'ജാതി സംവരണം സാമൂഹിക സന്തുലിതാവസ്ഥ'യെ ക്ഷയിപ്പിച്ചെന്ന് എന്‍.എസ്.എസ് ഹര്‍ജി; യാഥാര്‍ത്ഥ്യമെന്ത് ? കണക്കുകള്‍ പറയുന്നു
Dalit Life and Struggle
'ജാതി സംവരണം സാമൂഹിക സന്തുലിതാവസ്ഥ'യെ ക്ഷയിപ്പിച്ചെന്ന് എന്‍.എസ്.എസ് ഹര്‍ജി; യാഥാര്‍ത്ഥ്യമെന്ത് ? കണക്കുകള്‍ പറയുന്നു
അശ്വിന്‍ രാജ്
Wednesday, 19th September 2018, 5:04 pm

ചങ്ങനാശ്ശേരി: ജാതി സംവരണത്തിനെതിരെ സുപ്രീം കോടതിയില്‍ കഴിഞ്ഞ ദിവസമാണ് നായര്‍ സര്‍വ്വീസ് സൊസൈറ്റി സുപ്രീംകോടതിയെ സമീപിച്ചത്. സംവരണത്തിന് അര്‍ഹത ഉള്ളവരെ കണ്ടത്തേണ്ടത് ജാതി അടിസ്ഥാനത്തില്‍ അല്ല വര്‍ഗ്ഗത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണമെന്നും പിന്നോക്ക വിഭാഗക്കാരിലെ സംവരണത്തിന് അര്‍ഹതയുള്ളവരെ കണ്ടെത്തുന്നത്തിനുള്ള കേരളത്തിലെ നടപടികള്‍ തല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കണമെന്നുമാണ് എന്‍.എസ്.എസിന്റെ ആവശ്യം.

കേരളത്തില്‍ ആറുപത് വര്‍ഷമായി തുടരുന്ന ജാതി സംവരണം കേരളത്തിലെ സാമൂഹിക സന്തുലിതാവസ്ഥയെ ക്ഷയിപ്പിച്ചെന്നും ഹര്‍ജിയില്‍ എന്‍.എസ്.എസ് പറയുന്നു.ജാതികള്‍ക്ക് ഉള്ളിലുള്ള പ്രത്യേക വിഭാഗക്കാരെ പിന്നോക്ക വിഭാഗങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതിന് ഭരണഘടനയുടെ 341, 342 അനുച്ഛേദങ്ങള്‍ പ്രകാരം രാഷ്ട്രപതിക്കുള്ള അധികാരം പ്രഖ്യാപിക്കണമെന്നും എം നാഗരാജ് കേസില്‍ കോടതി നിര്‍ദ്ദേശിച്ച സ്ഥിതി വിവര ശേഖരണം പൂര്‍ത്തിയാകുന്നത് വരെ പിന്നോക്ക വിഭാഗങ്ങളെ സംവരണ വിഭാഗങ്ങളാക്കി തുടരുന്ന പ്രക്രിയ നിര്‍ത്തിവെയ്ക്കണമെന്നുമാണ് എന്‍.എസ്.എസിന്റെ പ്രധാന ആവശ്യം.

എല്ലാ പൗരന്മാര്‍ക്കും തുല്യ അവസരം നല്‍കണം. ആര്‍ക്കും അവസരങ്ങള്‍ നിഷേധിക്കരുത്. അര്‍ഹതയുള്ളവര്‍ക്ക് മാത്രം സംവരണം ഉറപ്പാക്കുന്നതിനും എല്ലാ വിഭാഗം പൗരന്മാര്‍ക്കും തുല്യ അവസരം ഉറപ്പാക്കുന്നതിനുമായി നിയമങ്ങള്‍, ചട്ടങ്ങള്‍, ഉത്തരവുകള്‍ എന്നിവയില്‍ ആവശ്യങ്ങളും ഭേദഗതികളും വരുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.ഭരണഘടനയുടെ 16 (4) അനുച്ഛേദ പ്രകാരം മാത്രമേ പിന്നോക്ക വിഭാഗക്കാരെ കണ്ടെത്താവു എന്നും എന്നാല്‍ ജാതി ഇതിന് അടിസ്ഥാനമാക്കരുതെന്നുമാണ് ഹര്‍ജിയില്‍ എന്‍.എസ്.എസ് വാദിക്കുന്നത്.അഡ്വ. അങ്കുര്‍ എസ്. കുല്‍കര്‍ണി മുഖേനയാണ് ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

