ലാലേട്ടനല്ല, ശരിക്കും 'ആറാടിയത്' ആരാധകന്‍; വൈറലായത് ഒറ്റദിവസം കൊണ്ട്
Film News
ലാലേട്ടനല്ല, ശരിക്കും 'ആറാടിയത്' ആരാധകന്‍; വൈറലായത് ഒറ്റദിവസം കൊണ്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 19th February 2022, 5:19 pm

ഫെബ്രുവരി 18 നാണ് ആരാധകര്‍ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം ‘ആറാട്ട്’ തിയേറ്ററുകളിലേക്ക് എത്തിയത്.

ആരാധകരെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ ബി.ജി.എമ്മും ആക്ഷനും ഡയലോഗുകളും ഉള്‍പ്പെടെയുള്ള മാസ് ചേരുവകളെല്ലാം ചേര്‍ത്താണ് ബി. ഉണ്ണികൃഷ്ണന്‍ ചിത്രം തയാറാക്കിയിരിക്കുന്നത്.

എന്നാല്‍ ചിത്രം പുറത്തിറങ്ങിയ ആദ്യദിവസം തന്നെ വൈറലായത് മോഹന്‍ലാലിന്റെ ആരാധകനാണ്. ആറാട്ടിന്റെ പ്രേക്ഷക പ്രതികരണമെടുക്കാന്‍ തിയേറ്ററിലെത്തിയ സകല ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും മുന്നല്‍ പ്രത്യക്ഷപ്പെട്ട് മോഹന്‍ലാല്‍ ചിത്രത്തെ വാനോളം പുകഴ്ത്തുകയായിരുന്നു കക്ഷി.

‘ലാലേട്ടന്‍ തകര്‍ത്തിട്ടുണ്ട്. ലാലേട്ടന്‍ ആറാടുകയാണ്. ഫസ്റ്റ് ഹാഫ് ലാലേട്ടന്റെ ആറാട്ടാണ് സെക്കന്റ് ഹാഫ് നല്ല കഥയാണ്, ഫാന്‍സിനും എല്ലാവര്‍ക്കും ഇഷ്ടപ്പെടും’ എന്നാണ് ഇദ്ദേഹം മാധ്യമങ്ങളോട് പറയുന്നത്.

സിനിമ നിരാശപ്പെടുത്തി എന്ന് ചില പ്രേക്ഷകര്‍ പ്രതികരിക്കുമ്പോള്‍ ഉടന്‍ തന്നെ ‘ഇത് നെഗറ്റീവ് ക്യാമ്പെയ്‌നാണ്, രാജമാണിക്യം ഒന്നുമല്ലെന്നും’ ഇടക്ക് കേറി ഇദ്ദേഹം പറയുന്നുണ്ട്. ‘മോഹന്‍ലാല്‍ ഫാന്‍സിന് ഇഷ്ടപ്പെടുമെന്നും മമ്മൂട്ടി ഫാന്‍സിന് ചിത്രം ഇഷ്ടപ്പെടില്ലെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഇതില്‍ തന്നെ ലാലേട്ടന്‍ ആറാടുകയാണ് എന്ന ഡയലോഗ് എല്ലാ മാധ്യമങ്ങളോടും അദ്ദേഹം ആവര്‍ത്തിച്ചിട്ടുണ്ട്.

എന്തായാലും ഈ കട്ട ആരാധകനെ ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇതിനോടകം തന്നെ ഇദ്ദേഹത്തിന്റെ ട്രോളുകളും സ്റ്റിക്കറുകളും വൈറലാവുകയാണ്.

അതേസമയം ഒരിടവേളക്ക് ശേഷം മലയാളത്തിലെത്തിയ മോഹന്‍ലാലിന്റെ മാസ് സിനിമ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. വിധു വിന്‍സെന്റ്, അരുണ്‍ ഗോപി മുതലാ നിരവധി താരങ്ങളും ചിത്രത്തെ പ്രശംസിച്ചിരുന്നു. മോഹന്‍ലാലിന്റെ പഴയ ജനപ്രിയ സിനിമകളെ അനുസ്മരിപ്പിക്കും വിധമുള്ള രംഗങ്ങളും ഡയലോഗുകളും ചിത്രത്തിലുണ്ടായിരുന്നു.


Content Highlight: mohanlal became viral after the release of aarattu