തിയേറ്ററുകളിൽ അതിഗംഭീര പ്രതികരണങ്ങളുമായി മുന്നേറുന്ന ചിത്രമാണ് തുടരും. മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം 100 കോടി ക്ലബ്ബിൽ കയറി. ചിത്രത്തിൽ എല്ലാവരും ഒരുപോലെ പ്രശംസിച്ച കഥാപാത്രമായിരുന്നു സി.ഐ. ജോർജ് മാത്തൻ. നിരവധി പരസ്യ ചിത്രങ്ങളൊരുക്കിയ പ്രകാശ് വർമയാണ് ജോർജ് മാത്തനായി വേഷമിട്ടത്.
ഇപ്പോൾ പ്രകാശ് വർമയെ കുറിച്ച് സംസാരിക്കുകയാണ് നടനും സഹ സംവിധായകനുമായ ബിനു പപ്പു. തുടരും എന്ന ചിത്രത്തിന്റെ സംവിധായകൻ തരുൺ മൂർത്തിയാണ് പ്രകാശ് വർമയെ കണ്ടുപിടിച്ചതെന്നും സംസാരിക്കാൻ പോയതെന്നും ബിനു പപ്പു പറയുന്നു.
പ്രകാശിന്റെ അടുത്ത് കഥ പറയുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യയും അടുത്തുണ്ടായിരുന്നുവെന്നും കൊണ്ടുപോകുന്ന പോലെതന്നെ തിരിച്ച് കൊണ്ടുവരണമെന്ന ഒറ്റ ഡിമാൻഡ് മാത്രമാണ് ഉണ്ടായിരുന്നതെന്നും ബിനു പറഞ്ഞു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബിനു പപ്പു.
‘അഭിനയിക്കുമോ ഇല്ലയോ എന്നതൊന്നും തരുണിൽന് വിഷയമേ അല്ലായിരുന്നു. ‘ആളെ കൊണ്ടുവാ’ എന്നാണ് തരുൺ പറഞ്ഞത്. അവന് ഈ ക്യാരക്ടർ കിട്ടിയാൽ അവനതിന് പിന്നിൽ നടന്നോളും. അവൻ തന്നെയാണ് പ്രകാശ് വർമയിലേക്ക് എത്തുന്നത്. പ്രകശേട്ടനെ പോയി കണ്ടതും സംസാരിക്കുന്നതും എല്ലാം തരുൺ തന്നെയാണ്.
പുള്ളിയെ കാണാൻ വേണ്ടി പോയപ്പോൾ അദ്ദേഹത്തിൻ്റെ ഭാര്യയും ഉണ്ടായിരുന്നു കഥ കേൾക്കാൻ. ഒറ്റൊരു ഡിമാൻഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, കൊണ്ടുപോകുന്ന പോലെതന്നെ തിരിച്ച് കൊണ്ടുവരണമെന്ന്. ഈ അടിയും ഇടിയും എല്ലാം പറഞ്ഞപ്പോൾ ചേച്ചിക്ക് പേടിയായി. അദ്ദേഹം സിനിമയിൽ അഭിനയിച്ചിട്ടില്ലെന്നേ ഉള്ളൂ. ഡബ്ബ് ചെയ്തിട്ടുണ്ടായിരുന്നു. ഒരുവിധം പ്രധാനപെട്ട പരസ്യങ്ങളെല്ലാം ചെയ്തതും പ്രകാശേട്ടനാണ്,’ ബിനു പപ്പു പറയുന്നു.