കന്യാസ്ത്രീ സമരത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് വിലക്കുമായി സഭ; സിസ്റ്റര്‍ ലൂസിയ്‌ക്കെതിരെയുള്ള സഭ വിലക്കിനെതിരെ പ്രതിഷേധം ശക്തം
Gender Equity
കന്യാസ്ത്രീ സമരത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് വിലക്കുമായി സഭ; സിസ്റ്റര്‍ ലൂസിയ്‌ക്കെതിരെയുള്ള സഭ വിലക്കിനെതിരെ പ്രതിഷേധം ശക്തം
ഗോപിക
Sunday, 23rd September 2018, 1:00 pm

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചി ഹൈക്കോടതി ജംഗ്ഷനില്‍ കുറച്ച് കന്യാസ്ത്രീകള്‍ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു. കേരളം കുറച്ച് ദിവസങ്ങളായി ചര്‍ച്ച ചെയ്യുന്ന കന്യാസ്ത്രീ പീഡനക്കേസിലെ പ്രതിയായ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.

സഭ തന്നെ തള്ളിയ സമരം നാനാതുറയിലുള്ളവരും മാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു. ഇതിന്റെ ഫലമായി കഴിഞ്ഞ ദിവസമാണ് പ്രതിയായ ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത്.

സഭയുടെ പിന്തുണയില്ലാതെ കന്യാസ്ത്രീകള്‍ നടത്തിയ പ്രതിഷേധത്തിനെതിരെ സഭാ നേതൃത്വം തുടര്‍ നടപടികളെടുക്കുന്നുവെന്നാണ് സമരത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

ജലന്ധര്‍ ബിഷപ്പിനെതിരെ സമരം ചെയ്യുന്ന കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത് പിന്തുണച്ച വ്യക്തിയാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. സമരത്തിന് ശേഷം തിരികെ ഇടവകയിലേക്കെത്തിയ ലൂസിയ്ക്ക് സഭ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നവെന്നാണ് ലൂസി പറയുന്നത്. മാനന്തവാടി രൂപതയാണ് സിസ്റ്റര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

 

“കഴിഞ്ഞ കുറച്ച് നാളുകളായി ഇടവകയിലെ വേദപഠനക്ലാസ്സുകളും ഇടവക പ്രവര്‍ത്തനങ്ങളും നോക്കിയിരുന്നത് ഞാനാണ്. കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ നല്‍കി പങ്കെടുക്കണമെന്ന ആവശ്യം സഭയ്ക്കു മുന്നില്‍ ഞാന്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് രൂപതയില്‍ നിന്ന് അനുവാദം ലഭിച്ചിരുന്നു. ഇത്തരം കാര്യങ്ങക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നും അതില്‍ പങ്കെടുക്കുന്നത് നല്ല കാര്യമാണെന്നുമാണ് അപ്പോള്‍ എനിക്ക് ലഭിച്ച മറുപടി. സമരത്തില്‍ പങ്കെടുത്ത് ഇന്നലെ എറണാകുളത്ത് നിന്ന് തിരിച്ചെത്തിയപ്പോഴാണ് വികാരിയുടെ സന്ദേശം ലഭിച്ചത്. ഇന്ന് രാവിലെയാണ് വേദ പഠനക്ലാസ്സുകളില്‍ നിന്നും കുര്‍ബാന നല്‍കുന്നതില്‍ നിന്നും മാറി നില്‍ക്കാന്‍ വികാരിയുടെ സന്ദേശം ലഭിച്ചത്”- ലൂസി പറഞ്ഞു.

മാധ്യമങ്ങളിലൂടെ സഭയെ വിമര്‍ശിച്ചതിനാണ് സിസ്റ്റര്‍ക്കെതിരെ വിലക്കേര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വേദപാഠം, വിശുദ്ധ കുര്‍ബാന നല്‍കല്‍ എന്നിവയില്‍ പങ്കെടുക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് സഭയെക്കതിരെ തുറന്നടിച്ച് ലൂസി കളപ്പുരയ്ക്കല്‍ രംഗത്തെത്തിയത്. സഭയില്‍ കാര്യമായ തകരാറുകള്‍ ഉണ്ടെന്നും അത് തിരുത്താന്‍ സഭാ നേതതൃത്വം തയ്യാറാകണമെന്നുമായിരുന്നു അവരുടെ വിമര്‍ശനം.

സഹനത്തിന്റെ കുരിശുവഴികളില്‍ നീതികിട്ടാത്ത കന്യാസ്ത്രീ ജീവിതങ്ങള്‍

 

സഭയുടെ അറിവോടെയാണ് താന്‍ സമരത്തില്‍ പങ്കെടുത്തത്. അപ്പോഴൊന്നും ഇല്ലാത്ത വിയോജിപ്പ് ഇപ്പോള്‍ എങ്ങനെയുണ്ടായി എന്ന് മനസ്സിലാകുന്നില്ലെന്നാണ് സിസ്റ്റര്‍ ലൂസി പ്രതികരിച്ചത്.

