ഇതില്‍ നിന്ന് ഒരു വരി മാറ്റി എഴുതിയാല്‍ ഞാന്‍ അഭിനയിക്കില്ല; നിര്‍മാതാവിനെ വിളിച്ച് ലാലേട്ടന്‍ പറഞ്ഞു: ബ്ലെസി
Entertainment
ഇതില്‍ നിന്ന് ഒരു വരി മാറ്റി എഴുതിയാല്‍ ഞാന്‍ അഭിനയിക്കില്ല; നിര്‍മാതാവിനെ വിളിച്ച് ലാലേട്ടന്‍ പറഞ്ഞു: ബ്ലെസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 9th June 2025, 3:33 pm

2005-ല്‍ മോഹന്‍ലാലിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് തന്മാത്ര. അല്‍ഷീമേഴ്‌സ് എന്ന രോഗാവസ്ഥയെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം മോഹന്‍ലാലിന്റെ കരിയറിലെ മറ്റൊരു ഹിറ്റായി മാറി.

മോഹന്‍ലാല്‍, മീരാ വാസുദേവ്, നെടുമുടി വേണു തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തില്‍ രമേശന്‍ നായര്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തിയത്.

തന്മാത്ര എന്ന ചിത്രത്തെ കുറിച്ചും അന്ന് ആ സിനിമ തുടങ്ങുന്നതിന് മുന്നോടിയായി താന്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ ബ്ലെസി.

അന്നത്തെ കാലത്ത് എല്ലാവരും കാണാന്‍ ആഗ്രഹിക്കുന്ന തരം ഒരു മോഹന്‍ലാലിനെ ആയിരുന്നില്ല താന്‍ തന്മാത്രയിലൂടെ കാണിക്കാന്‍ ഉദ്ദേശിച്ചതെന്നും നിര്‍മാതാക്കള്‍ക്ക് പോലും താത്പര്യക്കുറവുണ്ടായിരുന്നെന്നും ബ്ലെസി പറയുന്നു.

ഒടുവില്‍ മോഹന്‍ലാല്‍ തന്നെ നിര്‍മാതാക്കളെ നേരിട്ട് വിളിക്കുകയായിരുന്നെന്നും താന്‍ എഴുതിവെച്ച സ്‌ക്രിപ്റ്റില്‍ നിന്ന് ഒരു വരി മാറ്റി എഴുതിയാല്‍ ഈ സിനിമയില്‍ അഭിനയിക്കില്ലെന്ന് മോഹന്‍ലാല്‍ അവരോട് പറഞ്ഞെന്നും ബ്ലെസി പറയുന്നു.

‘ പദ്മരാജന്‍ സാറിന്റെ ഓര്‍മ എന്ന ചെറുകഥയെ ബേസ് ചെയ്താണ് ഈ കഥ വരുന്നത്. ആ കഥ വായിച്ചപ്പോള്‍ തന്നെ അതിന്റെ സാധ്യതകളെ കുറിച്ച് മനസില്‍ ഉണ്ടായിരുന്നു.

പക്ഷേ ആ കഥ വായിക്കുമ്പോള്‍ എനിക്ക് ഒരു സ്‌ക്രിപ്റ്റ് എഴുതാന്‍ പറ്റുമെന്ന് തോന്നിയിരുന്നില്ല. ആ കഥ പല രൂപത്തില്‍ വളര്‍ന്നുകൊണ്ടേയിരുന്നു.
അതിന് ശേഷമാണ് ശരിക്കും എന്റെ ആദ്യസിനിമ കാഴ്ച ഞാന്‍ എഴുതുന്നത്. കാഴ്ച എന്ന സിനിമയുമായി ഞാന്‍ വരുമ്പോള്‍ തന്നെ തന്മാത്ര എഴുതാന്‍ അറിയാതെ മുടങ്ങി കിടക്കുകയായിരുന്നു.

