തിയേറ്ററുകള്‍ വീണ്ടും തുറക്കുന്നു; കേരളവും മഹാരാഷ്ട്രയുമൊഴികെയുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ അനുമതി
Entertainment
തിയേറ്ററുകള്‍ വീണ്ടും തുറക്കുന്നു; കേരളവും മഹാരാഷ്ട്രയുമൊഴികെയുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ അനുമതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 30th July 2021, 1:54 pm

ന്യൂദല്‍ഹി: രാജ്യത്ത് വീണ്ടും തിയേറ്ററുകള്‍ തുറക്കുന്നു. കൊവിഡ് രണ്ടാം തരംഗം ശക്തമായതിന് പിന്നാലെ ഏപ്രിലില്‍ അടച്ച തിയേറ്ററുകളാണ് ഇപ്പോള്‍ തുറക്കാന്‍ തീരുമാനമായിരിക്കുന്നത്.

ഘട്ടം ഘട്ടമായാണ് തിയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കുക. ആദ്യ ഘട്ടത്തില്‍ 4000 തിയേറ്ററുകളാണ് തുറക്കുന്നത്. നേരത്തേത് പോലെ 50 ശതമാനം പേര്‍ക്കായിരിക്കും തിയേറ്ററില്‍ പ്രവേശിക്കാനാകുക.

എന്നാല്‍ തെലങ്കാനയില്‍ മാത്രം 100 ശതമാനം സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകളാണ് ഇത് സംബന്ധിച്ച പ്രായോഗിക നടപടികള്‍ സ്വീകരിക്കുന്നത്.

ദല്‍ഹി, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ തിയേറ്ററുകളില്‍ 50 ശതമാനം പേരെയാണ് പ്രവേശിപ്പിക്കുക.

പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നതിനാല്‍ മഹാരാഷ്ട്രയിലും കേരളത്തിലും തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ല. മറ്റെല്ലാ സംസ്ഥാനങ്ങളിലും തിയേറ്ററുകള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ അനുമതിയായിട്ടുണ്ട്.

അതേസമയം കേരളത്തില്‍ വ്യാഴാഴ്ച 22,064 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 3679, തൃശൂര്‍ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂര്‍ 1275, തിരുവനന്തപുരം 1222, കോട്ടയം 1000, ആലപ്പുഴ 991, കാസര്‍ഗോഡ് 929, വയനാട് 693, പത്തനംതിട്ട 568, ഇടുക്കി 426 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,098 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,68,96,792 സാമ്പിളുകളാണ് പരിശോധിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Cinema theatres are reopening in India excepts Kerala and Maharashtra after Covid lockdown