Also Read ചരിത്രപരമായ വഞ്ചന ; ഹാരിസണ്‍ കമ്പനിയ്ക്ക് വേണ്ടി ഇടതുപക്ഷ സര്‍ക്കാരും റവന്യൂ വകുപ്പും തോറ്റുകൊടുത്തു

എന്നാല്‍ ഭരണഘടനയെ തന്നെ വെല്ലുവിളിച്ചു കൊണ്ടാണ് എന്‍.എസ്.എസ് ഈ നീക്കം നടത്തുന്നതെന്നാണ് ഒ.പി രവീന്ദ്രന്‍ പറയുന്നത്. കുറെ വര്‍ഷമായി നടക്കുന്ന ജാതി സംവരണത്തിന് എതിരായ അജണ്ടയുടെ പുറത്താണ് ഇത്തരമൊരു നീക്കമെന്നും സാമ്പത്തിക സംവരണം എന്നതിനുള്ള നീക്കമാണ് ഇതെന്നും അദ്ദേഹം ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ഇ.എം.എസ്

യഥാര്‍ത്ഥത്തില്‍ ഭരണഘടനയെ വെല്ലുവിളിക്കുകയാണ്. എന്‍.എസ്.എസ്. കേരളത്തില്‍ സംവരണത്തിന് എതിരെ ആദ്യം പ്രവര്‍ത്തിക്കുന്നത് 1957ല്‍ അധികാരത്തിലേറിയ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയാണ്. ജാതി അടിസ്ഥാനത്തിലുള്ള സംവരണം ഒഴിവാക്കണമെന്നും സാമ്പത്തിക സംവരണം വേണമെന്നുമായിരുന്നു അവരുടെ ആവശ്യം അദ്ദേഹം പറയുന്നു.

എന്നാല്‍ കേരളത്തില്‍ ഏറ്റവും ആദ്യം സംവരണത്തിന് വാദിച്ചതും ജാതി സംവരണം നടപ്പിലാക്കിയതും നായര്‍ വിഭാഗത്തില്‍പ്പെട്ടവരാണ്. 1891 ല്‍ മലയാളി സഭ എന്ന നായര്‍ വിഭാഗക്കാരുടെ നേതൃത്വത്തില്‍ അന്നത്തെ തിരുവിതാംകൂറില്‍ ഉള്ള ജോലികളില്‍ ബഹുഭൂരിപക്ഷവും പരദേശി ബ്രാഹ്മണര്‍ക്ക് നല്‍കിയതിനെതിരെ പ്രതിഷേധം നടക്കുന്നത്. അദ്ദേഹം പറയുന്നു.

ഒരേ സമയം ജാതിയുടെ ആനുകൂല്യങ്ങള്‍ പറ്റുകയും അതേസമയം സംവരണത്തെ എതിര്‍ക്കുകയും ചെയ്യുന്നതാണ് എന്‍.എസ്.എസ് ചെയ്യുന്നതെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

അതേസമയം എന്‍.എസ്.എസിന്റെ ഈ നീക്കത്തിനെതിരെ നിയമപരമായി നേരിടാനാണ് എസ്.എന്‍.ഡി.പി യോഗത്തിന്റെ തീരുമാനം. ഇതിനായി ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. രാജന്‍ ബാബുവിനെയാണ് യോഗം ചുമതല നല്‍കിയിരിക്കുന്നത്. രാജ്യത്തെ ഭരണഘടന ജാതി സംവരണമാണ് വിഭാവനം ചെയ്യുന്നതെന്നും അത് രാജ്യത്തെ കീഴ് ജാതിക്കാര്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശമാണെന്നും എസ്.എന്‍.ഡി.പി യോഗം അധ്യക്ഷന്‍ വെള്ളപ്പാള്ളി നടേശന്‍ പറഞ്ഞു. സാമ്പത്തിക സംവരണമെന്ന എന്‍.എസ്.എസിന്റെ സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നുമാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Also Read സഹനത്തിന്റെ കുരിശുവഴികളില്‍ നീതികിട്ടാത്ത കന്യാസ്ത്രീ ജീവിതങ്ങള്‍

എന്‍.എസ്.എസിന്റെ നീക്കത്തിനെതിരെ നിയമ നടപടികളുമായി എസ്.എന്‍.ഡി.പി കൂടി എത്തുന്നതോടെ വര്‍ഷങ്ങളായി പുകയുന്ന സംവരണ ചര്‍ച്ചകളും പ്രതിഷേധങ്ങളും തുറന്ന നിയമപോരാട്ടത്തിനാണ് വഴി വെച്ചിരിക്കുന്നത്.