അതിനൊക്കെ എത്രയോ വര്‍ഷം മുന്‍പൊക്കെ കോട്ടയം മെഡി. കോളേജിലെ ഡോ. ഇക്ബാല്‍ സാറുമായിട്ടൊക്കെ ഈ ന്യൂറോ കാര്യങ്ങളൊക്കെ ഞാന്‍ സംസാരിക്കുകയൊക്കെ ചെയ്തിരുന്നു.

കാഴ്ച എഴുതി കഴിഞ്ഞപ്പോഴാണ് തന്മാത്ര എഴുതാന്‍ പറ്റുമെന്ന തോന്നല്‍ ഉണ്ടായത്. എന്നിട്ടും ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടായിരുന്നു. എന്റെ രണ്ടാമത്തെ സിനിമ എന്നുള്ള രീതിയില്‍ ഒത്തിരി മെഡിക്കല്‍ ടേംസും കോംപ്ലിക്കേഷനും ഉള്ള സിനിമയാണ്.

പ്രത്യേകിച്ച് മോഹന്‍ലാല്‍ എന്ന സൂപ്പര്‍സ്റ്റാര്‍, അല്ലെങ്കില്‍ വലിയൊരു നടന്‍ എന്ന രീതിയില്‍ നിര്‍മാതാക്കള്‍ക്ക് ഒരു ധാരണ ഉണ്ടായിരുന്ന സമയത്താണ് ഇങ്ങനെയൊരു കഥാപാത്രമായി അദ്ദേഹം വരുന്നത്.

ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട് തന്മാത്രയിലെ രമേശന്‍ നായരുടെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ പോലും ഒരു സമരജാഥയില്‍ ഏറ്റവും പുറകില്‍ നടക്കുന്ന ആളായിട്ടാണ്.

സാധാരണ ഒരു നായകനാണെങ്കില്‍ മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിച്ച് നടക്കുക അദ്ദേഹമായിരിക്കും. എനിക്ക് ലാലേട്ടനെ ആദ്യമായിട്ട് എന്റെ സിനിമയിലേക്ക് ഇന്‍ട്രൊഡ്യൂസ് ചെയ്യാന്‍ പറ്റിയ ആദ്യ ഫ്രേം അതായിരുന്നു.

നിര്‍മാതാക്കളൊക്കെ പിന്‍വാങ്ങിപ്പോയപ്പോഴൊക്കെ ഞാന്‍ നിരാശനായി. കാഴ്ചയ്ക്ക് ശേഷം ഇനി ഒരു സിനിമയുണ്ടാകില്ലെന്ന് വിചാരിച്ച് വളരെ നിരാശയോടെയാണ് ഞാന്‍ ലാലേട്ടനെ കാണാന്‍ നരന്‍ സിനിമയുടെ ലൊക്കേഷനിലേക്ക് പോവുന്നത്.

അവിടെ വെച്ചാണ് ഈ സിനിമ അദ്ദേഹത്തിന് നരേറ്റ് ചെയ്ത് കേള്‍പ്പിക്കുന്നത്. ഇത് കേട്ട ശേഷം നിര്‍മാതാവിനെ ലാലേട്ടന്‍ നേരിട്ട് വിളിച്ച് സംസാരിക്കുകയാണ് ചെയ്തത്.

ഇതില്‍ നിന്ന് ഒരു വരി മാറ്റി എഴുതിയാല്‍ ഈ സിനിമയില്‍ അഭിനയിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മറ്റാരുടേയും ഇടപെടല്‍ ഇല്ലാതെ ആ സിനിമയിലൂടെ അത്രയധികം ശക്തമായി ആ വിഷയം സംസാരിക്കാന്‍ കഴിഞ്ഞത് മോഹന്‍ലാല്‍ എന്ന നടന്റെ വലിയ പിന്തുണ ഒന്നുകൊണ്ടാണ്,’ ബ്ലെസി പറഞ്ഞു.

Content highlight: Blessy about Thanmathra Movie and Mohanlal