അഭയ മുതല്‍ ജലന്ധര്‍ വരെ; ക്രൈസ്തവ സഭയെ പിടിച്ചുലച്ച ലൈംഗികപീഡനക്കേസുകള്‍
Gender Equity
അഭയ മുതല്‍ ജലന്ധര്‍ വരെ; ക്രൈസ്തവ സഭയെ പിടിച്ചുലച്ച ലൈംഗികപീഡനക്കേസുകള്‍
ഗോപിക
Saturday, 22nd September 2018, 4:18 pm

ഇരുപത്താറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1992 മാര്‍ച്ച് 27 ന് കോട്ടയം ബി.സി.എം കോളേജ് വിദ്യാര്‍ഥിനിയായിരുന്ന അഭയ എന്ന കന്യാസ്ത്രീയുടെ മൃതദേഹം ക്‌നാനായ കത്തോലിക്ക രൂപതയുടെ കീഴിലുള്ള സെന്റ് പയസ് ടെന്‍ത് കോണ്‍വെന്റ് കിണറ്റില്‍ കണ്ടെത്തി. ഏറെ കോളിളക്കം സൃഷ്ടിച്ച കേസുകളിലൊന്നായി മാറിയ അഭയക്കേസിന് തുടക്കമായിരുന്നു അത്.

തുടക്കത്തില്‍ ആത്മഹത്യയെന്ന് കരുതിയ അഭയയുടെ മരണം പിന്നീടുള്ള അന്വേഷണത്തില്‍ കൊലപാതകമാണെന്ന നിഗമനത്തിലേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് 1992 ഏപ്രില്‍ 14 ന് ക്രൈംബ്രാഞ്ച് എറ്റെടുത്ത് നടത്തിയ അന്വേഷണത്തില്‍ അഭയയുടെ മരണം ആത്മഹത്യയാണെന്നും അസ്വാഭാവികമായി യാതൊന്നുമില്ലെന്നായിരുന്നു കണ്ടെത്തിയത്.

എന്നാല്‍ പിന്നീട് ജനകീയ പ്രതിഷേധത്തെത്തുടര്‍ന്ന് കേസന്വേഷണം ഏറ്റെടുത്ത സി.ബി.ഐ ആത്മഹത്യയാണെന്ന ക്രൈം ബ്രാഞ്ചിന്റെ വാദം ശരിയല്ലെന്നു കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മൂന്ന് പ്രതികളെയാണ് അഭയക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.

ALSO READ: ഫ്രറ്റേണിറ്റിയുടെ നിലപാട് മാറ്റത്തിന് പിന്നില്‍

2008 നവംബര്‍ 18-നു 2008 ഒക്ടോബര്‍ 18, 19 തീയ്യതികളിലായി ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നീ മൂന്നു പേരെ സി.ബി.ഐ പ്രത്യേക സംഘം അറസ്റ്റു ചെയ്തു.

അഭയ താമസിച്ചിരുന്ന പയസ് ടെന്‍ത് കോണ്‍വെന്റിനു സമീപത്തുനിന്നും സി.ബി.ഐ സംഘം കസ്റ്റഡിയില്‍ എടുത്ത സഞ്ജു പി. മാത്യു എന്നയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അറസ്റ്റ് ചെയ്ത മൂന്നു പ്രതികളേയും 2008 നവംബര്‍ 19നു, കോടതിയില്‍ ഹാജരാക്കുകയും, കോടതി പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ച് കൂടുതല്‍ ചോദ്യം ചെയ്യലിനായി സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് സി.ബി.ഐ ഇവരെ നുണ പരിശോധനക്ക് വിധേയരാക്കിയിരുന്നു.

