വിജയ്ക്ക് വില്ലന്‍ ബോളിവുഡ് സൂപ്പര്‍ താരം; ഇത് വേറെ ലെവലാകും
Film News
വിജയ്ക്ക് വില്ലന്‍ ബോളിവുഡ് സൂപ്പര്‍ താരം; ഇത് വേറെ ലെവലാകും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 31st January 2023, 3:38 pm

കഴിഞ്ഞ ദിവസമാണ് ആരാധകര്‍ ഏറെ കാത്തിരുന്ന ദളപതി 67ന്റെ അപ്‌ഡേറ്റ് എത്തിയത്. ലോകേഷ് കനകരാജും വിജയ്‌യും വീണ്ടും ഒന്നിക്കുന്ന എന്ന കാര്യം ഉറപ്പായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസമാണ് ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ലോകേഷും വിജയ് യും ഇടിവളകൊണ്ട് പരസ്പരം ഇടിക്കുന്ന ചിത്രം പുറത്ത് വിട്ടുകൊണ്ടാണ് ദളപതി 67 പ്രഖ്യാപിച്ചത്.

ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പുതിയ അപ്‌ഡേഷന്‍ എത്തിയിരിക്കുകയാണ്. ചിത്രത്തില്‍ വിജയ്ക്ക് വില്ലനായെത്തുന്നത് ബോളിവുഡ് സൂപ്പര്‍ താരം സഞ്ജയ് ദത്താണ്. ചിത്രത്തിന്റെ നിര്‍മാതാക്കളായ സെവന്‍ സ്റ്റുഡിയോസാണ് ഇക്കാര്യം പുറത്ത് വിട്ടത്.

കഥയുടെ വണ്‍ ലൈന്‍ കേട്ടപ്പോള്‍ തന്നെ താന്‍ ഈ സിനിമയിടെ ഭാഗമാകണമെന്ന് തോന്നിയിരുന്നെന്നാണ് സഞ്ജയ് ദത്ത് പറഞ്ഞത്. ഈ യാത്ര തുടങ്ങുന്നതിന്റെ ആവേശത്തിലാണ് താനെന്നും സഞ്ജയ് ദത്ത് പറഞ്ഞു. സഞ്ജയ് ദത്തിന്റെ വരവോടെ നായകനൊത്തെ എതിരാളി ആയിരിക്കും ചിത്രത്തിലെത്തുക എന്ന കാര്യം ഉറപ്പാണ്.

മാസ്റ്റര്‍ സിനിമയുടെ വലിയ വിജയത്തിന് ശേഷം ലോകേഷ് കനകരാജും വിജയ്യും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് ദളപതി 67. എസ്.എസ് ലളിത് കുമാറും ജഗദീഷ് പളനി സ്വാമിയും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മനോജ് പരമഹംസയാണ് സിനിമയുടെ ഛായഗ്രഹണം നിര്‍വഹിക്കുന്നത്.

തുടര്‍ന്നുള്ള മറ്റ് വിവരങ്ങള്‍ പിന്നെലെ പങ്കുവെക്കുമെന്നാണ് സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് അറിയിച്ചിരിക്കുന്നത്. ആരാധകരും സിനിമാപ്രേമികളും വലിയ പ്രതീക്ഷകളോടെയാണ് സിനിമക്ക് വേണ്ടി കാത്തിരിക്കുന്നത്. ലോകേഷ് കനകരാജും നിര്‍മാണ കമ്പനിയും പങ്കുവെച്ച ട്വീറ്റ് ഇപ്പോള്‍ തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

ഈ വര്‍ഷം ഒക്ടോബര്‍ 19നാണ് റിലീസ്. ചിത്രത്തിന്റെ പ്രൊമോ വീഡിയോ ഫെബ്രുവരി മൂന്നിന് പുറത്തിറങ്ങും. നിലവില്‍ ചെന്നൈയില്‍ ഷൂട്ടിങ് നടക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ഫെബ്രുവരി ആദ്യ വാരം കശ്മീരിലേക്ക് മാറും. അറുപത് ദിവസത്തോളം അവിടെ ഷൂട്ടിങ് കാണും.

Content Highlight: Bollywood superstar Sanjay Dutt will play Vijay’s villain