സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് പിന്നാലെ മോദിയുടെ വാചകങ്ങള്‍ ഉള്‍പ്പെടുത്തണം, സിതാരേ സമീന്‍ പറിനോട് പ്രത്യേക നിര്‍ദേശവുമായി സെന്‍സര്‍ ബോര്‍ഡ്
Entertainment
സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് പിന്നാലെ മോദിയുടെ വാചകങ്ങള്‍ ഉള്‍പ്പെടുത്തണം, സിതാരേ സമീന്‍ പറിനോട് പ്രത്യേക നിര്‍ദേശവുമായി സെന്‍സര്‍ ബോര്‍ഡ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 18th June 2025, 12:54 pm

രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന ആമിര്‍ ഖാന്‍ ചിത്രമാണ് സിതാരേ സമീന്‍ പര്‍. ലാല്‍ സിങ് ഛദ്ദയുടെ പരാജയം കാരണം സിനിമ ഉപേക്ഷിക്കുകയാണെന്നടക്കം ആമിര്‍ ഖാന്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ആ തീരുമാനം മാറ്റുകയും സിനിമാജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.

ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. സെന്‍സറിങ് പൂര്‍ത്തിയായ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോട് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ട കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം നരേന്ദ്ര മോദിയുടെ വാക്കുകളും സിനിമയില്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെട്ടതെന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഇക്കാര്യം അണിയറപ്രവര്‍ത്തകര്‍ എവിടെയും പറഞ്ഞിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ഈ റിപ്പോര്‍ട്ടിനെ എതിര്‍ത്തും അനുകൂലിച്ചും പലരും രംഗത്തെത്തിയിട്ടുണ്ട്. അനാവശ്യമായി വിവാദമുണ്ടാക്കാനുള്ള ശ്രമമാണിതെന്ന് ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമെന്ന് മറ്റ് ചിലര്‍ അഭിപ്രായം പങ്കുവെച്ചു.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസിന് പിന്നാലെ സംഘപരിവാര്‍ അനുകൂല സംഘടനകളില്‍ നിന്ന് ബഹിഷ്‌കരണാഹ്വാനങ്ങള്‍ ഉയര്‍ന്നിരുന്നു. ആമിര്‍ ഖാന്‍ തുര്‍ക്കിയെ പിന്തുണക്കുന്ന നടനാണെന്നും അയാളുടെ സിനിമകള്‍ കാണാന്‍ പാടില്ലെന്നുമാണ് ഇത്തരക്കാര്‍ വാദിക്കുന്നത്. എന്നാല്‍ താന്‍ തുര്‍ക്കി സന്ദര്‍ശിച്ചത് 2017ലാണെന്നും ആ രാജ്യം ഭാവിയില്‍ ഇന്ത്യയെ പിന്നില്‍ നിന്ന് കുത്തുമെന്ന് മുന്‍കൂട്ടി കാണാന്‍ സാധിച്ചില്ലെന്നും താരം പറഞ്ഞിരുന്നു.

സ്പാനിഷ് ചിത്രമായ ചാമ്പ്യന്‍സിന്റെ റീമേക്കായാണ് സിതാരേ സമീന്‍ പര്‍ ഒരുങ്ങുന്നത്. മദ്യപിച്ച് വാഹനമോടിച്ചതിനാല്‍ ശിക്ഷയായി സാമൂഹ്യസേവനത്തിന്റെ പേരില്‍ ബാസ്‌കറ്റ് ബോള്‍ കോച്ചാകേണ്ടി വന്നയാളുടെ കഥയാണ് ചിത്രം പറയുന്നത്. ആമിര്‍ ഖാന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

തമിഴ് സംവിധായകനായ ആര്‍.എസ്. പ്രസന്നയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ജെനീലിയ ദേശ്മുഖാണ് ചിത്രത്തിലെ നായിക. ശങ്കര്‍- എഹ്‌സാന്‍- ലോയ് എന്നിവരാണ് ചിത്രത്തിന്റെ സംഗീതം. ഫീല്‍ ഗുഡ് സ്‌പോര്‍ട്‌സ് ഡ്രാമ ഴോണറിലൊരുങ്ങുന്ന ചിത്രം ജൂണ്‍ 20ന് തിയേറ്ററുകളിലെത്തും.

Content Highlight: Censor Board asks Sitaare Zameen Par makers to add Modi’s quote in movie