വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; ഇസ്രഈലിനെതിരെ യു.എന്നില്‍ പരാതി നല്‍കി ലെബനന്‍
World News
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; ഇസ്രഈലിനെതിരെ യു.എന്നില്‍ പരാതി നല്‍കി ലെബനന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th February 2025, 10:02 pm

ബെയ്റൂട്ട്: ഇസ്രഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്രസഭയില്‍ പരാതി നല്‍കി ലെബനന്‍. യു.എന്‍ സുരക്ഷാ കൗണ്‍സിലിലാണ് ഇസ്രഈലിനെതിരെ ലെബനന്‍ പരാതി നല്‍കിയത്.

ഇസ്രഈലിന്റെ ആവര്‍ത്തിച്ചുള്ള കരാര്‍ ലംഘനത്തില്‍ നടപടിയെടുക്കണമെന്ന് ലെബനന്‍ ആവശ്യപ്പെട്ടു. ഇസ്രഈല്‍ തുടര്‍ച്ചയായി യു.എന്‍ പ്രമേയം 1701 ലംഘിക്കുകയാണെന്നും ലെബനന്‍ പരാതിയില്‍ പറയുന്നു.

2006 ഓഗസ്റ്റ് 11ന് അംഗീകരിച്ച യു.എന്‍ പ്രമേയം 1701, ഹിസ്ബുല്ലയും ഇസ്രഈലും തമ്മിലുള്ള ശത്രുത പൂര്‍ണമായും അവസാനിപ്പിക്കണമെന്നും തെക്കന്‍ ലെബനനിലെ ബ്ലൂ ലൈനിനും ലിറ്റാനി നദിക്കും ഇടയില്‍ ഒരു ആയുധരഹിത മേഖല സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്നു.

യു.എന്‍ പ്രമേയത്തിലെ വ്യവസ്ഥകളും ഇസ്രഈല്‍ നിരന്തരമായി ലംഘിക്കുന്നതായി ലെബനന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

2024 നവംബര്‍ 27 മുതല്‍ പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിന്റെ പശ്ചാത്തലത്തില്‍ പരസ്പരമുള്ള ഏറ്റുമുട്ടലുകള്‍ ഇസ്രഈലും ഹിസ്ബുല്ലയും നിര്‍ത്തിവെച്ചിരുന്നു.

എന്നാല്‍ കരാര്‍ നിലവില്‍ വന്നിട്ടും 830ലധികം നിയമലംഘനങ്ങള്‍ ഇസ്രഈല്‍ നടത്തിയിട്ടുണ്ടെന്ന് ലെബനന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2025 ജനുവരി 26 മുതല്‍, കുടിയൊഴിപ്പിക്കപ്പെട്ടവര്‍ തെക്കന്‍ ലെബനനിലെ ഗ്രാമങ്ങളിലേക്ക് മടങ്ങുന്നതിനിടെ ഉണ്ടായ ഇസ്രഈല്‍ ആക്രമണങ്ങളില്‍ 26 പേര്‍ കൊല്ലപ്പെടുകയും 221 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനുപുറമെ കരാര്‍ പ്രകാരം ജനുവരി 26നകം ലെബനനില്‍ നിന്ന് ഇസ്രഈല്‍ സൈന്യം പിന്മാറണമായിരുന്നു, എന്നാല്‍ ഈ ആവശ്യം നിരസിച്ചുവെന്നും ഫെബ്രുവരി 18 വരെ സമയപരിധി നീട്ടിയെന്നും വൈറ്റ് ഹൗസ് അറിയിച്ചരുന്നു.

2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രഈല്‍ ഗസയില്‍ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ചാണ് ലെബനന്‍ സായുധസംഘടനയായ ഹിസ്ബുല്ല ഇസ്രഈലുമായി യുദ്ധത്തിന് ഇറങ്ങിയത്. എന്നാല്‍ ഇതിന് പകരമായി ഇസ്രഈല്‍ ലെബനനിലും അധിനിവേശം നടത്താന്‍ ആരംഭിച്ചു.

കഴിഞ്ഞ 15 മാസമായി തുടരുന്ന ആക്രമണങ്ങളില്‍ 4000ത്തിലധികം പേര്‍ക്കാണ് ലെബനനില്‍ ജീവന്‍ നഷ്ടമായത്. ഈ ആക്രമണങ്ങളെ താത്കാലികമായെങ്കിലും അവസാനിപ്പിക്കാനായി ഫ്രാന്‍സും യു.എസും സംയുക്തമായി നേതൃത്വം നല്‍കിയാണ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുത്തിയത്.

അതേസമയം ഗസ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലായതിന് പുറമെ ഇസ്രഈല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജെറുസലേമിലും ആക്രമണം വര്‍ധിപ്പിച്ചിരിക്കുകയാണ്.

2025 ജനുവരി മുതല്‍ വെസ്റ്റ് ബാങ്കില്‍ മാത്രമായി ഇസ്രഈല്‍ കൊലപ്പെടുത്തിയത് 70 ഫലസ്തീനികളെയാണ്. വെസ്റ്റ് ബാങ്കില്‍ നിന്ന് 380 ഫലസ്തീനികളെ ഇസ്രഈല്‍ സൈന്യം അറസ്റ്റ് ചെയ്തതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Content Highlight: Cease-Fire Agreement Violated; Lebanon filed a complaint against Israel in the UN