തുടരും എന്ന ഇന്‍ഡസ്ട്രിയല്‍ ഹിറ്റിന് ശേഷം അധികം ആളനക്കങ്ങളില്ലാതെ മുന്നോട്ടുപോവുകയാണ് മലയാളസിനിമ. ചെറിയ ചില സിനിമകള്‍ തരക്കേടില്ലാത്ത വിജയം നേടിയത് മാറ്റിനിര്‍ത്തിയാല്‍ തിയേറ്ററുകളിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ പോന്ന സിനിമകളൊന്നും കഴിഞ്ഞ കുറച്ചുകാലങ്ങളായി വന്നിട്ടില്ലെന്ന് പറയാം. ഓണം റിലീസുകള്‍ വീണ്ടും തിയേറ്ററുകളിലേക്ക് പ്രേക്ഷകരെ കൊണ്ടുവരുമെന്നാണ് കരുതുന്നത്.
ഓണം റിലീസുകളില്‍ ആരാധകര്‍ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകാഃ ചാപ്റ്റര്‍ വണ്‍. സൂപ്പര്‍ഹീറോ ഴോണറിലൊരുങ്ങുന്ന ചിത്രം നാല് പാര്‍ട്ടുകളുള്ള യൂണിവേഴ്‌സിലെ ആദ്യ ഇന്‍സ്റ്റാള്‍മെന്റാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. വന്‍ ബജറ്റിലൊരുങ്ങിയ ലോകാഃ പാന്‍ ഇന്ത്യന്‍ റിലീസാണ് ലക്ഷ്യം വെക്കുന്നത്.
എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിലെ സസ്‌പെന്‍സ് കാമിയോകള്‍ ഏതൊക്കെയാണെന്ന് ലീക്കായിരിക്കുകയാണ്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം സെന്‍സര്‍ ബോര്‍ഡ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ചിത്രത്തിലെ മൂന്ന് അതിഥിവേഷങ്ങള്‍ ഏതൊക്കെയാണെന്ന സസ്‌പെന്‍സ് പൊളിഞ്ഞത്. ഇതോടെ ചിത്രത്തില്‍ ഒളിപ്പിച്ചുവെച്ച സര്‍പ്രൈസ് എലമെന്റിന്റെ ത്രില്‍ ഇല്ലാതായിരിക്കുകയാണ്.
തരംഗം എന്ന ചിത്രത്തിന് ശേഷം അരുണ്‍ ഡൊമിനിക് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലോകാഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. കല്യാണി പ്രിയദര്‍ശന്‍, നസ്‌ലെന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ അരുണ്‍ കുര്യന്‍, സാന്‍ഡി മാസ്റ്റര്‍, നിഷാന്ത് സാഗര്‍, ചന്തു സലിംകുമാര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ഓഗസ്റ്റ് 28ന് ലോകാഃ തിയേറ്ററുകളിലെത്തും.
Content Highlight: Censor Board spoils the cameos in Lokah Chapter One movie