കുടിയനായ ഭർത്താവിനെ നന്നാക്കിയെടുക്കുന്ന 'നല്ല ഭാര്യ' പട്ടികയിലേക്ക് ചീരോത്ത് പത്മജയും
Entertainment news
കുടിയനായ ഭർത്താവിനെ നന്നാക്കിയെടുക്കുന്ന 'നല്ല ഭാര്യ' പട്ടികയിലേക്ക് ചീരോത്ത് പത്മജയും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 17th July 2022, 12:00 pm

സിനിമയിലെ ഭർത്താക്കൻമാർക്ക് എന്തെങ്കിലും ദുശ്ശീലങ്ങളുണ്ടോ, എങ്കിൽ അത് നന്നാക്കിയെടുക്കാൻ ഒരു ഭാര്യയും കാണും. അങ്ങനെ ഭർത്താക്കന്മാരെ നന്നാക്കിയെടുക്കുന്ന ഭാര്യമാർക്ക് നല്ല പട്ടം കൊടുക്കാനുള്ള സീനുകളും സിനിമയിലുണ്ടാവും. ആ പട്ടികയിലേക്ക് പത്മ സിനിമയിലെ സുരഭി ലക്ഷ്മി അവതരിപ്പിച്ച കഥാപാത്രത്തെയും കൂടെ ഉൾപ്പെടുത്താം.

അനൂപ് മേനോൻ സംവിധാനവും നിർമാണവും നിർവഹിച്ച പത്മ തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ രവി ശങ്കർ എന്ന കഥാപാത്രമായാണ് അനൂപ് മേനോൻ എത്തിയിരിക്കുന്നത്. ചീരോത്ത് പത്മജ എന്ന കഥാപാത്രമാണ് സുരഭി.

കരിയറിൽ സക്സസ്ഫുള്ളായ, സാമ്പത്തികമായി ഉയർന്ന് നിൽക്കുന്ന നായക കഥാപാത്രമാണ് രവി. എന്നാൽ ആർക്കുമറിയാത്ത ഒരു ഫ്ലാഷ്ബാക്ക് അദ്ദേഹത്തിനുണ്ടായിരുന്നു. പ്രേമനൈരാശ്യം മൂലം ആൽക്കഹോളിക്കായി മാറിയ ഒരു ഭൂതകാലം. അങ്ങനെയിരിക്കെയാണ് അദ്ദേഹം വിവാഹം കഴിക്കുന്നതും പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ കുടി നിർത്തുന്നതും.

അതിന് കാരണമാകുന്നത് ഭാര്യയും. സ്ഥിരം കണ്ടുമടുത്ത ഒരു ത്രെഡ് ആണിത്. വിവാഹത്തോടുകൂടി ഭർത്താക്കന്മാരെ നന്നാക്കിയെടുക്കാനുള്ള കടമ ഭാര്യമാരുടെ തലയിൽ വീഴാറുണ്ട്. ആ ഭാര്യമാർ നല്ല ഭാര്യമാരായി വാഴ്ത്തപ്പെടാറുമുണ്ട്.

പത്മയിലും രവി ശങ്കറിന്റെ കുടി നിർത്താനും അയാൾ സൈക്കോളജിസ്റ്റ് ആയി ശോഭിക്കാനും പണം സമ്പാദിക്കാനും കാരണം പത്മയാണ്. മുഴുക്കുടിയാനായ അയാളെ കൺസൾട്ടിങ്ങ് തുടങ്ങാൻ നിർബന്ധിക്കുന്നത് പത്മയാണ്. അവൾ ഗർഭിണിയാവുന്നത് ആ നന്നാക്കിയെടുക്കലിന് ആക്കം കൂട്ടുന്നു.

ഭർത്താക്കന്മാരെ നന്നാക്കിയെടുക്കാൻ വിധിക്കപ്പെട്ട പെൺകഥാപത്രങ്ങളുടെ തുടർച്ച തന്നെയാണിതും. പുതുമ അവകാശപ്പെടാനുള്ള സീനുകൾ ഈ സിനിമയിലുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്നാണ് ഉത്തരം.

അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ നിര്‍മിച്ച പത്മയില്‍ ശങ്കര്‍ രാമകൃഷ്ണന്‍, അന്‍വര്‍ ഷെരീഫ്, അംബി, മെറീന മൈക്കിള്‍, മാലാ പാര്‍വതി, ശ്രുതി രജനികാന്ത്, എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൂടാതെ ഇരുപതോളം പുതുമുഖങ്ങളുമുണ്ട്. അനൂപ് മേനോന്‍, ഡോക്ടര്‍ സുകേഷ് എന്നിവരുടെ വരികള്‍ക്ക് നിനോയ് വര്‍ഗീസ് സംഗീതം പകരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പിയാണ്

Content Highlight: Cheeroth Padmaja from the movie Padma also joins the list of ‘good wife’ who fixes her alcoholic husband