തിരുവനന്തപുരം: കേരളത്തിലെ പാഠ്യപദ്ധതിയില്‍ ആര്‍.എസ്.എസ് സ്ഥാപകന്‍ ഹെഡ്‌ഗേവറേയും സവര്‍ക്കറെയും ഉള്‍പ്പെടുത്തുമെന്ന ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയലക്ഷ്യം വെച്ചുള്ള വ്യാജപ്രചരണം മാത്രമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കേരളത്തിന്റെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ബി.ജെ.പി നേതാവിന് ധാരണയില്ലാത്തതുകൊണ്ടാണ് ഇത്തരം അസംബന്ധ പ്രസ്താവനകള്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ പി.എം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവെച്ചത് സംസ്ഥാനത്തെ സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനുമുള്ള ഫണ്ട് വിനിയോഗിക്കാന്‍ വേണ്ടിയാണെന്നും മന്ത്രി വ്യക്തമാക്കി. അല്ലാതെ കേരളത്തിന്റെ സിലബസ് കേന്ദ്ര സര്‍ക്കാരിന് അടിയറ വെക്കാനല്ല. പി.എം ശ്രീ ധാരണാപത്രത്തില്‍ ഒപ്പിട്ടതുകൊണ്ട് മാത്രം കേന്ദ്ര സിലബസ് കേരളത്തില്‍ പഠിപ്പിക്കുമെന്ന് കരുതേണ്ടെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
കേരളത്തിന് സ്വന്തവും ശക്തവുമായ ഒരു പാഠ്യപദ്ധതിയും വിദ്യാഭ്യാസ കാഴ്ചപ്പാടുമുണ്ട്. ചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാഭ്യാസത്തെ വര്‍ഗീയവത്ക്കരിക്കാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ലെന്നും മന്ത്രി പറഞ്ഞു.
രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ വധിച്ചത് നാഥുറാം വിനായക് ഗോഡ്‌സെ ആണെന്ന ചരിത്രസത്യം കേരളത്തിലെ പാഠപുസ്തകങ്ങളില്‍ നിന്ന് ആര്‍ക്കും മായ്ക്കാന്‍ കഴിയില്ല. കേരള സിലബസിന്റെ അടിസ്ഥാനത്തില്‍, ഭരണഘടനാ മൂല്യങ്ങളും മതേതരത്വവും ഉയര്‍ത്തിപ്പിടിച്ചുള്ള വിദ്യാഭ്യാസം തന്നെയാകും കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ തുടര്‍ന്നും നല്‍കുകയെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.
സുരേന്ദ്രന്‍ ആഗ്രഹിക്കുന്നതുപോലെ കേരളത്തിലെ കുട്ടികളെ ഹെഡ്‌ഗേവറേയും സവര്‍ക്കറെയും കുറിച്ച് പഠിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ഇത്തരം പ്രസ്താവനകളിലൂടെ കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം വിലപ്പോവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം പി.എം ശ്രീയില്‍ ഇടഞ്ഞുനില്‍ക്കുന്ന സി.പി.ഐയെ അനുനയിപ്പിക്കാന്‍ ഇന്ന് എം.എന്‍ സ്മാരകത്തിലെത്തിയ മന്ത്രി വി. ശിവന്‍കുട്ടി, സി.പി.ഐ സംസ്ഥാന അധ്യക്ഷന്‍ ബിനോയ് വിശ്വം, മന്ത്രി ജി.ആര്‍. അനില്‍ എന്നിവരുമായി സംസാരിക്കുകയും ചെയ്തു.
പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ച മന്ത്രി കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് പറയില്ലെന്നും വ്യക്തമാക്കിയിരുന്നു. അതേസമയം സി.പി.ഐ അവരുടെ നിലപാടില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്.
Content Highlight: Central syllabus cannot be imposed in the name of PM Shri: V. Sivankutty