 

 

Image result for abhaya case

 

അഭയക്കേസ്; മുഖ്യപ്രതികള്‍, ആരോപണ വിധേയര്‍

ഫാ. തോമസ് കോട്ടൂര്‍

സിസ്റ്റര്‍ അഭയയെ കൊല്ലാന്‍ മുഖ്യ പങ്ക് വഹിച്ച പ്രതി തോമസ് കോട്ടൂര്‍ ആണെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. കൊലപാതകം, കൊല ചെയ്യാന്‍ പൊതുവായ ഉദ്ദേശ്യം എന്നീ വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റങ്ങളാണു സി.ബി.ഐ. ഇദ്ദേഹത്തിന്റെ മേല്‍ ചുമത്തിയിട്ടുള്ളത്. സിസ്റ്റര്‍ അഭയയെ തലയ്ക്ക് ആദ്യം അടിക്കുന്നത് ഫാ. കോട്ടൂരാണെന്ന് സി.ബി.ഐ കണ്ടെത്തി. ഫാ. തോമസ് കോട്ടൂര് ബി.സി.എം. കോളജില്‍ സൈക്കോളജി വിഭാഗം അദ്ധ്യാപകനായിരുന്നു.

സീറോ ബാലന്‍സ് അക്കൗണ്ടുകളോട് ബാങ്കുകള്‍ക്ക് വിമുഖത; വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് പ്രതിസന്ധിയില്‍

 

സിസ്റ്റര്‍ സെഫി

സിസ്റ്റര്‍ അഭയ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്കൊപ്പം കുറ്റകൃത്യങ്ങളില്‍ പങ്കുചേര്‍ന്ന വ്യക്തിയാണ് സിസ്റ്റര്‍ സെഫിയെന്ന് സി.ബി.ഐ. ആരോപിക്കുന്നു. ഫാ. കോട്ടൂര്‍ അഭയയുടെ തലക്കടിച്ചപ്പോള്‍, രണ്ടാം പ്രതി ഫാ. പൂതൃക്കയിലിനോടൊപ്പം കുറ്റകൃത്യത്തിന് സിസ്റ്റര്‍ പ്രേരണ നല്‍കി. ഒന്നും രണ്ടും പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് സിസ്റ്റര്‍ സെഫിക്ക് കൊലയുമായി ബന്ധമുള്ള കാര്യം സി.ബി.ഐക്ക് കണ്ടെത്താന്‍ കഴിഞ്ഞത്.

ഫാ. ജോസ് പൂതൃക്കയില്‍

സിസ്റ്റര്‍ അഭയയെ തലയ്ക്കടിക്കാന്‍ ഫാ. തോമസിന് കൂട്ടുനിന്ന ഫാ. ജോസ് പൂതൃക്കയില്‍ രണ്ടാം പ്രതിയാണ്. കൊലപാതകത്തില്‍ ഫാ. കോട്ടൂരിനോടൊപ്പം പങ്കാളിയായിയെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. നിലത്തുവീണ അഭയയെ കിണറ്റിലേക്കെറിയാന്‍ ഫാ. കോട്ടൂരിനോടൊപ്പം ഫാ. പൂതൃക്കയിലും കൂട്ടുനിന്നതായി സംശയിക്കുന്നു. സംഭവസ്ഥലത്തു നിന്ന് ഫാ. കോട്ടൂരിനോടൊപ്പമാണ് ഫാ. പൂതൃക്കയിലും പോയത്. അതേസമയം രണ്ടാം പ്രതിയായ ഫാദര്‍ ജോസ് പൂതൃക്കയലിനെ പ്രത്യേക സി.ബിഐ കോടതി പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Image result for abhaya case

 

സഹനത്തിന്റെ കുരിശുവഴികളില്‍ നീതികിട്ടാത്ത കന്യാസ്ത്രീ ജീവിതങ്ങള്‍

ഇവിടെ തീരുന്നില്ല കേരളത്തിലെ ക്രൈസ്തവ സഭയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ പട്ടിക. ഏറ്റവും ഒടുവിലായി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് കന്യാസ്ത്രീ നല്‍കിയ പരാതിയും ചര്‍ച്ചചെയ്യപ്പെടുകയാണ്.