സഹനമല്ല സമരവഴി തെരഞ്ഞെടുത്തതിന് ലഭിച്ച നടപടിയാണൊ ഇതെന്ന സംശയം ഉണ്ടെന്നും ലൂസി പറഞ്ഞു. തന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സഭ തന്നെ ഒഴിവാക്കി. എന്നാല്‍ അത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനുള്ള ആരോഗ്യവും മനസ്സും തനിക്കുണ്ടെന്നും സഭ മാറ്റി നിര്‍ത്തിയ സ്ഥിതിയ്ക്ക് മാറി നില്‍ക്കാന്‍ തന്നെയാണ് തീരുമാനമെന്നും ലൂസി വ്യക്തമാക്കി.

അതേസമയം ലൂസിക്കെതിരെ സഭ സ്വീകരിച്ച നടപടി സമരത്തിന് മുന്‍നിരയില്‍ നിന്ന കന്യാസ്ത്രീകള്‍ക്കും ആശങ്കകളാണ് സമ്മാനിക്കുന്നത്. സിസ്റ്റര്‍ ലൂസിയ്ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ ഉത്കണ്ഠയുണ്ടെന്നാണ് കന്യാസ്ത്രീ സമരത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന സിസ്റ്റര്‍ അനുപമ പറയുന്നത്.

സിസ്റ്റര്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നുവെന്നും ലൂസിയോടൊപ്പം തങ്ങള്‍ നില്‍ക്കുന്നുവെന്നുമാണ് അനുപമ പറഞ്ഞത്. മൊത്തം സ്ത്രീകള്‍ക്ക് വേണ്ടിയാണ് സിസ്റ്റര്‍ സമരത്തില്‍ പങ്കെടുത്തത്. അതിന്റെ പേരില്‍ അവരെ മാറ്റി നിര്‍ത്തുന്നത് ശരിയല്ലെന്നും അനുപമ പറഞ്ഞു. ഈ സംഭവങ്ങള്‍ കാണുമ്പോള്‍ തങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകുമോ എന്നറിയില്ലെന്നും അനുപമ വ്യക്തമാക്കി.

അതേസമയം സിസ്റ്റര്‍ ലൂസിയുടെ വിഷയത്തില്‍ വ്യാപക പ്രതികരണങ്ങളാണ് പുറത്ത് വന്നുക്കൊണ്ടിരിക്കുന്നത്. ഇത്തരം അനീതികള്‍ക്കെതിരെ പ്രതികരിക്കുന്നവരെ നിശബ്ദരാക്കാമെന്ന സഭയുടെ ധാരണ തിരുത്തണമെന്നാണ് കൊച്ചിയിലെ കന്യാസ്ത്രീ സമരസമിതി നേതാവായ ഫാ. അഗസ്റ്റിന്‍ വട്ടോളി പറഞ്ഞത്.

സഭയുടെ ഈ നിശബ്ദമാക്കലിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും സിസ്റ്റര്‍ ലൂസിയുടെ വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങളുണ്ടാകുമെന്നും ഫാ. അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു.

 

ജാതി സംവരണം സാമൂഹിക സന്തുലിതാവസ്ഥ’യെ ക്ഷയിപ്പിച്ചെന്ന് എന്‍.എസ്.എസ് ഹര്‍ജി; യാഥാര്‍ത്ഥ്യമെന്ത് ? കണക്കുകള്‍ പറയുന്നു

 

സംഭവത്തില്‍ ലൂസിയ്ക്ക് പിന്തുണയര്‍പ്പിച്ച് സിസ്റ്റര്‍ ജെസ്മി രംഗത്തെത്തിയിരുന്നു. സഭയുടെ ശരിയായ മുഖം കാണാനിരിക്കുന്നേയുള്ളു. അകത്ത് നടക്കുന്നത് പലതും പുറത്തുപറയാന്‍ സാധിക്കാത്തത് ഇതുകൊണ്ടാണെന്നുമാണ് ജെസ്മി പ്രതികരിച്ചത്.

സഭയ്ക്കുള്ളില്‍ അധോലോകവും ഗുണ്ടാ ലോകവുമാണ് നിലനില്‍ക്കുന്നത്. സഭയ്ക്കുള്ളിലെ ചില അധികാരികള്‍ ദൈവവും വിശ്വാസത്തെയും ഒന്നും മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നാണ് സിസ്റ്റര്‍ ജെസ്മി പറഞ്ഞത്.

 

സിസ്റ്റര്‍ ലൂസിയ്ക്ക് നേരേയുണ്ടായ വിലക്ക് ചര്‍ച്ചയായതിനെത്തുടര്‍ന്ന് മാനന്തവാടി രൂപത തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

സിസ്റ്റര്‍ക്കെതിരെ ഇടവക വികാരിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ നടപടിയില്‍ രൂപതയ്ക്ക് യാതൊരു പങ്കുമില്ലെന്നാണ് രൂപതയുടെ വിശദീകരണം.

ഗോപിക
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.