ആദ്യ രണ്ട് ഭാഗങ്ങളും മലയാളം വേര്‍ഷനെ അതേപടി പകര്‍ത്തിവെച്ച് ഹിറ്റായ റീമേക്കാണ് ഹിന്ദിയിലെ ദൃശ്യം. ബോളിവുഡില്‍ അജയ് ദേവ്ഗണ്ണിന് വലിയൊരു ഇംപാക്ട് നല്‍കിയ ചിത്രമായിരുന്നു ദൃശ്യം. കഴിഞ്ഞദിവസം ദൃശ്യം 3 ഹിന്ദി വേര്‍ഷന്റെ ട്രെയ്‌ലര്‍ പുറത്തുവന്നിരുന്നു. മലയാളത്തിനെക്കാള്‍ ഗംഭീരമാകും ഹിന്ദിയെന്ന് ട്രെയ്‌ലര്‍ അടിവരയിടുന്നു.

മലയാളത്തില്‍ ഒരാവശ്യവുമില്ലാതെ നാലാം ഭാഗത്തിലേക്ക് വലിച്ചുനീട്ടുമ്പോള്‍ ഹിന്ദി വേര്‍ഷന്‍ മൂന്നാം ഭാഗത്തോടെ നിര്‍ത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചതും വാര്‍ത്തയായി. സീരിയല്‍ ലെവല്‍ മേക്കിങ്ങും ലൂപ്‌ഹോളുകള്‍ നിറഞ്ഞ തിരക്കഥയുമായിരുന്നു ജീത്തു ജോസഫ് അണിയിച്ചൊരുക്കിയ ദൃശ്യം 3. തിയേറ്ററില്‍ വന്‍ ഹിറ്റായ ചിത്രം ഒ.ടി.ടിയിലെത്തിയപ്പോള്‍ ട്രോള്‍ മെറ്റീരിയലായി.

 

മലയാളത്തിനെക്കാള്‍ ഗംഭീര പ്രൊഡക്ഷന്‍ ക്വാളിറ്റിയുള്ള മേക്കിങ്ങാണ് ഹിന്ദിയുടേത്. കഥയില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവന്നതിന് പുറമെ പുതിയ ചില കഥാപാത്രങ്ങളും ഹിന്ദിയില്‍ രംഗപ്രവേശം ചെയ്യുന്നുണ്ട്. ഹിന്ദി വേര്‍ഷന്‍ ഗംഭീര വിജയമായാല്‍ ജീത്തു ജോസഫ് വീണ്ടും എയറിലാകുമെന്നാണ് പലരും പ്രവചിക്കുന്നത്.

ദൃശ്യം 2 മുതല്‍ പല സിനിമകളിലും ജീത്തുവിന്റെ മേക്കിങ്ങിന് ഒരുപാട് വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. സീരിയല്‍ ലെവല്‍ മേക്കിങ്ങിനെ തിരക്കഥയിലെ ബ്രില്യന്‍സ് കൊണ്ട് കവര്‍ ചെയ്യുന്നതായിരുന്നു ജീത്തുവിന്റെ പ്രത്യേകത. എന്നാല്‍ ദൃശ്യം 3യില്‍ എല്ലാം തിരിച്ചടിയായി. മൂന്നാം ഭാഗത്തിനായി ജീത്തു ഒരുക്കിയ തിരക്കഥ വേണ്ടെന്ന് വെച്ച് ബോളിവുഡ് പ്രൊഡക്ഷന്‍ ഹൗസ് പുതിയൊരു കഥ തയറാക്കുകയായിരുന്നു.

ഇതിന് പുറമെ വന്‍ തുകക്ക് മലയാളം വേര്‍ഷന്റെ റൈറ്റ്‌സ് മുഴുവന്‍ സ്വന്തമാക്കിയതും ബോളിവുഡ് നിര്‍മാതാക്കളായ പനോരമ സ്റ്റുഡിയോസിന്റെ മികച്ച നീക്കമായിരുന്നു. ഇതിലൂടെ മലയാളം വേര്‍ഷന്റെ ലാഭം മുഴുവന്‍ പനോരമക്ക് ലഭിച്ചു. മലയാളത്തില്‍ ജീത്തു തയാറാക്കിയ കല്യാണം മുടക്കല്‍ സ്‌ക്രിപ്റ്റിനെക്കാള്‍ ഗംഭീരമായി ഒരുക്കാനായാല്‍ ദൃശ്യം എന്ന ബ്രാന്‍ഡിന്റെ ഉടമസ്ഥത ബോളിവുഡിന് സ്വന്തമാക്കാനാകുമെന്നും സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നു.

അക്ഷയ് ഖന്നക്ക് പകരം പ്രകാശ് രാജ് വരുന്നതാണ് മൂന്നാം ഭാഗത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. പാതാള്‍ ലോക് സീരീസിലൂടെ ഞെട്ടിച്ച ജയ്ദീപ് അഹ്ലാവത്തും ദൃശ്യം ദി കണ്‍ക്ലൂഷന്റെ ഭാഗമാണ്. എല്ലാം ഒത്തുവന്നാല്‍ ബോക്‌സ് ഓഫീസില്‍ 500 കോടിക്ക് മുകളില്‍ ചിത്രം സ്വന്തമാക്കുമെന്നാണ് കണക്കുകൂട്ടല്‍.

Content Highlight: Comparison of Drishyam 3 Malayalam and Hindi version viral in social media