ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പരമ്പരയിലെ ആദ്യ മത്സരം വിജയിച്ച സന്ദര്‍ശകര്‍ രണ്ടാം ടെസ്റ്റിലും മികച്ച വിജയം നേടുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
നാളെ (ഓഗസ്റ്റ് 23) കൊളംബോയിലെ സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗ്രൗണ്ടിലാണ് പരമ്പരയിലെ രണ്ടാം മത്സരം അരങ്ങേറുന്നത്.
രണ്ടാം ടെസ്റ്റിനെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അരങ്ങുതകര്‍ക്കുന്നതിനിടെ നലവിലെ ലോക ടെസ്റ്റ് ടീമിനെ തെരഞ്ഞെടുക്കുകയാണ് ഇന്ത്യന്‍ ഇതിഹാസവും ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുമായ ചേതേശ്വര്‍ പൂജാര.
ഇന്ത്യയ്‌ക്കൊപ്പം ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, ഓസ്‌ട്രേലിയ ടീമുകളില്‍ നിന്നുള്ള താരങ്ങളെ ഉള്‍പ്പെടുത്തിയാണ് പൂജാരയുടെ ടീം സെലക്ഷന്‍.
ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ യുവതാരം യശസ്വി ജയ്‌സ്വാളിന് പൂജാരയുടെ ടീമില്‍ ഇടം ലഭിച്ചില്ലെന്നതാണ് ടീമിലെ ഹൈലൈറ്റ്. ശുഭ്മന്‍ ഗില്ലിനെ ക്യാപ്റ്റന്‍സിയേല്‍പ്പിച്ച ടീമില്‍ അഞ്ച് ഇന്ത്യന്‍ താരങ്ങളും നാല് ഓസ്‌ട്രേലിയന്‍ താരങ്ങളും ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിന്ന് ഓരോ താരങ്ങള്‍ വീതവും ഉള്‍പ്പെട്ടിട്ടുണ്ട്.
ജെയ്‌സ്വാളിന് പകരം സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം ഏയ്ഡന്‍ മര്‍ക്രമിനെയും കെ.എല്‍. രാഹുലിനെയുമാണ് പൂജാര തെരഞ്ഞെടുത്തത്. കഴിഞ്ഞ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ച രണ്ടാം ഇന്നിങ്‌സ് പ്രകടനമാണ് മര്‍ക്രമിനെ പൂജാരയുടെ വേള്‍ഡ് ഇലവനിലെത്തിച്ചത്.
ഏയ്ഡന്‍ മര്‍ക്രം. Photo: Proteas Men/x.com
2025 തുടക്കം മുതല്‍ 49ലേറെ ശരാശരിയില്‍ 1,000ത്തിലധികം റണ്‍സ് നേടി സ്ഥിരത പുലര്‍ത്തുന്നതാണ് രാഹുലിന് അവസരമൊരുക്കിയത്.
കെ.എല്‍. രാഹുല്‍. Photo: BCCI/x.com
ഫാബ് ഫോറിലെ കരുത്തരായ ജോ റൂട്ട് മൂന്നാം നമ്പറിലും സ്റ്റീവ് സ്മിത് നാലാം നമ്പറിലുമെത്തുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ അഞ്ചാം നമ്പറിലെത്തുന്നു.
ജോ റൂട്ട് | സ്റ്റീവ് സ്മിത് | ശുഭ്മന്‍ ഗില്‍
വിക്കറ്റ് കീപ്പറായി റിഷബ് പന്തിനെയാണ് പൂജാര തെരഞ്ഞെടുത്തിരിക്കുന്നത്. ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജയും ഇടംപിടിച്ചു.