കഴിഞ്ഞ ജൂണ്‍ 27 നാണ് റോമന്‍ കത്തോലിക്കാ സഭയിലെ കന്യാസ്ത്രീ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനപരാതിയുമായി രംഗത്തെത്തിയത്. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പ് പതിമൂന്ന് തവണ പീഡിത്തിനിരയാക്കിയെന്നാണ് ഫ്രാങ്കോയ്‌ക്കെതിരെ പരാതി നല്‍കിയ കന്യാസ്ത്രീ പറഞ്ഞത്.

അതേസമയം പരാതിയുമായി കന്യാസ്ത്രീ രംഗത്തെത്തിയപ്പോള്‍ അവര്‍ക്കെതിരെ മറ്റൊരു പരാതിയുമായി ബിഷപ്പും രംഗത്തെത്തിയിരുന്നു. കന്യാസ്ത്രീയും ബന്ധുക്കളും ചേര്‍ന്ന് തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നായിരുന്നു ഫ്രാങ്കോയുടെ പരാതി.

 

Image result for ജലന്ധര്‍

 

തുടര്‍ന്ന് കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് അന്വേഷണവുമായി മുന്നോട്ട് പോയി. ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്ന കന്യാസ്ത്രീകളുടെ ആവശ്യം നടപ്പിലാകാത്തതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ എട്ടിന് കൊച്ചിയല്‍ അഞ്ച് കന്യാസ്ത്രീകള്‍ സമരവുമായി മുന്നോട്ട് വന്നു.

എന്നാല്‍ തുടരന്വേഷണത്തില്‍ ബിഷപ്പിനെതിരെ തെളിവുകള്‍ ശേഖരിച്ച അന്വേഷണ സംഘം കഴിഞ്ഞ ദിവസമാണ് (സെപ്റ്റംബര്‍ 20)ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ജലന്ധര്‍ ഉള്‍പ്പടെയുള്ള പീഡനക്കേസുകള്‍ വിരല്‍ ചൂണ്ടുന്നത് സഭയ്ക്കുള്ളില്‍ നടന്ന പുറം ലോകം ചര്‍ച്ച ചെയ്യാത്ത ലൈംഗികാതിക്രമങ്ങളിലേക്കാണ്.

ജാതി സംവരണം സാമൂഹിക സന്തുലിതാവസ്ഥ’യെ ക്ഷയിപ്പിച്ചെന്ന് എന്‍.എസ്.എസ് ഹര്‍ജി; യാഥാര്‍ത്ഥ്യമെന്ത് ? കണക്കുകള്‍ പറയുന്നു

 

ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ സഭകളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്തത് 12 ലൈംഗികാതിക്രമക്കേസുകളാണ്.

1966 ലാണ് വൈദികന്‍ പ്രതിയായ ഒരു കേസ് കേരളത്തില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്തത്. പത്തനംതിട്ട ജില്ലയിലെ റാന്നി മടത്തരുവിയില്‍ മറിയക്കുട്ടി എന്ന സ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട് ജോസഫ് ബെനഡിക്ട് ഓണക്കുളം എന്ന കത്തോലിക്കാ വൈദികനാണ് അന്ന് അറസ്റ്റിലായത്.

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച മാടത്തരുവി കേസും ഒടുവില്‍ തേഞ്ഞു മാഞ്ഞ് പോയി. കീഴ്‌ക്കോടതി വൈദികന് വധശിക്ഷ വിധിച്ചെങ്കിലും ഹൈക്കോടതി ഈ വൈദികനെ വെറുതെ വിടുകയായിരുന്നു.

ഇതൊരു ആരംഭമായിരുന്നു. ഇതിനുപിന്നാലെ നിരവധി കേസുകളാണ് ക്രൈസ്തവ സഭയുമായി ബന്ധപ്പെട്ട് പുറംലോകമറിഞ്ഞത്.

കോട്ടയം കുറിച്ചി ഹോമിയോ കോളേജിലെ വിദ്യാര്‍ഥിയായിരുന്ന ജോളിയെ ബലാത്സംഗം ചെയ്ത് കൊന്ന ഓര്‍ത്തഡോക്‌സ് സഭ വൈദികന്‍ രവിയച്ചന്‍ ഈ പട്ടികയില്‍പ്പെടുന്നു. ഇയാളെ ജില്ലാക്കോടതി ശിക്ഷിച്ചെങ്കിലും മേല്‍ക്കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയായിരുന്നു.

