ആ സിനിമയിലെ എന്റെ അഭിനയം കണ്ട് കുഞ്ചാക്കോ ബോബന്‍ തിയേറ്ററില്‍ ഇരുന്ന് കരഞ്ഞു, ഒരുപാട് ആണുങ്ങളെ കരയിപ്പിച്ച സിനിമയാണത്: സിദ്ദീഖ്
Entertainment news
ആ സിനിമയിലെ എന്റെ അഭിനയം കണ്ട് കുഞ്ചാക്കോ ബോബന്‍ തിയേറ്ററില്‍ ഇരുന്ന് കരഞ്ഞു, ഒരുപാട് ആണുങ്ങളെ കരയിപ്പിച്ച സിനിമയാണത്: സിദ്ദീഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 31st January 2023, 1:26 pm

ആന്‍മരിയ കലിപ്പിലാണ് എന്ന സിനിമ കണ്ടിട്ട് കുഞ്ചാക്കോ ബോബന്‍ തിയേറ്ററില്‍ ഇരുന്ന് കരഞ്ഞുവെന്ന് സിദ്ദീഖ്. ചിത്രത്തില്‍ താന്‍ അഭിനയിച്ച ഇമോഷണല്‍ സീന്‍ കണ്ടിട്ടാണ് കുഞ്ചാക്കോ ബോബന്‍ കരഞ്ഞതെന്ന് സിദ്ദീഖ് പറഞ്ഞു.

ഒരുപാട് പുരുഷന്മാരെ കരയിപ്പിച്ച സിനിമയാണ് അതെന്നും കുട്ടിക്കാലത്ത് കുട്ടികള്‍ ആഗ്രഹിക്കുന്ന കളിപാട്ടങ്ങള്‍ വാങ്ങിക്കാന്‍ കഴിയുമായിരുന്നിട്ടും അതെല്ലാം തനിക്ക് നിഷേധിക്കപ്പെട്ടിരുന്നെന്നും സിദ്ദീഖ് പറഞ്ഞു. ആ സിനിമ കാണുമ്പോള്‍ പലര്‍ക്കും അതെല്ലാം ഓര്‍മ വരുമെന്നും അദ്ദേഹം പറഞ്ഞു.

”ആന്‍മരിയ കലിപ്പിലാണ് എന്ന സിനിമയിലെ എന്റെ അഭിനയം കണ്ടിട്ട് കുഞ്ചാക്കോ ബോബന്‍ തിയേറ്ററില്‍ ഇരുന്ന് കരഞ്ഞു. തിയേറ്ററില്‍ ഇരുന്ന് ഭയങ്കര കരച്ചിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ എന്നോട് പറഞ്ഞു.

ഒരുപാട് ആണുങ്ങളെ കരയിപ്പിച്ചൊരു സിനിമയാണത്. മക്കളാണെങ്കില്‍ അവരും അങ്ങനെ അനുഭവിച്ചുണ്ടാകും. ഒരു കളിപ്പാട്ടം പോലും നമ്മള്‍ ആഗ്രഹിച്ചതുപോലെ കിട്ടാതെയാകുമ്പോള്‍ വലിയ വിഷമം ആകും. കുട്ടികള്‍ ചെറുപ്പത്തില്‍ ആഗ്രഹിക്കുന്ന ഒരുപാട് മോഹങ്ങള്‍ തടഞ്ഞുവെക്കുന്നുണ്ട്.

ഞാന്‍ ഒക്കെ ചെറുതായപ്പോള്‍ അങ്ങനെയായിരുന്നു. കാരണം കാരണവന്മാര്‍ കുറേ കൂടി സ്ട്രിക്റ്റായിരുന്നു. നമ്മള്‍ സന്തോഷിക്കുന്ന പല കാര്യങ്ങളും അവര്‍ വേണ്ട വേണ്ടായെന്ന് പറയും.

ബന്ധുക്കള്‍ വീട്ടില്‍ വരുമ്പോള്‍ നമുക്ക് ഒരു രൂപയുടെയും രണ്ടു രൂപയുടെയും നാണയ തുട്ടൊക്കെ തരും. പക്ഷെ വീട്ടിലെ മുതിര്‍ന്നവര്‍ വാങ്ങിക്കാന്‍ സമ്മതിക്കില്ല. അന്ന് നമ്മുടെ സന്തോഷങ്ങളെല്ലാം കട്ട് ചെയ്യപ്പെടുമായിരുന്നു.

ഈ സ്വഭാവം പിന്നീട് നമ്മളിലേക്ക് വന്നു. നമ്മളും കുട്ടികളെ കണ്‍ട്രോള്‍ ചെയ്ത് നിര്‍ത്താന്‍ തുടങ്ങി. ഇതൊക്കെയാണ് ആ സിനിമയിലെ സീനില്‍ പലരെയും ഓര്‍മിപ്പിക്കുന്നത്,” സിദ്ദീഖ് പറഞ്ഞു.

content highlight: actor siddique about anmaria kalippilanu movie