ബ്രസീല്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ബ്രസീല്‍ പ്രസിഡന്റ് ലുല ഡി സില്‍വ. ബ്രസീലിയന്‍ ഇറക്കുമതിക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ തീരുമാനത്തിനെതിരെയാണ് ലുല പ്രതികരിച്ചത്. ബ്രസീല്‍ ജനതയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ട്രംപിന്റെ തീരുമാനത്തിന് ഉചിതമായ മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രംപിന്റെ പരാമര്‍ശങ്ങള്‍ പ്രോട്ടോക്കോളിന്റെ ലംഘനമാണെന്ന് കഴിഞ്ഞദിവസം സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. തീരുവ ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞുകൊണ്ട് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കത്തിനെക്കുറിച്ചും ലുല സംസാരിച്ചു. കത്തില്‍ ഭീഷണിയുടെ ഉള്ളടക്കമുണ്ടെന്ന് തനിക്ക് തോന്നിയെന്ന് അദ്ദേഹം പറഞ്ഞു.
‘ഈ കത്ത് ആദ്യം വായിച്ചപ്പോള്‍ വ്യാജമാണെന്ന് ഞാന്‍ വിചാരിച്ചു. രണ്ട് രാഷ്ട്രത്തലവന്മാര്‍ തമ്മിലുള്ള പ്രോട്ടോക്കോളിന്റെ ലംഘനമാണിത്. അമേരിക്കയുടെ പ്രസിഡന്റായാണ് ട്രംപിനെ തെരഞ്ഞെടുത്തത്. അത് അദ്ദേഹം മറക്കുന്നത് അംഗീകരിക്കാനാകില്ല. ലോകം ഭരിക്കുന്ന ചക്രവര്‍ത്തിയാകാന്‍ അദ്ദേഹത്തെ അനുവദിക്കില്ല,’ ലുല പറയുന്നു.
ബ്രസീല്‍ ജനതയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് തങ്ങളുടെ ലക്ഷ്യമെന്നും മറ്റുള്ളവരുടെ താത്പര്യം അടിച്ചേല്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ട്രംപുമായി ചര്‍ച്ച നടത്താനും ലുല സന്നദ്ധത പ്രകടിപ്പിച്ചു. ട്രംപ് തയാറാണെങ്കില്‍ ചര്‍ച്ച നടത്താമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
‘ബ്രസീലിന്റെയും ഇവിടെയുള്ള ജനതയുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. മറ്റുള്ളവരുടെ താത്പര്യം അടിച്ചേല്പിക്കുന്നത് അംഗീകരിക്കാനാകില്ല. ബ്രസീലിനും യു.എസിനും ഇടയിലുള്ള ചര്‍ച്ചകള്‍ ഗൗരവമായി എടുക്കാന്‍ പ്രസിഡന്റ് ട്രംപ് തയാറാണെങ്കില്‍ ഞങ്ങളും അതിന് തയാറാണ്,’ ലുല പറയുന്നു.
ബ്രിക്‌സ് രാജ്യങ്ങള്‍ക്കെതിരെ നേരത്തെ ട്രംപ് രംഗത്തെത്തിയിരുന്നു. അമേരിക്കന്‍ വിരുദ്ധ നയങ്ങള്‍ പിന്തുടരുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 10 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തുമെന്നായിരുന്നു ട്രംപ് ഭീഷണിയുയര്‍ത്തിയത്. ഉഭയകക്ഷി വ്യാപാരത്തില്‍ നിന്ന് യു.എസ് ഡോളര്‍ ഉപേക്ഷിച്ചാല്‍ ബ്രിക്‌സിന് മേല്‍ 100 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു.
Content Highlight: Brazil President Lula slams Donald Trump for 50 percent Tariff claim