കുണ്ടറ മേരിക്കുട്ടി എന്ന നഴ്‌സിനെ കൊന്നക്കേസിലും പ്രതി വൈദികനായ ഫാ. ആന്റണി ലാസറായിരുന്നു. മുന്നത്തേ കേസുകളുടെ വിധി തന്നെയാണ് ഇതിലും സംഭവിച്ചത്.

വര്‍ഷങ്ങള്‍ക്കിപ്പുറം സഭയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മാറ്റമില്ലാതെ തുടര്‍ന്നുക്കൊണ്ടിരിക്കുകയാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ സൂചിപിക്കുന്നത്.

കുറച്ച് നാളുകള്‍ക്ക് മുമ്പ് സെമിനാരി വിദ്യാര്‍ഥിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ വൈദികനെതിരെ പരാതിയുമായി കണ്ണൂര്‍ ഇരിട്ടിയിലെ ഒരു കുടുംബം രംഗത്തെത്തിയിരുന്നു. തളിപ്പറമ്പ് ചന്ദനക്കാംപാറയിലെ ഫാ. ജയിംസ് വര്‍ഗ്ഗീസ് തെക്കേമുറിയ്‌ക്കെതിരെയായിരുന്നു ലൈംഗികാരോപണം.

പ്രളയക്കെടുതിയ്ക്ക് ശേഷം സംസ്ഥാനത്ത് എച്ച്.വണ്‍.എന്‍.വണ്‍ പടരുന്നു; കര്‍ശന നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്

ഇതിന് മറുപടിയെന്നോണം കേസിലുള്‍പ്പെട്ട വൈദികന്‍ പരാതി നല്‍കിയ കുടുംബത്തെ കുടുക്കാന്‍ കുട്ടിയുടെ പിതാവിനെതിരെ കഞ്ചാവ് കൈവശം വെച്ചുവെന്നാരോപിച്ച് രംഗത്തെത്തിയിരുന്നു.

2017 മെയ് 9 നായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. തുടര്‍ന്നുള്ള അന്വേഷണത്തിന്റെ ഭാഗമായി കേസില്‍ സെപ്റ്റംബര്‍ 17 ന് വൈദികനെ അറസ്റ്റ് ചെയ്തു.

ഇതിന് ശേഷം കേരളം ചര്‍ച്ച ചെയ്ത ലൈംഗികാതിക്രമക്കസുകളിലൊന്നായിരുന്നു കൊട്ടിയൂര്‍ പീഡനക്കേസ്. കണ്ണൂര്‍ കൊട്ടിയൂരില്‍ പതിനാറുകാരിയായ പെണ്‍കുട്ടിയെ വൈദികന്‍ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നതായിരുന്നു കേസ്.

പെണ്‍കുട്ടി പ്രസവിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് കേസില്‍ പ്രതിയായ വൈദികനായ റോബിന്‍ വടക്കുംചേരി അറസ്റ്റിലായി.

എന്നാല്‍ കേസിന്റെ വിചാര വേളയില്‍ വളരെ അപ്രതീക്ഷിത സംഭവങ്ങളാണ് കേസില്‍ നടന്നത്. പരാതിക്കാരിയായ പെണ്‍കുട്ടി കൂറ് മാറുകയുണ്ടായത്. പീഡനത്തിനിരയാകുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നുവെന്നും തന്റെ സമ്മതത്തോടെയാണ് വൈദികനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിരുന്നതെന്നും പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കി.

“ഫാദര്‍ റോബിനെ ശിക്ഷിക്കേണ്ടതില്ലെന്നും പകരം തനിക്കും കുഞ്ഞിനും ജീവനാംശം നല്‍കാന്‍ നടപടിയെടുക്കണം” എന്നാണ് പെണ്‍കുട്ടി തലശ്ശേരി സെഷന്‍സ് കോടതി മുന്‍പാകെ നല്‍കിയ മൊഴിയില്‍ പറഞ്ഞത്.

