തിരുവനന്തപുരം: പി.എം ശ്രീയില്‍ കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേന്ദ്രം ഭരിക്കുന്ന ബി.ജെപി സര്‍ക്കാരിനെ പേടിയാണ് പിണറായിക്ക് എന്നും ഏകപക്ഷീയമായാണ് സര്‍ക്കാര്‍ പി.എം ശ്രീ വിഷയത്തില്‍ തീരുമാനമെടുത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സി.പി.ഐയുടെ എതിര്‍പ്പ് വകവെയ്ക്കാതെ സംസ്ഥാന സര്‍ക്കാര്‍ പി.എം ശ്രീയില്‍ ഒപ്പുവെച്ചതിനെതിരെയും വി.ഡി സതീശന്‍ വിമര്‍ശനമുന്നയിച്ചു. സി.പി.ഐയുടെ അഭിപ്രായം കാറ്റില്‍ പറത്തിയാണ് ഈ തീരുമാനം.
സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ ബേബിയുടെ എതിര്‍പ്പ് വകവെയ്ക്കാതെയാണ് കേരളത്തിലെ നേതൃത്വം പി.എം ശ്രീക്ക് അനുകൂലമായ നിലപാടെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
‘വിദ്യാഭ്യാസ രംഗത്ത് ആര്‍.എസ്.എസ് നടപ്പാക്കുദ്ദേശിക്കുന്ന അജണ്ട സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നു. സി.പി.ഐ.എമ്മിന് സി.പി.ഐയേക്കാള്‍ വലുതാണ് ബി.ജെ.പി’, സതീശന്‍ വിമര്‍ശിച്ചു.
ഇതിനിടെ യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് സി.പി.ഐയെ യു.ഡി.എഫ് മുന്നണിയിലേക്ക് ക്ഷണിച്ചുകൊണ്ട് രംഗത്തെത്തി. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സമ്മതിച്ചാല്‍ ചര്‍ച്ചയ്ക്ക് താന്‍ തയ്യാറാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
എതിര്‍പ്പുകള്‍ രൂക്ഷമാകുന്നതിനിടെ വിദ്യാഭ്യാസ വകുപ്പ് പി.എം ശ്രീ നടപ്പാക്കുന്നതിനുള്ള കൂടുതല്‍ നടപടികളിലേക്ക് കടന്നു. പി.എം ശ്രീയില്‍ ഉള്‍പ്പെടുത്തേണ്ട സ്‌കൂളുകളുടെ പട്ടിക തയ്യാറാക്കാന്‍ ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, സി.പി.ഐയുടെ അടക്കം കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പി.എം ശ്രീക്ക് കൈകൊടുത്തിരിക്കുന്നത്. പിന്നാലെ എതിര്‍പ്പ് പരസ്യപ്പെടുത്തി സി.പി.ഐ രംഗത്തെത്തി.
ഇടതുമുന്നണി പോവേണ്ട വഴി ഇതല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. മുന്നണി മര്യാദയുടെ ലംഘനമാണ് സംഭവിച്ചതെന്നും സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യുമെന്നും ബിനോയ് വിശ്വം അറിയിച്ചിരുന്നു.
കഴിഞ്ഞദിവസമാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറി ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഒപ്പുവെച്ചതിന് പിന്നാലെ തടഞ്ഞുവെച്ച ഫണ്ട് കേരളത്തിന് അനുവദിക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു.
പദ്ധതിയില്‍ ഒപ്പുവെച്ചതിലൂടെ 1500 കോടിയുടെ എസ്.എസ്.എ ഫണ്ട് കേരളത്തിന് ലഭ്യമാകും. മൂന്ന് വര്‍ഷത്തോളം നീണ്ട എതിര്‍പ്പുകള്‍ക്കൊടുവിലാണ് സംസ്ഥാനം പി.എം ശ്രീയില്‍ ഒപ്പുവെച്ചത്. കേരളത്തിന് അര്‍ഹതപ്പെട്ട ഫണ്ട് നഷ്ടപ്പെടുത്തേണ്ടതില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ വിഷയത്തില്‍ സ്വീകരിച്ചതെന്ന് എസ്.എഫ്.ഐ പ്രതികരിച്ചിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ എന്ന പദ്ധതിയാണ് പി.എം ശ്രീയെന്ന് അറിയപ്പെടുന്നത്. 14,500ഓളം സ്‌കൂളുകളെ മാതൃകാ വിദ്യാഭ്യാസ സ്ഥാപനങ്ങളായി ഉയര്‍ത്താനും വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ സംരംഭമാണ് പി.എം ശ്രീ. 2022ലാണ് പദ്ധതി ആരംഭിച്ചത്. ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പി.എം ശ്രീ അവതരിപ്പിച്ചത്.
Content Highlight: BJP is bigger than CPI for CPI-M; Trying to implement RSS agenda: VD Satheesan