കേരളത്തിൽ കാസ - ആർ.എസ്.എസ് കൂട്ടുകെട്ട് ശക്തം, കർശന നടപടി വേണം; പൊലീസ് ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി
Kerala
കേരളത്തിൽ കാസ - ആർ.എസ്.എസ് കൂട്ടുകെട്ട് ശക്തം, കർശന നടപടി വേണം; പൊലീസ് ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st October 2025, 7:26 am

തിരുവനന്തപുരം: കേരളത്തില്‍ കാസ – ആര്‍.എസ്.എസ് കൂട്ടുകെട്ട് ശക്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ ധ്രുവീകരണം ചെറുക്കാന്‍ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. പൊലീസ് ആസ്ഥാനത്ത് വിളിച്ച് ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. പ്രസംഗത്തില്‍ വര്‍ഗീയതക്കെതിരായ നടപടി കര്‍ശനമാക്കണമെന്ന് ആവര്‍ത്തിച്ചാണ് മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്.

‘കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിലുള്ള ശ്രമങ്ങള്‍ വ്യാപകമാണ്. ഇത്തരം ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇതിനെതിരെ കര്‍ശന നിരീക്ഷണവും നടപടിയും വേണം,’ മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന ഡി.ജി.പി ആയി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റതിന് ശേഷമുള്ള പൊലീസ് ഉന്നതതല ഉദ്യോഗസ്ഥരുടെ ആദ്യ യോഗമാണ് കഴിഞ്ഞ ദിവസം നടന്നത്. ഡി.ഐ.ജി മുതല്‍ ഡി.ജി.പി വരെയുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളെ കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു.

മൂന്നാം മുറയും അഴിമതിയും കണ്ടുനില്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

യോഗത്തില്‍ പത്തനംതിട്ട മുന്‍ എസ്.പി വി.ജി വിനോദ് കുമാറിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. പേര് പറയാതെ ഒരു ജില്ലാ പൊലീസ് മേധാവി കാട്ടിക്കൂട്ടിയ കാര്യങ്ങള്‍ എന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. പോക്‌സോ കേസ് വരെ അട്ടിമറിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിനോദ് കുമാറിനെതിരെ നടപടി ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ട എസ്.പി ആയിരിക്കെ വി.ജി വിനോദ് കുമാര്‍ പോക്‌സോ കേസ് അട്ടിമറിച്ചെന്ന് വകുപ്പ് തല അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

 

Content Highlight: CM Pinarayi Vijayan says that RSS- CASA coalition is strong in Kerala and suggest to strong action in high level Police meeting