തന്റെ ജനനത്തീയതി രേഖപ്പെടുത്തിയതില്‍ തെറ്റുണ്ടെന്നും പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കി. അതൊടൊപ്പം പ്രതിയായ ഫാദര്‍ റോബിന്‍ തനിക്കും കുഞ്ഞിനും സംരക്ഷണം നല്‍കണമെന്നും പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കി.

പോക്സോ വകുപ്പുകളാണ് കൊട്ടിയൂര്‍ കേസില്‍ പ്രതിയ്ക്ക് മേല്‍ ചുമത്തിയിരുന്നത്. എന്നാല്‍ അതേസമയം ഇരയായ പെണ്‍കുട്ടി നല്‍കിയ ഈ മൊഴി നിര്‍ണായകമായതോടെ കേസിന്റെ മുന്നോട്ടുള്ള ഗതി നിശ്ചലമായിരിക്കുകയാണ്.

പ്രളയബാധിത മേഖലകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം; കിണറുകളില്‍ കോളിഫോം ബാക്ടീരിയകളെന്ന് റിപ്പോര്‍ട്ടുകള്‍

പ്രായപൂര്‍ത്തിയായി എന്ന് പെണ്‍കുട്ടി പറഞ്ഞത് കോടതിയില്‍ തെളിയിക്കപ്പെട്ടാല്‍ കേസില്‍ നിന്ന് പോക്സോ വകുപ്പുകള്‍ ഒഴിവാക്കപ്പെടും. അതേസമയം ഇതിനെ സാധൂകരിക്കുന്ന രേഖകളൊന്നും പെണ്‍കുട്ടി കോടതിയില്‍ നല്‍കിയിട്ടില്ല. പെണ്‍കുട്ടിയുടെ വാക്കാലുള്ള മൊഴി മാത്രമേ കോടതിയില്‍ നല്‍കിയിട്ടുള്ളു.

പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിയും വൈദികന് അനുകൂലമായിരുന്നു. റോബിനുമായി ബന്ധം ഉണ്ടായിരുന്നപ്പോള്‍ പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞത്.

 

Image result for ജലന്ധര്‍ കന്യാസ്ത്രീ സമരം

 

ഔദ്യോഗിക രേഖകളില്‍ പെണ്‍കുട്ടിയുടെ ജനനത്തീയതി 17-11-1999 ആണ്. എന്നാല്‍ പെണ്‍കുട്ടിയുടെ അമ്മ കോടതിയില്‍ നല്‍കിയ മൊഴിയില്‍ 17-12-1997 ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് കുട്ടിയുടെ അമ്മ കൂറു മാറിയതായി കോടതിയ്ക്ക് പ്രഖ്യാപിക്കേണ്ടി വന്നു.

നേരത്തെ കേസിന്റെ വിചാരണ ആരംഭിക്കും മുന്‍പേ തന്നെ മൂന്ന് പേരെ സുപ്രീംകോടതി പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മൊഴി നല്‍കാനെത്തിയ പെണ്‍കുട്ടി പ്രതിഭാഗത്തിന് അനുകൂലമായി സംസാരിച്ചത്.

പ്രതികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ക്രൈസ്തവ സഭയിലെ വൈദികര്‍ തുടര്‍ച്ചയായി പീഡനക്കേസുകളില്‍ പ്രതിയാവുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു.

ഈ ആശങ്കകള്‍ക്ക് മാറ്റമില്ലാതെ തുടരുന്നുവെന്നതിന് തെളിവായി പിന്നെയും പുറത്ത് വന്നു സഭയിലെ ലൈംഗികാതിക്രമങ്ങളെപ്പറ്റിയുള്ള കേസുകള്‍. അതിലൊന്നാണ് കുമ്പസാര രഹസ്യം പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ഓര്‍ത്തഡോക്‌സ് സഭാ വൈദികന്‍മാര്‍ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം.

