ബ്രിക്‌സ് സംഘട്ടനത്തിനുള്ള കൂട്ടായ്മയല്ല; ഒരിക്കലും മൂന്നാമതൊരു രാജ്യത്തെ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചിട്ടുമില്ല: ചൈന
BRICS
ബ്രിക്‌സ് സംഘട്ടനത്തിനുള്ള കൂട്ടായ്മയല്ല; ഒരിക്കലും മൂന്നാമതൊരു രാജ്യത്തെ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചിട്ടുമില്ല: ചൈന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th July 2025, 9:09 am

ബെയ്ജിങ്: ബ്രിക്‌സ് രാജ്യങ്ങള്‍ക്കുള്ള ഡൊണാള്‍ഡ് ട്രംപിന്റെ പത്ത് ശതമാനം അധിക താരിഫ് ഭീഷണിയില്‍ മറുപടിയുമായി ചൈന. ബ്രിക്‌സ് ഒരിക്കലും മൂന്നാമതൊരു രാജ്യത്തെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയല്ലെന്ന് ചൈന പ്രതികരിച്ചു.

ഇത് സംഘട്ടനത്തിനുള്ള ഒരു കൂട്ടായ്മ അല്ലെന്നും മറിച്ച് വളര്‍ന്നുവരുന്ന വിപണികള്‍ക്കും വികസ്വര രാജ്യങ്ങള്‍ക്കും സഹകരണത്തിനുള്ള വേദിയാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ് പ്രതികരിച്ചു.

‘ബ്രിക്‌സ് പരസ്പര സഹകരണത്തിന്റേയും പരസ്പരം ഉള്‍ക്കൊള്ളലിന്റേയും വേദിയാണ്. ഇതൊരിക്കലും സംഘട്ടനത്തിന് വേണ്ടിയുള്ള ഒരു വേദിയല്ല. എന്നാല്‍ ഒരു രാജ്യത്തേയും ടാര്‍ഗറ്റ് ചെയ്യുന്നുമില്ല,’ ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ് പറഞ്ഞു. അതേസമയം ട്രംപിന്റെ താരിഫ് ഭീഷണിയിലും നിങ് പ്രതികരിച്ചു.

വ്യാപാരയുദ്ധത്തിലും താരിഫിലും വിജയികള്‍ ഇല്ല എന്ന ചൈനയുടെ നിലപാട് നിങ് ആവര്‍ത്തിച്ചു. സംരക്ഷണവാദം എങ്ങുമെത്തില്ലെന്നും അവര്‍ പറഞ്ഞു. മറ്റുള്ളവരെ നിര്‍ബന്ധിക്കുന്നതിനുള്ള ഒരു ഉപകരണമായി താരിഫുകള്‍ ഉപയോഗിക്കുന്നതിനെ തങ്ങള്‍ എതിര്‍ക്കുന്നുവെന്നും നിങ് കൂട്ടിച്ചേര്‍ത്തു.

ട്രംപിന്റെ പേരെടുത്ത് പറയാതെ തന്നെ ബ്രസീലില്‍വെച്ച് നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ അംഗരാജ്യങ്ങള്‍ താരിഫ് വര്‍ധനയെ അപലപിച്ചിരുന്നു. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് അമേരിക്കന്‍ വിരുദ്ധ നയങ്ങളുമായി യോജിക്കുന്ന ബ്രിക്‌സ് രാജ്യങ്ങള്‍ക്കെതിരെ 10 ശതമാനം അധിക താരിഫ് ഈടാക്കുമെന്ന്‌ ട്രംപ് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. എന്നാല്‍ എപ്പോള്‍ മുതലാണ് തീരുവ ചുമത്തുകയെന്നതിനെ കുറിച്ചുള്ള വിശദാംശങ്ങളൊന്നും ട്രംപ് വെളിപ്പെടുത്തിയിട്ടില്ല.

മുമ്പ് വ്യാപാരത്തിനായി യു.എസ് ഡോളറിന് പകരം മറ്റ് കറന്‍സികള്‍ ഉപയോഗിച്ചാല്‍ ബ്രിക്‌സിന് മേല്‍ 100 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. അമേരിക്കന്‍ വിപണി വിട്ട് പോവുന്നവര്‍ അവര്‍ക്ക് ഊറ്റാന്‍ വേണ്ടി മറ്റൊരു വിപണി കണ്ടെത്തിക്കോളാനും ട്രംപ് പറയുകയുണ്ടായി.

2023ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍വെച്ച് ഡോളറിന് പകരം അന്താരാഷ്ട്ര ഇടപാടുകള്‍ക്ക് പൊതു കറന്‍സികള്‍ ഉപയോഗിക്കണം എന്നൊരു ആശയം ഉയര്‍ന്നു വന്നിരുന്നു. ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയായിരുന്നു ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. തുടര്‍ന്ന് നടന്ന കസാനിലെ ഉച്ചകോടിയിലും ഇത് ചര്‍ച്ചയായി. ഇതിന് പിന്നാലെയാണ് 100% താരിഫ് ഭീഷണിയുമായി ട്രംപ് രംഗത്തെത്തിയത്.

അതേസമയം ഇന്ത്യ, സൗത്ത് ആഫ്രിക്ക, ചൈന, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ബ്രിക്സ് ഉച്ചകോടി ഇന്നലെ അവസാനിച്ചു. ബ്രസീലില്‍ വെച്ച് നടന്ന് ഉച്ചകോടിയില്‍ യു.എസും ഇസ്രഈലും ഇറാനില്‍ നടത്തിയ ആക്രമണങ്ങളടക്കം അപലപിക്കപ്പെട്ടിരുന്നു.

Content Highlight: BRICS is not a block for confrontation says China