മര്‍ദനത്തിനിടെ മകന്‍ തന്നെ വിവരം വിളിച്ചുപറയുകയായിരുന്നുവെന്ന് സന്തോഷ് കീഴാറ്റൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആക്രമിച്ചത് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നും തന്റെ പേര് പറഞ്ഞുകൊണ്ടാണ് മകനെ മർദിച്ചതെന്നും സന്തോഷ് പ്രതികരിച്ചു. ഫ്‌ളക്‌സിന് കല്ലെറിഞ്ഞു എന്ന് ആരോപിച്ചായിരുന്നു മർദനമെന്നും സന്തോഷ് കീഴാറ്റൂര്‍ 24 ന്യൂസിനോട് പറഞ്ഞു.
‘തൃച്ചംബരം ചിന്മയ മിഷന്‍ സ്‌കൂളിന് മുന്നില്‍ വെച്ചാണ് കുട്ടികള്‍ ആക്രമിക്കപ്പെട്ടത്. അവര്‍ പഠിച്ച സ്‌കൂള്‍ തന്നെയാണ് അത്. മകനെയാണ് അക്രമികള്‍ ആദ്യം അടിച്ചത്. ഹെല്‍മറ്റുകൊണ്ടും ഇരുമ്പ് വടികൊണ്ടും അടിച്ചുവെന്നാണ് കുട്ടികളും കണ്ടുനിന്നവരും എന്നോട് പറഞ്ഞത്. രാഷ്ട്രീയമായിട്ട് ഇതിനെ കൂട്ടിയോജിപ്പിക്കാന്‍ ശ്രമിക്കുന്നില്ല. എന്നാല്‍ മകനെ മര്‍ദിച്ചത് ആര്‍.എസ്.എസ്-ബി.ജെ.പി ബന്ധമുള്ളവരാണ്. കൂടാതെ കഴിഞ്ഞ ദിവസം ചിന്മയ സ്‌കൂളില്‍ ഒരു നാടക ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. കളക്ടര്‍ ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയായിരുന്നു. വലിയ വിജയമായിരുന്നു പരിപാടി. അതിന്റെ സംഘാടകനും ബാലസംഘം വില്ലേജ് പ്രസിഡന്റും കൂടിയാണ് മകന്‍. ഞാനും ചേട്ടനുമെല്ലാം വ്യക്തമായി രാഷ്ട്രീയം പറയുന്നവരാണ്. ഇതെല്ലാം അവര്‍ നോക്കുന്നുണ്ടോ എന്നാണ് ഞാന്‍ സംശയിക്കുന്നത്,’ ന്യൂസ് മലയാളത്തോട് സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു.