[]കണ്ണൂര്: ടൈറ്റാനിയം കേസില് ഏത് തരത്തിലുള്ള അന്വേഷണവും നേരിടാന് തയ്യാറാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില് താന് നിരപരാധിയാണ്. വിജിലന്സ് വകുപ്പ് ഒഴിയേണ്ട കാര്യമില്ലെന്നും ചെന്നിത്തല കണ്ണൂരില് വാര്ത്താസമ്മേളനത്തില് പറഞ്ഞു.
താന് കെ.പി.സി.സി പ്രസിഡന്റാവുന്നതിന് 42 ദിവസം മുമ്പാണ് ടൈറ്റാനിയം മാലിന്യ നിര്മാര്ജന പ്ലാന്റ് സംബന്ധിച്ച തീരുമാനം മന്ത്രിസഭ കൈക്കൊണ്ടത്. ഇതുമായി ഒരു ഘട്ടത്തിലും താന് ബന്ധപ്പെട്ടിട്ടില്ല. കെ.പി.സി.സി പ്രസിഡന്റായിരുന്ന സമയത്തും ഭരണപരമായ ഒരു ചുമതലയും തനിക്കുണ്ടായിരുന്നില്ല. താന് എം.പിയോ, എം.എല്.എയോ അല്ല. തനിക്ക് യാതൊരു അറിവും ഇല്ലാത്ത കാര്യത്തിന് എന്ത് ഉത്തരവാദിത്വമുണ്ടെന്നാണ് കോടതി പറഞ്ഞതെന്ന് മനസിലാകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഒരു പൊതുപ്രവര്ത്തകനെന്ന നിലയില് ഏത് അന്വേഷണത്തെയും നേരിടാന് തയ്യാറാണ്. പൊതുജനസമക്ഷം ഈ വസ്തുത തുറന്നു പറയാന് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
മദ്യനയത്തില് അഭിപ്രായ വ്യത്യാസങ്ങള് ഉണ്ടെങ്കിലും സര്ക്കാര് എടുത്ത തീരുമാനത്തില് നിന്ന് പിന്നോട്ട് പോകാന് ആഗ്രഹിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ടൈറ്റാനിയം മാലിന്യ നിര്മാര്ജന പദ്ധതിയില് അഴിമതി നടന്നുവെന്ന ഹരജിയില് കേസ് രജിസ്റ്റര് ചെയ്ത് തുടരന്വേഷണം നടത്താന് വിജിലന്സ് കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രി ഉമ്മന്ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.കെ ഇബ്രാഹിംകുഞ്ഞ്, മുന് വ്യവസായ സെക്രട്ടറി ടി ബാലകൃഷ്ണന്, ടൈറ്റാനിയം മുന് എം.ഡി ഈപ്പന് ജോസഫ് അടക്കമുള്ള ഉദ്യോഗസ്ഥര്, കമ്പനി പ്രതിനിധികളായ ഡി. ബാസു, രാജീവന് എന്നിവര്ക്കെതിരെ കേസെടുക്കാനാണ് കോടതി നിര്ദേശിച്ചിരിക്കുന്നത്. ഇവര്ക്കെതിരെ തെളിവില്ലെന്ന വിജിലന്സ് റിപ്പോര്ട്ട് തള്ളിയായിരുന്നു കോടതി ഉത്തരവ്.
ട്രാവന്കൂര് ടൈറ്റാനിയം ഫാക്ടറിയില് മലിനീകരണ നിയന്ത്രണപ്ലാന്റ് സ്ഥാപിക്കുന്നതില് 200 കോടിയിലേറെ രൂപയുടെ അഴിമതി നടത്തിയെന്നതാണ് ആരോപണം. രമേശ് ചെന്നിത്തല അന്ന് മന്ത്രിസഭാംഗമല്ലായിരുന്നെങ്കിലും ഗൂഢാലോചനയില് പങ്കാളിയായെന്നാണ് പരാതിക്കാന് ഉന്നയിച്ചത്.