കുമ്പസാരരഹസ്യം ഭര്‍ത്താവിനോടു വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി അഞ്ചു വൈദികര്‍ പലപ്പോഴായി പീഡിപ്പിച്ചെന്ന ആരോപണം യുവതി പരസ്യമായി സോഷ്യല്‍ മീഡിയയില്‍ ഇട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

പരീക്ഷ നടത്തിയത് നേരത്തെ തുറന്ന ചോദ്യപേപ്പറുകളുമായി; ചോദ്യം ചെയ്തവരെ പൊലീസിനെ ഉപയോഗിച്ച് പുറത്താക്കി; പയ്യോളി സര്‍വ്വീസ് സഹകരണ ബാങ്കിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍

തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിക്കടുത്ത് ആനിക്കാട് സ്വദേശിയായ യുവതിയുടെ ഭര്‍ത്താവ് ഓര്‍ത്തഡോക്സ് വിഭാഗത്തില്‍പ്പെട്ട അഞ്ചു വൈദികര്‍ക്കെതിരേ കേസ് കൊടുക്കുകയും ചെയ്തു.

1999 മുതല്‍ ഒന്നാം പ്രതിയായ സോണി വര്‍ഗ്ഗീസ് ലൈംഗികമായി തന്നെ ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് യുവതി പറഞ്ഞത്.
ഒന്നാം പ്രതി മറ്റൊരാളെ വിവാഹം കഴിച്ച 2002 വരെ പീഡനം തുടര്‍ന്നു. വിവരങ്ങള്‍ പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി 2005 ല്‍ പീഡനം പുനരാരംഭിച്ചു.

ഫാ.ജോബ് മാത്യു, സോണി വര്‍ഗ്ഗീസ്, ഫാ. ജെയ്‌സ് കെ ജോര്‍ജ് എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍.

കേസില്‍ പ്രതികളായ ഫാ. എബ്രഹാം വര്‍ഗ്ഗീസ്, ജെയ്‌സ് കെ.ജോര്‍ജ്, എന്നിവര്‍ സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.

കുമ്പസാര പീഡന കേസിൽ ഓർത്തഡോക്‌സ് വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി; കീഴടങ്ങിയ ശേഷം സ്ഥിരം ജാമ്യത്തിനായി അപേക്ഷിക്കാമെന്ന് കോടതി; ഫാദർ എബ്രഹാം വർഗീസ്, ഫാദർ ജെയിസ് കെ ജോർജ് എന്നിവരെ അറസ്റ്റു ചെയ്യാൻ പൊലീസിന് മുന്നിൽ ഇനി തടസങ്ങളില്ല

സംഭവം ചര്‍ച്ചയായതോടെ കഴിഞ്ഞ മാസം മെയ് 23നു ചേര്‍ന്ന ഓര്‍ത്തഡോക്സ് സഭാ സുനഹദോസ് യോഗത്തില്‍ കുറ്റാരോപിതരായ അഞ്ചു വൈദികരെയും സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍, വൈദികരില്‍ ഒരാളെ മാത്രമാണ് പള്ളിച്ചുമതലകളില്‍നിന്നു മാറ്റിനിര്‍ത്തിയത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് അധ്യാപികയായ യുവതി വൈദികര്‍ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുന്ന കാര്യം ഭര്‍ത്താവിനോട് പറഞ്ഞത്. വിവാഹത്തിനു മുമ്പ് അയല്‍വാസിയും യുവതിയുടെ അകന്ന ബന്ധുവുമായ ഒരു വൈദികന്‍ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.

വിവാഹശേഷം മകള്‍ ജനിച്ചു. മകളുടെ മാമോദീസാ സമയത്തു മാനസിക ബുദ്ധിമുട്ട് അനുഭവപ്പെട്ട യുവതി മറ്റൊരു വൈദികന്റെ അടുത്തു കുമ്പസാരിക്കുകയും വിവാഹത്തിനു മുമ്പു ബന്ധുവായ വൈദികന്‍ പീഡിപ്പിച്ച വിവരങ്ങള്‍ പറയുകയും ചെയ്തു.

