തൃശൂര്‍: സംസ്ഥാന സര്‍ക്കാര്‍ പി.എം ശ്രീയില്‍ ഒപ്പുവെച്ചതിനെതിരെ എഴുത്തുകാരി സാറാ ജോസഫ്. ‘കാലം കാത്തിരിക്കയാണ്, കമ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പി.എം ശ്രീകുട്ടികള്‍ക്കായി’, എന്നാണ് ഫേസ്ബുക്കിലൂടെ സാറാ ജോസഫ് വിമര്‍ശിച്ചത്.
അതേസമയം, സി.പി.ഐയുടെ അടക്കം കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പി.എം ശ്രീക്ക് കൈകൊടുത്തിരിക്കുന്നത്.
പിന്നാലെ എതിര്‍പ്പ് പരസ്യപ്പെടുത്തി സി.പി.ഐ രംഗത്തെത്തി. ഇടതുമുന്നണി പോവേണ്ട വഴി ഇതല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. മുന്നണി മര്യാദയുടെ ലംഘനമാണ് സംഭവിച്ചതെന്നും സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യുമെന്നും ബിനോയ് വിശ്വം അറിയിച്ചിരുന്നു.
കഴിഞ്ഞദിവസമാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറി ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഒപ്പുവെച്ചതിന് പിന്നാലെ തടഞ്ഞുവെച്ച ഫണ്ട് കേരളത്തിന് അനുവദിക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു.
കേരളത്തിന് അര്‍ഹതപ്പെട്ട ഫണ്ട് നഷ്ടപ്പെടുത്തേണ്ടതില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ വിഷയത്തില്‍ സ്വീകരിച്ചത്. കേന്ദ്രം ഉന്നയിക്കുന്ന അനാവശ്യ കാര്യങ്ങള്‍ സംസ്ഥാനം നടപ്പാക്കില്ല. അത്തരത്തിലുള്ള ആവശ്യങ്ങളെ ശക്തമായി എതിര്‍ക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചിരുന്നു.
അതേസമയം, പദ്ധതിയില്‍ ഒപ്പുവെച്ചതിലൂടെ 1500 കോടിയുടെ എസ്.എസ്.എ ഫണ്ട് കേരളത്തിന് ലഭ്യമാകും. മൂന്ന് വര്‍ഷത്തോളം നീണ്ട എതിര്‍പ്പുകള്‍ക്കൊടുവിലാണ് പി.എം ശ്രീയില്‍ ഒപ്പുവെച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ എന്ന പദ്ധതിയാണ് പി.എം ശ്രീയെന്ന് അറിയപ്പെടുന്നത്. 14,500ഓളം സ്‌കൂളുകളെ മാതൃകാ വിദ്യാഭ്യാസ സ്ഥാപനങ്ങളായി ഉയര്‍ത്താനും വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ സംരംഭമാണ് പി.എം ശ്രീ.
2022ലാണ് പദ്ധതി ആരംഭിച്ചത്. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പി.എം ശ്രീ അവതരിപ്പിച്ചത്.
Content Highlight: Communism is waiting for the PM Shri children Criticizes Writer Sara Joseph