അങ്ങനിപ്പോ വിജയ് പറയുന്നത് ചെറിയ കുട്ടികള്‍ കേള്‍ക്കണ്ട... ജന നായകന് ലഭിച്ചത് അനാവശ്യ 'A' സര്‍ട്ടിഫിക്കറ്റ്
Indian Cinema
അങ്ങനിപ്പോ വിജയ് പറയുന്നത് ചെറിയ കുട്ടികള്‍ കേള്‍ക്കണ്ട... ജന നായകന് ലഭിച്ചത് അനാവശ്യ 'A' സര്‍ട്ടിഫിക്കറ്റ്
അമര്‍നാഥ് എം.
Saturday, 25th July 2026, 8:30 pm

സിനിമാലോകത്തിന്റെ സുഖലോലുപത ഉപേക്ഷിച്ച് പൂര്‍ണമായും രാഷ്ട്രീയത്തിലേക്ക് കടന്ന വിജയ്‌യുടെ അവസാനചിത്രമാണ് ജന നായകന്‍. സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നുപോയ ജന നായകന്‍ കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തി. വന്‍ വരവേല്പാണ് ചിത്രത്തിന് ലഭിച്ചത്. ദളപതിയുടെ ‘വണ്‍ ലാസ്റ്റ് ഡാന്‍സ്’ ആരാധകര്‍ ആഘോഷമാക്കി.

ഏഴ് മാസത്തോളം സെന്‍സര്‍ ബോര്‍ഡിന്റെ ചുവപ്പുനാടയില്‍ കുടുങ്ങിയ ചിത്രമായിരുന്നു ജന നായകന്‍. ഒരുപാട് കട്ടുകളും മ്യൂട്ടുകളും നല്‍കിയതിന് ശേഷം ‘A’ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ജന നായകന്‍ കാണാന്‍ സെന്‍സര്‍ ബോര്‍ഡ് അനുവദിക്കുന്നില്ല. ഈ ‘A’ സര്‍ട്ടിഫിക്കറ്റ് അനാവശ്യമാണെന്ന് സിനിമ കാണുന്ന ഏതൊരാള്‍ക്കും മനസിലാകും.

ടിപ്പിക്കല്‍ വിജയ് സ്റ്റൈല്‍ സിനിമയായാണ് ജന നായകന്‍ ഒരുക്കിയത്. നാടിനെയും നാട്ടുകാരെയും രക്ഷിക്കുന്ന സ്ഥിരം കഥാപാത്രം തന്നെയാണ് ജന നായകനിലെ ദളപതി വെട്രി കൊണ്ടാന്‍. അവസാന സിനിമയിലും പ്രേക്ഷകര്‍ക്കുള്ള സന്ദേശങ്ങള്‍ വിജയ് നല്‍കുന്നുണ്ട്. എന്നാല്‍ വിജയ്‌യുടെ ഈ സന്ദേശങ്ങള്‍ പ്രേക്ഷകര്‍, പ്രത്യേകിച്ച് കൊച്ചുകുട്ടികള്‍ കാണരുത് എന്ന ഗൂഢ ഉദ്ദേശം സെന്‍സര്‍ ബോര്‍ഡിന് ഉണ്ടോ എന്നാണ് സംശയം.

തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയുടെ റീമേക്കാണ് ജന നായകന്‍. ട്രോള്‍ മെറ്റീരിയലായിരുന്ന ബാലകൃഷ്ണ തന്റെ പ്രായത്തിന് ചേര്‍ന്ന വേഷമായിരുന്നു ഭഗവന്ത് കേസരിയില്‍ ചെയ്തത്. ചിത്രത്തില്‍ ഗുഡ് ടച്ചിനെയും ബാഡ് ടച്ചിനെയും കുറിച്ചുള്ള ബാലയ്യയുടെ ഡയലോഗും കൈയടി നേടിയിരുന്നു. ഈ സീനും ജന നായകനില്‍ റീമേക്ക് ചെയ്തിട്ടുണ്ട്.

സ്‌കൂളിലെ ആനുവല്‍ ഡേയ്ക്ക് കൊച്ചു കുട്ടികളോട് ഗുഡ് ടച്ചിനെക്കുറിച്ചും ബാഡ് ടച്ചിനെക്കുറിച്ചും ദളപതി ക്ലാസെടുക്കുന്നുണ്ട്. ‘പെണ്‍കുട്ടികളെ പുലിയായി വളര്‍ത്തണം. ആരുടെയും കീഴില്‍ വളരേണ്ടവരല്ല അവര്‍. എന്തുണ്ടായാലും അപ്പോള്‍ തന്നെ പ്രതികരിക്കാന്‍ അവരെ പ്രാപ്തരാക്കണം. ഇനിയും കൈയില്‍ പെപ്പര്‍ സ്‌പ്രേ വെച്ചുകൊണ്ട്, എല്ലാം കഴിഞ്ഞ് മെഴുകുതിരി കത്തിച്ചുകൊണ്ട് വരാനുള്ളവരല്ല പെണ്‍കുട്ടികളെന്ന് ഇനിയെങ്കിലും അവരെ പഠിപ്പിക്കണം’ എന്നാണ് ദളപതിയുടെ ഡയലോഗ്.

ഇതിന് പുറമെ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമെല്ലാമുള്ള തന്റെ നിലപാട് വിജയ് ജന നായകനില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതൊന്നും 18 വയസിന് താഴെയുള്ളവരിലേക്ക് എത്തില്ലെന്ന് സെന്‍സര്‍ ബോര്‍ഡും അവരെ നിയന്ത്രിക്കുന്നവരും ഉറപ്പുവരുത്തിയിട്ടുണ്ട്. ജന നായകനെക്കാള്‍ വയലന്‍സുള്ള ജയിലര്‍ പോലുള്ള സിനിമകള്‍ക്കും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന കേരള സ്റ്റോറി പോലുള്ള പ്രൊപ്പഗണ്ട ചിത്രങ്ങള്‍ക്കും U/A സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന പ്രത്യേകതരം സെന്‍സാണ് ഈ സെന്‍സില്ലാത്ത ബോര്‍ഡിന്.

Content Highlight: Censor Board give unwanted A Certificate for Jana Nayagan movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം