എന്നെ ബാന്‍ ചെയ്യാന്‍ മുന്‍പന്തിയിലുണ്ടായിരുന്നത് ആ നടന്‍, ഒരുപാട് യൂണിയനുകളില്‍ അയാള്‍ക്ക് പിടിപാടുണ്ട്: ചിന്മയി
Entertainment
എന്നെ ബാന്‍ ചെയ്യാന്‍ മുന്‍പന്തിയിലുണ്ടായിരുന്നത് ആ നടന്‍, ഒരുപാട് യൂണിയനുകളില്‍ അയാള്‍ക്ക് പിടിപാടുണ്ട്: ചിന്മയി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st June 2025, 9:56 pm

ഇന്ത്യയിലെ മികച്ച ഗായികമാരില്‍ ഒരാളാണ് ചിന്മയി. തമിഴില്‍ കരിയര്‍ ആരംഭിച്ച ചിന്മയി തെലുങ്ക്, കന്നഡ, മലയാളം, ഗുജറാത്തി, കൊങ്കണി, മറാത്ത, ഹിന്ദി ഭാഷകളിലായി 500ലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മൂന്ന് വട്ടം തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരം ചിന്മയിയെ തേടിയെത്തിയിരുന്നു. വൈരമുത്തുവിനെതിരായ മീടൂ ആരോപണത്തിന് പിന്നാലെ തമിഴ് സിനിമ ചിന്മയിക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.

തനിക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെക്കുറിച്ച് സംസാരിക്കുകയാണ് ചിന്മയി. തനിക്ക് മുമ്പ് തമിഴ് നടി അസിനെ യൂണിയന്‍ വിലക്കിയിരുന്നെന്നും അവര്‍ പിന്നീട് ബോളിവുഡില്‍ സജീവമായെന്നും ചിന്മയി പറഞ്ഞു. ഒരു യൂണിയനില്‍ നേതാവായി നില്‍ക്കുന്ന ആളായിരിക്കും അടുത്ത യൂണിയനില്‍ ട്രഷററെന്നും എല്ലാ യൂണിയനിലും അവര്‍ക്ക് പിടിപാടുണ്ടാകുമെന്നും ചിന്മയി പറയുന്നു.

തന്നെ വിലക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നത് നടന്‍ രാധാ രവിയായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തമിഴ് ഭാഷയെ താങ്ങിനിര്‍ത്തുന്ന ഒരു കവിക്കെതിരെയാണ് താന്‍ പരാതിപ്പെട്ടതെന്നും അത് പലരെയും ചൊടിപ്പിച്ചെന്നും ചിന്മയി പറഞ്ഞു. തന്നെ ആദ്യമായി വിലക്കിയത് ഡബ്ബിങ് യൂണിയനായിരുന്നെന്നും അവര്‍ പറയുന്നു. ദി ഹിന്ദുവിനോട് സംസാരിക്കുകയായിരുന്നു ചിന്മയി.

‘തമിഴ് സിനിമ ഒരു ആര്‍ട്ടിസ്റ്റിനെ വിലക്കുന്നത് ആദ്യമായിട്ടല്ല. എന്നെ ബാന്‍ ചെയ്യുന്നതിന് മുമ്പ് അവര്‍ അസിനെ ഇതുപോലെ വിലക്കിയിരുന്നു. പക്ഷേ, അവര്‍ ബോളിവുഡില്‍ സജീവമായി നിന്നു. അതിന് ശേഷം സ്വന്തം ജീവിതവുമായി മുന്നോട്ടുപോയി. ഇവിടെ എന്നെ നാല് യൂണിയനുകളാണ് വിലക്കിയത്. ഇവിടുത്തെ രീതി എങ്ങനെയാണെന്ന് വെച്ചാല്‍, ഒരു യൂണിയനിലെ പ്രസിഡന്റ് അടുത്ത യൂണിയനിലെ മെമ്പറായിരിക്കും.

അങ്ങനെ എല്ലാ യൂണിയനിലും ശക്തമായ പിടിപാടുള്ളവരായി ഇവര്‍ നിറഞ്ഞ് നില്‍ക്കും. തമിഴ് നടന്‍ രാധാ രവിയാണ് എന്നെ വിലക്കാനായി മുന്‍പന്തിയില്‍ നിന്നത്. തമിഴ് സിനിമയില്‍ കാലങ്ങളായി നിറഞ്ഞുനില്‍ക്കുന്ന, തമിഴ് ഭാഷയെ ജീവനായി കാണുന്ന ഒരു പാട്ടെഴുത്തുകാരന്‍ എന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്ന് പരാതിപ്പെട്ടതിനാണ് എന്നെ അവര് വിലക്കിയത്.

ആദ്യം എന്നെ ബാന്‍ ചെയ്തത് ഡബ്ബിങ് യൂണിയനാണ്. അവര്‍ മറ്റ് യൂണിയനുകള്‍ക്ക് നോട്ടീസയച്ചു. ഈ വ്യക്തിയെ ഞങ്ങള്‍ വിലക്കിയിരിക്കുകയാണ് ഇവരുമായി സഹകരിക്കരുതെന്ന് ആ നോട്ടീസില്‍ പറഞ്ഞു. അങ്ങനെ മറ്റ് യൂണിയനുകളും എന്നെ വിലക്കി. പരാതിക്കാരി ഞാനാണ്. എന്നെയാണ് അവര്‍ മാറ്റിനിര്‍ത്തിയത്,’ ചിന്മയി പറഞ്ഞു.

Content Highlight: Chinamyi saying Radha Ravi was the main person to ban her from Tamil cinema