വല്ലാത്ത അതിമോഹമുള്ള ചിലരുണ്ട്, ഇത്തരക്കാര്‍ ജയില്‍ ഭക്ഷണം കഴിക്കേണ്ടിവരും; ഉദ്യോഗസ്ഥര്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി
Kerala News
വല്ലാത്ത അതിമോഹമുള്ള ചിലരുണ്ട്, ഇത്തരക്കാര്‍ ജയില്‍ ഭക്ഷണം കഴിക്കേണ്ടിവരും; ഉദ്യോഗസ്ഥര്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th February 2022, 6:15 pm

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി പിണറായി വജിയന്‍. വല്ലാത്ത അതിമോഹമുള്ള ചിലരുണ്ടെന്നും ഇത്തരക്കാരോട് പറയാനുള്ളത്, ജയില്‍ ഭക്ഷണം കഴിച്ച് ജീവിക്കേണ്ടി വരുമെന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശസ്വയംഭരണ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു അഴിമതിക്കെതിരായ മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

വലിയൊരു നിക്ഷേപം വരുമ്പോള്‍, ആ നിക്ഷേപ തുകയ്ക്ക് അനുസരിച്ച് ഒരു തുക നിശ്ചയിച്ച് അത് തനിക്ക് വേണമെന്ന് പറയാന്‍ മടി കാണിക്കാത്ത ചിലര്‍ കേരളത്തിലുണ്ട്. അത്തരത്തിലുള്ള ആളുകള്‍ക്ക് വീട്ടില്‍ നിന്ന് അധികം ഭക്ഷണം കഴിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളാണ് ഏത് സര്‍ക്കാരിന്റെയും യജമാനന്‍മാരെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പുകളെ ഒരു കുടക്കീഴില്‍ അണി നിരത്തുകയാണെന്നും ചിതറിക്കിടന്നപ്പോള്‍ ഫലപ്രദമായ പദ്ധതി നിര്‍വഹണത്തിന് തടസം സൃഷ്ടിച്ചുവെന്നും അതുകൊണ്ടാണ് പുതിയ സംവിധാനം കൊണ്ട് വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് നിഷേധാത്മക സമീപനം ഉണ്ടാകരുത്, അഴിമതിയില്‍ നിന്ന് പൂര്‍ണമായും മുക്തമാകണം. ജനങ്ങളാണ് ഏത് സര്‍ക്കാരിന്റെയും യജമാനന്‍മാര്‍, ആ യജമാനന്‍മാരെ സേവിക്കുന്നവരാകണ് ഉദ്യോഗസ്ഥര്‍. പോരായ്മകള്‍ തിരുത്തി മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.