രമണവും തീരം വെക്കലും തുടര്‍ന്നാല്‍ അമ്പതിനായിരത്തോളം മത്സ്യത്തൊഴിലാളുകളുടെ ജീവിതോപാധി നഷ്ടപ്പെടും. ഇന്ന് മീന്‍പിടുത്തം നടക്കുന്ന എല്ലാ തീരങ്ങളും മത്സ്യതൊഴിലാളികള്‍ക്ക് നഷ്ടമാകും. മത്സ്യബന്ധന മേഖലയെ തന്നെ സ്തംഭിപ്പിക്കുന്ന ഒന്നാവും വിഴിഞ്ഞം തുറമുഖം വരുത്തുന്ന പ്രത്യാഘാതം. തുറമുഖത്തിന്റെ സാധ്യതയെപ്പറ്റി ഒട്ടേറെ പഠനങ്ങള്‍ ഇതിനോടകം തന്നെ വന്നിട്ടുണ്ട്. എല്ലാ പഠനങ്ങളും പറയുന്നത് ഒന്ന് തന്നെയാണ്, വിഴിഞ്ഞം ഒരിക്കലും ലാഭത്തിലാകില്ല എന്ന്.

 

 

ജംഷീന മുല്ലപ്പാട്ട്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം