അജയ് ദേവ്ഗണ്ണല്ല, തുടരും റീമേക്കില്‍ വമ്പന്‍ ട്വിസ്റ്റ്, ഷണ്മുഖനെ അവതരിപ്പിക്കാന്‍ തെലുങ്ക് സൂപ്പര്‍താരമെന്ന് പുതിയ റിപ്പോര്‍ട്ട്
Entertainment
അജയ് ദേവ്ഗണ്ണല്ല, തുടരും റീമേക്കില്‍ വമ്പന്‍ ട്വിസ്റ്റ്, ഷണ്മുഖനെ അവതരിപ്പിക്കാന്‍ തെലുങ്ക് സൂപ്പര്‍താരമെന്ന് പുതിയ റിപ്പോര്‍ട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 2nd June 2025, 5:01 pm

മലയാളക്കര കണ്ട ഗംഭീര വിജയമായി മാറിയിരിക്കുകയാണ് തുടരും. മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി അണിയിച്ചൊരുക്കിയ ചിത്രം കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞിരിക്കുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി സ്വന്തമാക്കിയ ആദ്യ ചിത്രമായി തുടരും മാറി. ഒ.ടി.ടി റിലീസിന് ശേഷവും ചിത്രത്തിന് പ്രശംസകള്‍ കൂടുകയാണ്.

ഒ.ടി.ടി റിലീസിന് പിന്നീലെ തുടരും സിനിമയുടെ റീമേക്കിനെക്കുറിച്ചും പല തരത്തിലുള്ള അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബോളിവുഡിലെ മുന്‍നിര താരങ്ങളായ അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍ എന്നിവരുടെ പേരുകളായിരുന്നു ആദ്യം കേട്ടിരുന്നത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി സൗത്ത് ഇന്ത്യന്‍ സിനിമകള്‍ തേടിപ്പിടിച്ച് റീമേക്ക് ചെയ്യുന്ന നടന്മാരാണ് ഇവര്‍.

ജിഗര്‍തണ്ട, സൂരറൈ പോട്ര്, രാക്ഷസന്‍, കാഞ്ചന, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ സിനിമകള്‍ അക്ഷയ് കുമാര്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിരുന്നു. ഇതില്‍ പലതും പ്രേക്ഷകര്‍ കൈയൊഴികയും ചെയ്തു. മലയാളസിനിമയിലെ നാഴികക്കല്ലുകളിലൊന്നായ ദൃശ്യവും അതിന്റെ രണ്ടാം ഭാഗവും റീമേക്ക് ചെയ്തത് അജയ് ദേവ്ഗണായിരുന്നു. തമിഴിലെ സൂപ്പര്‍ഹിറ്റായ കൈതിയും അജയ് ദേവ്ഗണ്‍ റീമേക്കായിരുന്നു റീമേക്ക് ചെയ്തത്. ഭോലാ എന്ന പേരിലൊരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു.

ഇവരില്‍ ആരാകും തുടരും റീമേക്ക് ചെയ്യുക എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമായിക്കൊണ്ടിരിക്കവെയാണ് പുതിയ ട്വിസ്റ്റ് അരങ്ങേറിയത്. തെലുങ്കിലെ സൂപ്പര്‍താരമായ ചിരഞ്ജീവിയാണ് ചിത്രം റീമേക്ക് ചെയ്യുകയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. യഥാര്‍ത്ഥ കഥയില്‍ നിന്ന് ചില മാറ്റങ്ങളോടെയാകും ചിരഞ്ജീവി റീമേക്ക് ഒരുക്കുകയെന്നും കേള്‍ക്കുന്നുണ്ട്.

എന്നാല്‍ താരം റീമേക്ക് ചെയ്ത സിനിമകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വിമര്‍ശനം നേരിട്ടിരുന്നു. വിജയ്‌യുടെ ബ്ലോക്ക്ബസ്റ്ററുകളിലൊന്നായ കത്തി എന്ന സിനിമ കൈതി നമ്പര്‍ 150 എന്ന പേരില്‍ താരം റീമേക്ക് ചെയ്തിരുന്നു. ഒറിജിനലിനെ വികലമാക്കിയ റീമേക്കെന്നാണ് പലരും ഈ സിനിമയെ വിശേഷിപ്പിച്ചത്.

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറും ചിരഞ്ജീവി തെലുങ്കിലേക്ക് കൊണ്ടുപോയിരുന്നു. സല്‍മാന്‍ ഖാന്‍ അതിഥിവേഷത്തിലെത്തിയ ഗോഡ്ഫാദര്‍ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. ഒറിജിനല്‍ വേര്‍ഷനുമായി യാതൊരു ബന്ധവുമില്ലാത്ത റീമേക്കെന്നാണ് പലരും ഗോഡ്ഫാദറിനെ കണക്കാക്കിയത്. ഷൂട്ടിനിടെ ചിരഞ്ജീവി സ്‌ക്രിപ്റ്റില്‍ കൈകടത്തിയെന്ന വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

മോഹന്‍ലാലിലെ താരവും നടനും ഒരുപോലെ നിറഞ്ഞാടിയ തുടരും മറ്റ് ഭാഷയിലേക്ക് പോയാല്‍ അതിനെ ഇത്രത്തോളം പെര്‍ഫക്ഷനില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന മറ്റ് നടന്മാര്‍ ഇന്ത്യന്‍ സിനിമയിലില്ല എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അജയ് ദേവ്ഗണ്ണിന് ഈ സിനിമ റീമേക്ക് ചെയ്ത് ഫലിപ്പിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞുകൊണ്ട് ഒരാള്‍ പങ്കുവെച്ച പോസ്റ്റ് അടുത്തിടെ ചര്‍ച്ചയായിരുന്നു.

Content Highlight: Buzz that Chiranjeevi plans to remake Thudarum movie in Telugu