എന്നാല്‍ ഇതേത്തുടര്‍ന്ന് കുമ്പസാരരഹസ്യം ഭര്‍ത്താവിനോടു പറയുമെന്നു ഭീഷണിപ്പെടുത്തി ആ വൈദികന്‍ പീഡിപ്പിക്കുകയും പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി മറ്റൊരു വൈദികന് അയച്ചുകൊടുക്കുകയും ചെയ്തു.

ദൃശ്യങ്ങള്‍ ലഭിച്ച വൈദികനും യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്ത് ലൈംഗിക പീഡനത്തിനിരയാക്കി.

Related image

തുടര്‍ന്ന് യുവതിയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് എറണാകുളത്തെ ഒരു പഞ്ചക്ഷനക്ഷത്ര ഹോട്ടലില്‍ ഭീമമായ തുക ബില്‍ നല്‍കിയ കാര്യം ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്നു യുവതിയോട് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡനവിവരങ്ങള്‍ പുറത്തറിയുന്നത്. വൈദികര്‍ തന്നെ നിരന്തരം ബ്ലാക്ക് മെയില്‍ ചെയ്തു പീഡിപ്പിക്കുന്ന വിവരം യുവതി അതോടെ ഭര്‍ത്താവിനോട് തുറന്നുപറഞ്ഞു.

എറണാകുളത്തെ ഹോട്ടലില്‍ താമസിച്ചു പീഡിപ്പിക്കുകയും ഹോട്ടല്‍ ബില്‍ തന്നെക്കൊണ്ട് കൊടുപ്പിക്കുകയും ചെയ്തുവെന്നും യുവതി വെളിപ്പെടുത്തി.

ഇതേത്തുടര്‍ന്ന് വൈദികര്‍ക്കെതിരെ നിരവധി പ്രക്ഷോഭങ്ങളാണ് നടന്നത്.

അതേസമയം തുടര്‍ന്നുള്ള അന്വേഷണത്തില്‍ പീഡനവിവരം മറച്ചുവെച്ചതില്‍ സഭയുടെ ഉന്നത നേതൃത്വത്തിനും പങ്കുണ്ടായതായി കണ്ടെത്തിയിരുന്നു. യുവതി നല്‍കിയ പരാതി സ്വീകരിക്കാന്‍ ബിഷപ്പ് തയ്യാറായിരുന്നില്ല. ഇരയുടെ കുടുംബം നല്‍കിയ പരാതിയ്ക്ക് രസീത് തന്നാല്‍ അത് തനിക്ക് ബുദ്ധിമുട്ടാകുമെന്നായിരുന്നു ബിഷപ്പ് പറഞ്ഞത്.

സഭയ്ക്കുള്ളില്‍ നിന്ന് ലൈംഗികാതിക്രമ കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അവയെ പറ്റി ചര്‍ച്ച ചെയ്യാന്‍ പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ അടുത്ത മാസം യോഗം തന്നെ വിളിച്ചിരിക്കുകയാണ്.

കേരളീയ പശ്ചാത്തലത്തില്‍ ക്രൈസ്തവ സഭയുമായി ബന്ധപ്പെട്ട് ഇത്രയധികം കേസുകള്‍ പുറത്ത് വരുന്നത് ആശങ്കാജനകമാണ്. കുട്ടികള്‍ വരെ ഇത്തരം ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

പത്ത് വയസ്സുകാരിയെ പള്ളിയില്‍വെച്ച് പീഡിപ്പിച്ച ഫാദര്‍ ദേവരാജ്, ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഫാ. സജി ജോസഫ്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളിയ്ക്കുള്ളില്‍ വെച്ച് ബലാത്സംഗം ചെയ്ത ഫാ. എഡ്വിന്‍ ഹിഗറസ് എന്നിങ്ങനെ നിരവധി കേസുകളാണ് സഭയുമായി ബന്ധപ്പെട്ട് പുറത്തു വന്നത്.

ഗോപിക
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.