എന്നാല്‍ 2006ല്‍ ശാസ്ത്രസാഹിത്യ പരിഷത്ത് ഉണ്ടാക്കിയ കണക്കുകള്‍ പ്രകാരം ജനസംഖ്യയുടെ 12.5 ശതമാനം വരുന്ന നായര്‍ വിഭാഗം ഒരു സംവരണവും ഇല്ലാതെ തന്നെ മൊത്തം ഉദ്യോഗങ്ങളുടെ 21 ശതമാനം നേടിയിരിക്കുന്നു. അതായത് അവരുടെ ജനസംഖ്യയുടേതിനേക്കാള്‍ 40.5% അധികം അനുപാതം. മറ്റ് മുന്നോക്ക വിഭാഗക്കാരുടെ ജനസംഖ്യാ പ്രാതിനിധ്യം 1.3 ശതമാനവും ഉദ്യോഗ പ്രാതിനിധ്യം 3.1 ശതമാനവുമാണ്. അതായത് ജനസംഖ്യയെക്കാള്‍ 56.5 ശതമാനം അധികം.

ജനസംഖ്യയുടെ 22.2% വരുന്ന ഈഴവര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗ തലങ്ങളില്‍ ഉള്ള പ്രാതിനിധ്യം 22.7% ആണ്. അതായത് ജനസംഖ്യാനുപാതത്തെക്കാള്‍ 0.02% മാത്രം അധികം. മറ്റ് പിന്നോക്ക വിഭാഗക്കാരുടെത് ജനസംഖ്യാ പ്രാതിനിധ്യം 8.2 ശതമാനവും ഉദ്യോഗസ്ഥ പ്രാതിനിധ്യം 5.8 ശതമാനവുമാണ്. അതായത് ജനസംഖ്യാനുപാതത്തേക്കാള്‍ 41.0 ശതമാനം കുറവ്.

ഇനി പട്ടിക ജാതി/വിഭാഗത്തിന്റെ കണക്കുകള്‍ പ്രകാരം ജനസംഖ്യയുടെ 9% വരുന്ന ഈ വിഭാഗത്തിന് സര്‍ക്കാര്‍ ഉദ്യോഗങ്ങളിലെ പ്രാതിനിധ്യം 7.6 ശതമാനം മാത്രമാണ്. ഇത് അവരുടെ ജനസംഖ്യാനുപാതത്തെക്കാള്‍ 22.6 ശതമാനം കുറവാണ്

ക്രിസ്ത്യന്‍ മുസ്‌ലിം പ്രാതിനിധ്യം നോക്കുകയാണെങ്കില്‍ ക്രിസ്ത്യന്‍ വിഭാഗത്തിന്റേത് 18.3 ജനസംഖ്യാ പ്രാതിനിധ്യവും 20.6 ഉദ്യോഗസ്ഥ പ്രാതിനിധ്യവുമാണ് അതായത് 11 ശതമാനം അധികം. ഇനി മുസ്‌ലിം ജനവിഭാഗത്തിന്റെ കണക്കുകള്‍ നോക്കുകയാണെങ്കില്‍ ജനസംഖ്യ പ്രാതിനിധ്യം 26.9 ശതമാനവും ഉദ്യോഗപ്രാതിനിധ്യം 11.4 ശതമാനവുമാണ്. അതായത് 136 ശതമാനം കുറവ്.

കണക്കുകള്‍ ഇങ്ങിനെയായിരിക്കെയാണ് ജാതി സംവരണം സാമൂഹിക സന്തുലിതാവസ്ഥ തകര്‍ക്കുന്നെന്നാരോപിച്ച് എന്‍.എസ്.എസ് കോടതിയെ സമീപിച്ചിരിക്കുന്നത്.

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2017 ജൂണ്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.