വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച് ഓണം റിലീസായ തീയേറ്ററുകളില്‍ എത്തുന്ന ചിത്രമാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. കല്യാണി പ്രിയദര്‍ശനും നസ്ലെനുമാണ് സിനിമയില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. മൂന്ന് സിനിമകളുള്ള സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമായാണ് ലോകഃ ഒരുങ്ങുന്നത്.
ചിത്രത്തില്‍ കല്യാണിക്കും നസ്ലെനും പുറമെ ചന്തു സലിംകുമാറും ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോള്‍ ഈ സിനിമയെ കുറിച്ചുള്ള തന്റെ ആദ്യ ഓര്‍മ പങ്കുവെക്കുകയാണ് ചന്തു. അരുണ്‍ ഡൊമനിക്കും നിമിഷ് രവിയും തന്റെയടുത്ത് കഥ പറയാന്‍ വന്നതാണ് ലോകാ സിനിമയേ കുറിച്ചുള്ള തന്റെ ആദ്യ ഓര്‍മയെന്ന് ചന്തു പറയുന്നു.
‘രണ്ട് ദിവസമായിട്ട് ഞാന്‍ ഉറങ്ങാതെ കേട്ട കഥയാണ്. ഒരു ഷൂട്ട് ഉണ്ടായിരുന്നത് കൊണ്ട് രണ്ട് ദിവസമായിട്ട് ഞാന്‍ ഉറങ്ങിയിട്ടില്ലായിരുന്നു. അവര്‍ കഥ പറയാന്‍ വന്നപ്പോള്‍ ഞാന്‍ അവരോട് നാളേ കേട്ടാല്‍ മതിയോ എന്ന് ചോദിച്ചു. ‘പറ്റില്ല ഇന്ന് തന്നെ കേള്‍ക്കണം. അത്യാവശ്യമാണ്’ എന്നാണ് അവര്‍ പറഞ്ഞത്. അങ്ങനെ ഞാന്‍ കഥ കേള്‍ക്കാന്‍ പോയി. സ്റ്റാര്‍ബക്‌സില്‍ വെച്ചായിരുന്നു. അവിടെ പോയി ചെന്ന് കഥ കേട്ടു.
രണ്ട് ദിവസം ഉറങ്ങാതെ ഇരുന്ന് കേട്ടിട്ടും ആ കഥയെനിക്ക് ഇഷ്ടപ്പെട്ടു. ഞാന്‍ മുഴുവന്‍ കംപ്ലീറ്റ് ചെയ്തു. പിന്നെ എനിക്ക് ഉറക്കം വന്നില്ല. എന്താണ് ഉറക്കം വരാഞ്ഞത് എന്ന് അപ്പോള്‍ ഞാന്‍ ആലോചിക്കുകയും ചെയ്തു. ഈ പരിപാടി കൊള്ളാം എന്ന് എനിക്ക് മനസിലായി. കഥ കേട്ട് കഴിഞ്ഞപ്പോള്‍ എന്റെ ക്യാരക്ടറും രസമുണ്ട്. ഈ സിനിമയിലേക്ക് എന്നെ വിളിച്ചത് എന്റെയൊരു ഭാഗ്യമായിട്ടാണ് ഞാന്‍ കരുതുന്നത്,’ ചന്തു സലീംകുമാര്‍ പറയുന്നു.
നവാഗതനായ ഡൊമിനിക് അരുണാണ് ലോകയുടെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. ജേക്‌സ് ബിജോയ് സംഗീതം നിര്‍വഹിച്ച ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നിമിഷ് രവിയാണ്. ചന്ദ്ര എന്ന അത്ഭുതസിദ്ധിയുള്ള പെണ്‍കുട്ടിയുടെ കഥയാണ് ഈ സിനിമ പറയുന്നത്. ചന്ദ്രയായി എത്തുന്നത് കല്യാണി പ്രിയദര്‍ശനാണ്.
സിനിമയില്‍ കല്യാണിക്കും നസ്‌ലെനും ചന്തു സലിംകുമാറിനും പുറമെ അരുണ്‍ കുര്യന്‍, തമിഴ് നടനും കൊറിയോഗ്രാഫറുമായ സാന്‍ഡി, വിജയരാഘവന്‍, നിഷാന്ത് സാഗര്‍ തുടങ്ങി വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
Content Highlight: Chandu salimkumar shares his first memory of this film Lokah chapter one chandra