സൗത്ത് ഇന്ത്യയിലെ മികച്ച ഗായികമാരില്‍ ഒരാളാണ് ചിന്മയി. തമിഴില്‍ കരിയര്‍ ആരംഭിച്ച ചിന്മയി തെലുങ്ക്, കന്നഡ, മലയാളം, ഗുജറാത്തി, കൊങ്കണി, മറാത്ത, ഹിന്ദി ഭാഷകളിലായി 500ലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. വൈരമുത്തുവിനെതിരായ മീടൂ ആരോപണത്തിന് പിന്നാലെ തമിഴ് സിനിമ ചിന്മയിക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞദിവസം നടന്ന തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചില്‍ ചിന്മയി നടത്തിയ പെര്‍ഫോമന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിത്രത്തില്‍ ധീ പാടിയ ‘മുത്ത മഴൈ’ എന്ന പാട്ട് സ്റ്റേജില്‍ പെര്‍ഫോം ചെയ്തത് ചിന്മയിയായിരുന്നു. തഗ് ലൈഫിന്റെ തെലുങ്ക്, ഹിന്ദി വേര്‍ഷനുകളില്‍ ഈ ഗാനം ആലപിച്ചതും ചിന്മയിയാണ്.
ഓഡിയോ ലോഞ്ചിലെ പെര്‍ഫോമന്‍സിന് പിന്നാലെ തന്റെ ഇന്‍ബോക്‌സില്‍ ധാരാളം മെസ്സേജുകള്‍ വരികയാണെന്ന് ചിന്മയി പറഞ്ഞു. തമിഴ് സിനിമ തന്നെ വിലക്കിയതിലുള്ള സങ്കടവും അവര്‍ പറഞ്ഞിട്ടുണ്ടെന്നും ചിന്മയി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആറ് വര്‍ഷം മുമ്പ് തനിക്ക് നേരിട്ട മോശം അനുഭവം പങ്കുവെച്ചപ്പോള്‍ എല്ലാവരും ഇന്‍ബോക്‌സില്‍ വന്ന് തെറി വിളിക്കുകയായിരുന്നെന്നും അവര്‍ പറയുന്നു.
എന്നാല്‍ ഇന്ന് എല്ലാവരും തന്നെ അഭിനന്ദിച്ചുകൊണ്ട് മെസ്സേജുകളും പോസ്റ്റുകളും അയക്കുന്നുണ്ടെന്നും ചിന്മയി പറഞ്ഞു. അതൊന്നും തനിക്ക് ആസ്വദിക്കാന്‍ സാധിക്കുന്നില്ലെന്നും എല്ലാവരോടും നന്ദി മാത്രമേ പറയുന്നുള്ളൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അന്നത്തെ സംഭവത്തില്‍ തന്റെ മനസ് അത്രമാത്രം മരവിച്ചുപോയെന്നും ചിന്മയി പറഞ്ഞു. ദി ഹിന്ദുവിനോട് സംസാരിക്കുകയായിരുന്നു ചിന്മയി.
‘എനിക്ക് നേരിട്ട ഒരു ദുരനുഭവമാണ് അന്ന് ഞാന്‍ പറഞ്ഞത്. എല്ലാവരും എന്നെ സപ്പോര്‍ട്ട് ചെയ്യുമെന്ന് വിചാരിച്ചപ്പോള്‍ കുറ്റപ്പെടുത്തലാണ് എനിക്ക് ലഭിച്ചത്. ആറ് വര്‍ഷം മുമ്പ് എന്റെ ഇന്‍ബോക്‌സില്‍ വന്ന് എല്ലാവരും തെറി വിളിക്കുകയായിരുന്നു. കേട്ടാലറയ്ക്കുന്ന വാക്കുകള്‍ കൊണ്ട് എന്നെ തളര്‍ത്തി. അതെല്ലാം വലിയ ആഘാതമാണ് എനിക്ക് സമ്മാനിച്ചത്.
ഇന്ന് എല്ലാവരും ഇന്‍ബോക്‌സില്‍ വന്ന് ‘പാട്ട് നന്നായിട്ടുണ്ട്’, ‘അടിപൊളിയാണ്’ എന്നൊക്കെ പറയുമ്പോള്‍ എനിക്ക് അതില്‍ സന്തോഷം തോന്നുന്നില്ല. കാരണം, അന്ന് നേരിട്ട അനുഭവം ഇപ്പോഴും മനസില്‍ നിന്ന് പോയിട്ടില്ല. എല്ലാ മെസ്സേജുകള്‍ക്കും ‘താങ്ക് യൂ’ എന്ന് മാത്രമേ മറുപടി നല്‍കുന്നുള്ളൂ. എന്റെ മനസ് മരവിച്ചുപോയിരിക്കുകയാണ്,’ ചിന്മയി പറഞ്ഞു.
Content Highlight: Chinmayi shares the experience when she got red card from Tamil Cinema