വളരെ കുറഞ്ഞ സിനിമകളിലൂടെ മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളായി മാറിയ ആളാണ് ബ്ലെസി. സംവിധായകന്‍ പത്മരാജന്റെ അസിസ്റ്റന്റായി തൂവാനത്തുമ്പികള്‍ എന്ന സിനിമയിലൂടെയാണ് ബ്ലെസി സിനിമാ മേഖലയിലേക്കെത്തിയത്. പത്മരാജന്റെ പ്രിയ ശിഷ്യരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം.
മമ്മൂട്ടിയെ നായകനാക്കി 2004ല്‍ പുറത്തിറങ്ങിയ കാഴ്ച എന്ന ചിത്രത്തിലൂടെയാണ് ബ്ലെസി സ്വതന്ത്ര സംവിധായകനായി കടന്നു വരുന്നത്. ശേഷം തന്മാത്ര, പളുങ്ക്, ഭ്രമരം, പ്രണയം തുടങ്ങിയ ചിത്രങ്ങളിലൂടെ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ താരങ്ങളെ വേണ്ട രീതിയില്‍ ഉപയോഗിക്കാനും ബ്ലെസിക്ക് സാധിച്ചിരുന്നു.
21 വര്‍ഷത്തെ കരിയറില്‍ വെറും ഏഴ് സിനിമകള്‍ മാത്രമാണ് ബ്ലെസി സംവിധാനം ചെയ്തത്. മൂന്ന് തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടാന്‍ ബ്ലെസിക്ക് സാധിച്ചു. അവസാനമിറങ്ങിയ ആടുജീവിതം എന്ന സിനിമയും നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു.
ഒരിക്കല്‍ മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍ ബ്ലെസിയെ കുറിച്ച് പറഞ്ഞത് ‘സംവിധായകന്‍ പത്മരാജന്റെ അനുഗ്രഹം കിട്ടിയ എഴുത്തുക്കാരന്‍’ എന്നായിരുന്നു. ഇപ്പോള്‍ അതിനെ കുറിച്ച് സംസാരിക്കുകയാണ് ബ്ലെസി. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ ഭ്രമരം എന്ന സിനിമയുടെ തിരക്കഥ വായിച്ച് കേള്‍പ്പിച്ചതിന് ശേഷം ലാലേട്ടന്‍ എന്റെ കൈ പിടിച്ച് ഒരു ഉമ്മ തന്നു. എന്നിട്ട് എന്നോട് ‘പത്മരാജന്‍ സാറിന്റെ അനുഗ്രഹം കിട്ടിയ എഴുത്തുക്കാരനാണ് നിങ്ങള്‍’ എന്ന് പറഞ്ഞു.
അത് അഭിമുഖങ്ങളില്‍ പറഞ്ഞത് ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. അത് ശരിക്കും വലിയൊരു അനുഗ്രഹം തന്നെയാണ്. എനിക്കും അതൊരു അനുഗ്രഹമായി തന്നെയാണ് തോന്നിയത്. പ്രത്യേകിച്ചും ഭ്രമരം സിനിമയിലെ ചില സീക്വന്‍സുകള്‍ എഴുതുന്ന സമയത്ത്. അപ്പോള്‍ സാറിനെ നമുക്ക് ഫീല് ചെയ്യും. അങ്ങനെ എനിക്കും തോന്നിയിട്ടുണ്ട്,’ ബ്ലെസി പറയുന്നു.
ഭ്രമരം:
മോഹന്‍ലാലിനെ നായകനാക്കി ബ്ലെസിയുടെ സംവിധാനത്തില്‍ 2009ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഭ്രമരം. മോഹന്‍ലാല്‍ എന്ന നടന്റെ ഗംഭീര പ്രകടനമായിരുന്നു ഭ്രമരത്തിലൂടെ കാണാന്‍ സാധിച്ചത്. സ്‌കീസോഫ്രീനിയ ബാധിച്ച ശിവന്‍കുട്ടിയായി മോഹന്‍ലാല്‍ മികച്ച അഭിനയമായിരുന്നു കാഴ്ച്ചവെച്ചത്.
Content Highlight: Blessy Talks About Mohanlal And Pathmarajan’s Blessing