ഇന്റിമേറ്റ് സീൻ വന്നാൽ എഴുന്നേറ്റ് പോവുന്ന ഫാമിലി ഓഡിയൻസിലേക്കാണ് കാതൽ കൂടുതൽ എത്തിയത്: ചിന്നു ചാന്ദിനി
Entertainment
ഇന്റിമേറ്റ് സീൻ വന്നാൽ എഴുന്നേറ്റ് പോവുന്ന ഫാമിലി ഓഡിയൻസിലേക്കാണ് കാതൽ കൂടുതൽ എത്തിയത്: ചിന്നു ചാന്ദിനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 28th November 2023, 7:08 pm

ജിയോ ബേബി ഒരുക്കിയ മമ്മൂട്ടി ചിത്രം കാതൽ ദി കോർ മികച്ച അഭിപ്രായവുമായി തിയേറ്ററിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്.

പേരുപോലെതന്നെ കാമ്പുള്ള ചിത്രമായി പ്രേക്ഷകർ ഏറ്റെടുത്ത കാതൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. വ്യത്യസ്തമായ ഒരു പ്രണയകഥ പറയുന്ന ചിത്രത്തിൽ നടി ചിന്നു ചാന്ദിനിയും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.

കാതൽ എന്ന ചിത്രം ഒരു പുതിയ ചരിത്രമാണെന്നും മമ്മൂട്ടിയെ പോലെ ഒരു മഹാനടൻ ആ ചിത്രം ഏറ്റെടുത്ത് ചെയ്യാൻ കാണിച്ചത് വലിയ കാര്യമാണെന്നും ചിന്നു പറയുന്നു.

ഇന്റിമേറ്റ് സീനുകൾ ചിത്രത്തിൽ കാണിക്കാതിരുന്നത് ഫാമിലി ഓഡിയൻസിനടുത്തേക്ക് ചിത്രം കൂടുതലായി എത്താൻ കാരണമായിട്ടുണ്ടെന്നും എൽ.ജി.ബി.ടി.ക്യു കഥകളിൽ ഫിസിക്കലായിട്ടുള്ള ഇന്റിമസിക്ക് വലിയ പ്രാധാന്യമുണ്ടെന്നും ചിന്നു സൈന സൗത്ത് പ്ലസിനോട് പറഞ്ഞു.

‘കാതൽ എന്ന സിനിമ ശരിക്കും ഒരു ചരിത്രമാണ്. പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ കഥ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ പറയാൻ ശ്രമിക്കുന്ന ഒരു സിനിമയാണ് കാതൽ. വളരെ സെൻസിറ്റീവായിട്ടാണ് അത് ചെയ്തിട്ടുള്ളത്. മമ്മൂക്കയെ പോലെ മഹാനായ ഒരു നടൻ അഭിനയിക്കുകയും നിർമിക്കുകയും ചെയ്യുന്നു എന്നതാണ് വലിയ കാര്യം.

എന്റെ കാഴ്ചപ്പാട് തെറ്റാണോ എന്നെനിക്കറിയില്ല. പലപ്പോഴും എൽ.ജി.ബി.ടി.ക്യു കഥകളിൽ ഫിസിക്കലായിട്ടുള്ള ഇന്റിമസിക്ക് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്. എൽ.ജി.ബി.ടി.ക്യു മാത്രമല്ല ഒരു ഹെട്രോസെക്ഷ്വൽ കപ്പിളിന്റെ ആണെങ്കിലും ഒരുപക്ഷെ കുടുംബ പ്രേക്ഷകരെ അത് പ്രയാസപ്പെടുത്തിയേക്കാം.

ഇന്നും ടി.വിയിൽ എന്തെങ്കിലും ഒരു ഇന്റിമേറ്റ് സീൻ വന്ന് കഴിഞ്ഞാൽ ആ ചാനൽ മാറ്റുകയോ അല്ലെങ്കിൽ ആ റൂമിൽ നിന്ന് രണ്ട് മൂന്ന് പേര് എണീറ്റ് പോവുകയോ ചെയ്യും. പക്ഷെ വ്യക്തിപരമായി എനിക്ക് തോന്നുന്നത്, അത് കാതൽ എന്ന സിനിമ ഒരുപാടാളുകൾക്ക് ആക്സസിബിൾ ആക്കിയിട്ടുണ്ട്,’ചിന്നു പറയുന്നു.

Content Highlight: Chinnu Chandhini Talk About Intimacy In Love And Kaathal Movie